വീണ്ടും പരിക്ക്; റിഷഭ് പന്ത് പരമ്പരയിൽ നിന്ന് പുറത്തേക്ക്!!

Rishad

Rishabh Pant

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശയിലാഴ്ത്തിക്കൊണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തേക്ക്. വഡോദരയിൽ ഇന്ന് (ഞായറാഴ്ച) ഒന്നാം ഏകദിനം തുടങ്ങാനിരിക്കെയാണ് പരിശീലനത്തിനിടെ പന്തിന് പരിക്കേറ്റത്.

Pant

ബിസിഎ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഓപ്ഷണൽ പരിശീലന സെഷനിടെയാണ് താരത്തിന് പരിക്കേറ്റത്. നെറ്റ്സിൽ ബാറ്റിംഗ് തുടരുന്നതിനിടെ സൈഡ് ആം സ്പെഷ്യലിസ്റ്റ് എറിഞ്ഞ പന്ത് പന്തിന്റെ ശരീരത്തിൽ ആഞ്ഞടിക്കുകയായിരുന്നു. വലതുവശത്തെ പേശികൾക്കുണ്ടായ സ്ട്രൈനും ആന്തരിക പേശികളിലെ ടിയറുമാണ് താരത്തിന് തിരിച്ചടിയായത്.

പരിക്കേറ്റ പന്തിനെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിക്കുകയും എംആർഐ (MRI) സ്കാനിംഗിന് വിധേയനാക്കുകയും ചെയ്തിരിന്നു. പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെത്തുടർന്ന് ഡോക്ടർ ദിൻഷാ പർദിവാല വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര താരത്തിന് പൂർണ്ണമായും നഷ്ടമാകും. തുടർചികിത്സകൾക്കും പുനരധിവാസത്തിനുമായി പന്ത് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിലേക്ക് പോകും. പന്തിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ തന്നെയാകും ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ് കീപ്പറെ ഉടനെ പ്രഖ്യാപിച്ചേക്കും.