Kidscc

49 പന്തിൽ 85 റൺസുമായി പുറത്താകാതെ ഫര്‍സാന്‍, ടിസിയുവിനെ പരാജയപ്പെടുത്തി കിഡ്സ് സിസി

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മികച്ച വിജയം കുറിച്ച് കിഡ്സ് സിസി. ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെതിരെ 5 വിക്കറ്റ് വിജയം കിഡ്സ് കുറിച്ചപ്പോള്‍ ഫര്‍സാന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ടിസിയു 209 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ 28 ഓവറിൽ നിന്ന് നേടിയത്. വിശ്വജിത്ത് 40 പന്തിൽ 72 റൺസ് നേടിയപ്പോള്‍ 17 പന്തിൽ 33 റൺസുമായി സഞ്ജയ് മോഹനും തിളങ്ങി.പദ്മനാഭന്‍ 28 റൺസും അഖിൽ 22 റൺസും ടിസിയുവിനായി നേടി.  കിഡ്സിന് വേണ്ടി ബൗളിംഗിൽ അഖിൽ കൃഷ്ണന്‍ 3 വിക്കറ്റും ഉണ്ണികൃഷ്ണന്‍ 2 വിക്കറ്റും നേടി.

കിഡ്സിനായി ഫര്‍സാന്‍ പുറത്താകാതെ 49 പന്തിൽ 85 റൺസ് നേടിയപ്പോള്‍ 26 പന്തിൽ നിന്ന് പുറത്താകാതെ 37 റൺസ് നേടിയ കൃഷ്ണദേവനും നിര്‍ണ്ണായക സംഭാവന നൽകിയപ്പോള്‍ ടീം 25.1 ഓവറിൽ 213 റൺസ് നേടി 5 വിക്കറ്റ് വിജയം കുറിച്ചു. 32 റൺസ് നേടിയ റിതു കൃഷ്ണന്‍ ആണ് കിഡ്സിന്റെ മറ്റൊരു പ്രധാന സ്കോറര്‍. ടിസിയുവിനായി ജിക്കു ബ്രൈറ്റ് 2 വിക്കറ്റ് നേടി.

Exit mobile version