വിംബിൾഡണും, ഓസ്‌ട്രേലിയൻ ഓപ്പണും അവസാന സെറ്റിൽ ടൈ ബ്രേക്കർ നിയമം കൊണ്ടുവന്നേക്കും. നിലവിൽ വർഷത്തിലെ നാല് ഗ്രാൻഡ്സ്ലാമുകളിൽ യുഎസ് ഓപ്പണിൽ മാത്രമാണ് അവസാന സെറ്റിൽ ടൈബ്രേക്കർ ഉള്ളത്. ഡബിൾസ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണും, ഫ്രഞ്ച് ഓപ്പണും അവസാന സെറ്റ് ടൈ ബ്രേക്കർ നിയമമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
അവസാന സെറ്റിൽ ടൈ ബ്രേക്കർ നിലവിൽ വരുന്നത് ടെന്നീസിനെ കൂടുതൽ സുന്ദരമാക്കുമെന്നും കളിക്കാർക്ക് ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. നിലവിൽ ടോപ്പ് ടെന്നിൽ തന്നെ നിരവധി കളിക്കാർ പരിക്ക് മൂലം ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതും ഇവർ ചൂണ്ടി കാണിക്കുന്നു. ഈ വർഷത്തെ വിംബിൾഡൺ സെമി ഫൈനൽ നീണ്ടുനിന്നത് ഏതാണ്ട് 7 മണിക്കൂർ സമയമാണ്. ജയിച്ച ആൻഡേഴ്‌സൻ ആകട്ടെ ഫൈനലിൽ കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല.
എടിപിയിൽ അംഗമായ ആൻഡേഴ്‌സൻ, ആന്റി മറെയുടെയും, ജെയ്മി മറെയുടെയും അമ്മയായ ജൂഡി മറെ എന്നിവർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്തായാലും അടുത്ത ആഴ്ച ഫ്ലഷിങ് മെഡോയിൽ (യുഎസ് ഓപ്പൺ നടക്കുന്ന അരീന) വച്ച് നടക്കുന്ന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റുകളുടെ മീറ്റിങ്ങിൽ വിഷയം ചർച്ചയ്ക്ക് വയ്ക്കുമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നും കരുതുന്നവരാണ് അധികവും. ടെന്നീസ് പോലെ ശാരീരിക അദ്ധ്വാനം ധാരാളം വേണ്ടിവരുന്ന ഒരു കളിക്ക് ഇതുപോലുള്ള തിരുത്തലുകൾ അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ചും മസിൽ പവർ കോർട്ടുകളെ ഭരിക്കുന്ന ഈ നവീന കാലഘട്ടത്തിൽ.