Towhidjakerali

ക്യാച്ചുകള്‍ കൈവിട്ട് രോഹിത്തും ഹാര്‍ദ്ദിക്കും, ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് കരകയറുവാന്‍ അനുവദിച്ച് ഇന്ത്യ

ഒരു ഘട്ടത്തിൽ 35/5 എന്ന നിലയിലേക്ക് വീണ ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വലിയ നാണക്കേടിനെ അഭിമുഖീകരിച്ച ബംഗ്ലാദേശിന്റെ തിരിച്ചുവരവ് ഒരുക്കി ഇന്ത്യന്‍ ഫീൽഡര്‍മാര്‍. രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും നിര്‍ണ്ണായക ഘട്ടത്തിൽ ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ ഇന്ത്യയ്ക്കെതിരെ 228 റൺസ് നേടി ബംഗ്ലാദേശ്. ഇന്ത്യയ്ക്കെതിരെ ഇത് വലിയ മികവുറ്റ സ്കോറായി കണക്കാക്കാനാകില്ലെങ്കിലും നൂറ് പോലും കടക്കില്ലെന്ന് കരുതിയ ടീമിന് ഇത് ഏറെ ആത്മവിശ്വാസം നൽകുന്ന തിരിച്ചുവരവായി മാറുവാനാണ് സാധ്യത.

ആദ്യ ഓവറിലെ അവസാന പന്തിൽ സൗമ്യ സര്‍ക്കാരിനെ മൊഹമ്മദ് ഷമിയും തൊട്ടടുത്ത ഓവറിൽ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ ഹര്‍ഷിത് റാണയും പുറത്താക്കുമ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ ബോര്‍ഡിൽ വെറും 2 റൺസായിരുന്നു.

മെഹ്ദി ഹസന്റെ വിക്കറ്റ് ഷമി നേടിയപ്പോള്‍ ബംഗ്ലാദേശ് 26/3 എന്ന നിലയിലേക്ക് വീണു. തന്‍സിദിനെയും മുഷ്ഫിക്കുറിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അക്സറിന് ഹാട്രിക് അവസരം ലഭിച്ചുവെങ്കിലും ജാക്കര്‍ അലിയുടെ ക്യാച്ച് കൈവിട്ട് രോഹിത് ആ അവസരം നഷ്ടപ്പെടുത്തി.

35/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് പിന്നീട് 154 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്. തൗഹിദ് ഹൃദോയുടെ ക്യാച്ച് ഹാര്‍ദ്ദിക്കും കൈവിട്ടപ്പോള്‍ ഫീൽഡിംഗിലെ ഇന്ത്യയുടെ മോശം പ്രകടനം തുടര്‍ന്നു.

ഒടുവിൽ 43ാം ഓവറിൽ മൊഹമ്മദ് ഷമി ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 68 റൺസ് നേടിയ ജാക്കര്‍ അലിയുടെ വിക്കറ്റാണ് ഷമി നേടിയത്. തൗഹിദ് 100 റൺസ് നേടി.  ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി. ഹര്‍ഷിത് റാണ 3 വിക്കറ്റും നേടി.

Exit mobile version