അങ്ങനെ നീണ്ട 16 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം ആഫ്രിക്കക്കെതിരെ സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയക്ക് ഒരു പരമ്പര വിജയം! ബോക്സിങ് ഡേ ടെസ്റ്റിൽ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 189 റൺസിനെതിരെ 575/8 എന്ന് പടുകൂറ്റൻ ലീഡ് നേടിയ ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ ആഫ്രിക്കയെ 204 റൺസിന് ചുരുട്ടികെട്ടിയാണ് ഇന്നിംഗ്സിന്റെയും 182 റൺസിന്റെയും തകർപ്പൻ വിജയം കരസ്ഥമാക്കിയത്.
15/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ആഫ്രിക്കക്ക് ടീം സ്കോർ 47ൽ നിൽക്കെ സാരെൽ എർവിയെ (21 റൺസ്) നഷ്ടമായി. മുറിവേറ്റ വിരലുമായി പന്തെറിഞ്ഞ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുടുക്കിയാണ് ആഫ്രിക്കൻ ഓപ്പണറെ പവലിയനിലേക്ക് മടക്കിയത്. ടീം സ്കോർ 57ൽ ഡി ബ്ര്യൂൺ (28 റൺസ്) ബോലന്റിന്റെ പന്തിൽ സെക്കന്റ് സ്ലിപ്പിൽ സ്മിത്തിന് പിടികൊടുത്ത് മടങ്ങി. തുടർന്ന് വന്ന ഖായ സോണ്ടു ഒരു റണ്ണിന് റണ്ണൗട്ടായി മടങ്ങുമ്പോൾ ടീം സ്കോർ 65/4. പിന്നീട് ടെമ്പ ബാവുമയും വിക്കറ്റ് കീപ്പർ കയിൽ വെറീൻ ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ഈ കൂട്ടുകെട്ട് മാത്രമാണ് ആഫ്രിക്കയുടെ ഇന്നിംഗ്സിലെ ഏക ഹൈലൈറ്റ്. 33 റൺസെടുത്ത വെറീൻ ബോലന്റിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. തുടർന്ന് വന്ന മർകോ ജാൻസനും ലിയോണിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് വന്ന് കേശവ് മഹാരാജ് മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറുന്നിതിനിടെ ബാവുമയുടെ പിഴവ് കാരണം റണ്ണൗട്ട് ആയി. തൊട്ടടുത്ത ഓവറിൽ തന്നെ ബാവുമയും അനാവിശ്യ ഷോട്ടിന് ശ്രമിച്ച് ലിയോണിനെ വിക്കറ്റ് നൽകി പുറത്തായി. 65 റൺസ് ബാവുമ പുറത്താവുമ്പോൾ ടീം സ്കോർ 176/8. രബാഡയേയും നഖിഡിയേയും അടുത്ത ഏഴോവറിൽ തന്നെ എറിഞ്ഞിട്ട് ഓസ്ട്രേലിയ വിജയം സ്വന്തമാക്കി.
2005-06 പരമ്പരക്ക് ശേഷം ആദ്യമായണ് ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കക്ക് എതിരെ നാട്ടിൽ ഒരു പരമ്പര വിജയിക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ തുടർച്ചയായ മൂന്ന് പരമ്പര വിജയവുമായെത്തിയെ സൗത്ത് ആഫ്രിക്കൻ റെക്കോർഡ് ഇവിടെ അവസാനിച്ചു. ഇനി സിഡ്നിയിലെ അവസാന ടെസ്റ്റിൽ ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനുള്ള ആഫ്രിക്കൻ പ്രതീക്ഷകളക്ക് ഫലമേകില്ല. ജനുവരി നാലിനാണ് പരമ്പരയിലെ അടുത്ത മത്സരം.