ഇംഗ്ലണ്ട് ജയം ഉറപ്പാക്കി ഹെയില്‍സ്, പരമ്പരയില്‍ ഒപ്പം

- Advertisement -

ഇന്ത്യയ്ക്കെതിരെ പൊരുതി നേടിയ ജയവുമായി ഇംഗ്ലണ്ട്. അലക്സ് ഹെയില്‍സിന്റെയും ജോണി ബൈര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ ബാറ്റിംഗാണ് ഇരു ഭാഗത്തേക്കും മാറി മറിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനു അഞ്ച് വിക്കറ്റ് ജയം നേടിക്കൊടുത്തത്. ഇന്ത്യ നല്‍കിയ 149 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനും തുടക്കത്തിലെ വിക്കറ്റുകള്‍ വീണു.

44/3 എന്ന നിലയില്‍ നിന്ന് മോര്‍ഗന്‍-ഹെയില്‍സ് കൂട്ടുകെട്ടും പിന്നീട് ബൈര്‍സ്റ്റോ-ഹെയില്‍സ് കൂട്ടുകെട്ടുമാണ് ഇംഗ്ലണ്ടിനെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയത്. മോര്‍ഗന്‍ 17 റണ്‍സ് നേടിയപ്പോള്‍ ബൈര്‍സ്റ്റോ 18 പന്തില്‍ 28 റണ്‍സ് നേടി. അതി വേഗത്തില്‍ ബൈര്‍സ്റ്റോ സ്കോറിംഗ് തുടര്‍ന്നതും ഇംഗ്ലണ്ടിനു തുണയായി.

കുല്‍ദീപ് യാദവ് എറിഞ്ഞ 17ാം ഓവറില്‍ 2 സിക്സ് ഉള്‍പ്പെടെ 16 റണ്‍സ് നേടി ബൈര്‍സ്റ്റോയാണ് കളിയെ ഇംഗ്ലണ്ടിന്റെ പക്ഷത്തേക്ക് തിരിച്ചതെങ്കിലും തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ബൈര്‍സ്റ്റോയെ മടക്കിയയച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. അവസാന മൂന്നാവറില്‍ 23 റണ്‍സാണ് ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുനല്‍കി ഭുവനേശ്വര്‍കുമാര്‍ അവസാന രണ്ടോവറിലെ ലക്ഷ്യം 20 റണ്‍സാക്കി മാറ്റുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ 8 റണ്‍സ് ഇംഗ്ലണ്ട് നേടിയപ്പോള്‍ അവസാന ഓവര്‍ ലക്ഷ്യം 12 റണ്‍സായി കുറഞ്ഞു. ഭുവനേശ്വര്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി അലക്സ് ഹെയില്‍സ് തന്റെ അര്‍ദ്ധ ശതകവും ലക്ഷ്യം അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സായി ചുരുക്കി.

തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടിയ ഹെയില്‍സ് മൂന്നാം പന്തില്‍ സ്കോറുകള്‍ ഒപ്പമെത്തിച്ചു. നാലാം പന്ത് ഡേവിഡ് വില്ലി ഡീപ് മിഡ് വിക്കറ്റിലേക്ക് പായിച്ച് ഇംഗ്ലണ്ടിനു ജയവും പരമ്പരയില്‍ ഒപ്പമെത്തുവാനും സഹായിച്ചു. ഹെയില്‍സ് 58 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വില്ലി 3 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement