പകരം വീട്ടുവാന്‍ ഹീറ്റ് ഹറികെയിന്‍സിനെ നേരിടുന്നു

ബിഗ് ബാഷില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മത്സരത്തിന്റെ ആവര്‍ത്തനമാണ് ഇന്ന് വീണ്ടും നടക്കാന്‍ പോകുന്നത്. അന്ന് ഏറെ വിവാദമായ തീരുമാനമെല്ലാമുണ്ടായ മത്സരത്തില്‍ മൂന്ന് റണ്ണിന്റെ വിജയം ഹറികെയിന്‍സിനു സ്വന്തമാക്കാനായെങ്കില്‍ ഇന്ന് അതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ഹീറ്റ് ഇറങ്ങുക. പോയിന്റ് പട്ടികയില്‍ 8 പോയിന്റ് വീതമുള്ള ടീമുകളാണ് ഹീറ്റും ഹറികെയിന്‍സും. ഹീറ്റിനെ അപേക്ഷിച്ച് ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളു എന്നൊരു ആനുകൂല്യം ഹറികെയിന്‍സിനുണ്ട്. നാലാം സ്ഥാനത്തുള്ള ഹീറ്റ്സിനും അഞ്ചാം സ്ഥാനത്തുള്ള ഹറികെയിന്‍സിനും ഇന്നത്തെ വിജയം നേടിക്കൊടുക്കുവാന്‍ പോകുന്നത് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനമാവും. മികച്ച റണ്‍റേറ്റിലുള്ള വിജയമാണെങ്കില്‍ രണ്ടാം സ്ഥാനവും വിദൂരമല്ല എന്നതാണ് ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഹീറ്റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹറികെയിന്‍സിന്റെ ഡി’ആര്‍ക്കി ഷോര്‍ട്ട് തന്റെ മികച്ച ഫോമിലാണ് കളിക്കുന്നത്. ബൗളിംഗില്‍ കള്‍ട്ട് ഹീറോ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യവും ടീമിനെ ആരാധകര്‍ക്കിടയില്‍ പ്രിയമുള്ളതാക്കുന്നുണ്ട്. ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്നതും ഇനിയങ്ങോട്ടുള്ള പ്രകടനം ടീമുകള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുകയാണ്.

ബ്രിസ്ബെയിന്‍ ഹീറ്റ്: സാം ഹേസ്ലെറ്റ്, ബ്രണ്ടന്‍ മക്കല്ലം, ജോ ബേണ്‍സ്, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ജിമ്മി പിയേര്‍സണ്‍, മാര്‍ക്ക് സ്റ്റെകീറ്റേ, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗാനനണ്‍, യസീര്‍ ഷാ, മിച്ചല്‍ സ്വെപ്സണ്‍

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, മാത്യൂ വെയിഡ്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, സൈമണ്‍ മിലെങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയ്സ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version