ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഛത്തീസ്ഗഢിനെ 7 വിക്കറ്റിന് തോൽപ്പിച്ച് സഞ്ജുവും കൂട്ടരും. 126 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം വെറും 19.1 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു.

ഏകദിന ശൈലിയിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഓപ്പണർമാരായ പൊന്നൻ രാഹുലും, രോഹൻ കുന്നുമ്മലും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ഛത്തീസ്ഗഢ് ബൗളർമാരെ കടന്നാക്രമിച്ചു. കേവലം 27 പന്തിൽ, 2 സിക്സറും, 5 ഫോറുകളുമടക്കമാണ് രോഹൻ 40 റൺസ് നേടിയത്. അജയ് മണ്ഡലിന്റെ പന്തിൽ ഷാനവാസ് ഹുസൈൻ സ്റ്റമ്പ് ചെയ്താണ് രോഹൻ പുറത്തായത്.

തൊട്ടടുത്ത ഓവറിൽ തന്നെ, ഒരു റണ്ണിന് സച്ചിൻ ബേബിയെ നഷ്ടമായ കേരളത്തിനായി അക്ഷയ് ചന്ദ്രൻ ക്രീസിലേക്കെത്തിയെങ്കിലും 10 റൺസ് കൂട്ടിച്ചേർക്കാനെ താരത്തിന് ആയൊള്ളു. സന്ദർശകർക്കായി ഈ രണ്ട് വിക്കറ്റുകളും നേടിയത് സുമിത് റുയികറാണ്.

തുടർന്ന് ഈ മത്സരത്തിലെ കേരളത്തിന്റെ വിജയശില്പി ജലജ് സക്സേന രാഹുലിന് കൂട്ടായെത്തി. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റും, രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റുമടക്കം 11 വിക്കറ്റ് നേടിയ സക്സേനയാണ് ഛത്തീസ്ഗഢ് ബാറ്റിംഗിനെ ചുരുട്ടി കൂട്ടിയത്. ഇന്ന് അഞ്ച് പന്തുകൾ മാത്രം നേരിട്ട സക്സേനയെ സാക്ഷി നിർത്തി, രാഹുൽ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. 58 പന്തിൽ 3 സിക്സറുകളും, 5 ഫോറുകളും അടക്കമാണ് പൊന്നൻ രാഹുൽ 66* റൺസ് നേടിയത്.
ആദ്യ മത്സരം ജാർഖണ്ഡിനെ തോൽപ്പിച്ചെങ്കിലും, കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് ലീഡ് വഴങ്ങിയ കേരളം സമനില മാത്രമാണ് നേടിയത്. ഇനി ഗോവയും, പിന്നീട് കർണ്ണാടകയുമാണ് കേരളത്തിന്റെ എതിരാളികൾ. ശ്രീലങ്കൻ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ സേവനം അടുത്ത മത്സരത്തിൽ കേരളത്തിന് ലഭിക്കില്ല. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കരായ ഛത്തീസ്ഗഢിനെതിരായ ഈ വിജയം കേരളത്തിന്റെ സാധ്യതകളേയും, ആത്മവിശ്വാസത്തെയും ഉയർത്തുമെന്ന് തീർച്ച.