ലേഗാനസിനോട് തോറ്റ് റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ യിൽ നിന്ന് പുറത്ത്. സാന്റിയാഗോ ബെർണാബുവിൽ 1-2 ന് തോറ്റാണ് റയൽ പുറത്തായത്. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് റയൽ ജയിച്ചിരുന്നെങ്കിലും ഇരു പാദങ്ങളിലുമായി സ്കോർ 2-2 ആയതോടെ എവേ ഗോൾ അടിസ്ഥാനത്തിൽ ലേഗാനസ് സെമി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ല ലീഗെയിൽ 13 ആം സ്ഥാനത്തിരിക്കുന്ന ലെഗാനസിനോട് തോറ്റ് പുറത്തായത് സിദാനും സംഘത്തിനും വൻ നാണക്കേടായി. ചരിത്രത്തിൽ ആദ്യമായാണ് റയൽ ലെഗാനസിനോട് തോൽവി വഴങ്ങുന്നത്.
താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തിയ സിദാന്റെ തീരുമാനം തിരിച്ചടിക്കുകയായിരുന്നു. റൊണാൾഡോയും ബെയ്‌ലും ആദ്യ ഇലവനിൽ ഇല്ലാതെയാണ് സിദാൻ ടീമിനെ ഇറക്കിയത്. ഹാവിയെർ ഹെറാസോ 25 വാര അകലെ നിന്ന് നേടിയ മനോഹര ഗോളിൽ ലെഗാനസ് ബെർണാബുവിൽ നിർണായക എവേ ഗോൾ നേടിയതോടെ ടൈ സ്കോർ 1-1 എന്ന നിലയിലായി. ആദ്യ പകുതിയിൽ ഏക ഗോളിന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ ബെൻസീമയുടെ ഗോളിൽ സമനില കണ്ടെത്തി ടൈ 2-1 ആക്കി. പക്ഷെ 55 ആം മിനുട്ടിൽ ഗബ്രിയേൽ പിറസ് ലഗാനസിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. എതിരാളികൾ രണ്ട് എവേ ഗോളുകൾ സ്വന്തമാക്കിയതോടെ ജയിക്കാൻ ഒരു ഗോൾ നേടണമെന്ന അവസ്ഥയിൽ സിദാൻ ലൂക്ക മോദ്‌റിച്, ,ബോയ മയൊരാൾ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും റയലിന് നിർണായകമായ ഗോൾ നേടാനായില്ല.
ല ലീഗെയിൽ ബാഴ്സക്ക് 19 പോയിന്റ് പിറകിലായി നാലാം സ്ഥാനത്താണ് റയൽ. നിലവിലെ സാഹചര്യത്തിൽ കോപ്പ ഡെൽ റേ യിൽ നിന്ന് കൂടെ പുറത്തായതോടെ സിദാന്റെ മേലുള്ള സമ്മർദ്ദം കടുത്തതാവും എന്ന് ഉറപ്പാണ്. ല ലീഗെയിൽ വലൻസിയക്ക് എതിരെയാണ് റയലിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial