റെക്കോർഡ് ലക്ഷ്യമിട്ട് വിരാട് കോഹ്‌ലി; സങ്കക്കാരയെ പിന്നിലാക്കാൻ 42 റൺസ് കൂടി

Rishad

Virat Kohli

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ചരിത്ര നേട്ടത്തിനരികെയാണ് വിരാട് കോഹ്‌ലി. ഇന്ന് വഡോദരയിൽ നടക്കുന്ന ഏകദിന മത്സരത്തിൽ 25 റൺസ് കൂടി നേടിയാൽ രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം താരമെന്ന ബഹുമതി കോഹ്‌ലിക്ക് സ്വന്തമാകും. സച്ചിൻ ടെണ്ടുൽക്കർ, കുമാർ സങ്കക്കാര എന്നിവർ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

മാത്രമല്ല, ഇന്ന് 42 റൺസ് കൂടി സ്കോർ ചെയ്താൽ കുമാർ സങ്കക്കാരയെ (28,016 റൺസ്) മറികടന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി കോഹ്‌ലി മാറും. സച്ചിൻ ടെണ്ടുൽക്കർ മാത്രമാകും പിന്നീട് കോഹ്‌ലിക്ക് മുന്നിലുണ്ടാവുക.

Shreyas Iyer

പരിക്ക് മാറിയെത്തിയ ഇന്ത്യൻ ഉപനായകൻ ശ്രേയസ് അയ്യരും ഒരു നാഴികക്കല്ലിനരികെയാണ്. ഏകദിന കരിയറിൽ 3,000 റൺസ് തികയ്ക്കാൻ ശ്രേയസ് അയ്യർക്ക് ഇനി വേണ്ടത് വെറും 83 റൺസാണ്. നിലവിൽ 67 ഇന്നിംഗ്‌സുകൾ കളിച്ച അയ്യർ, ഇന്നത്തെ മത്സരത്തിൽ ഈ നേട്ടം കൈവരിച്ചാൽ ഏറ്റവും വേഗത്തിൽ 3,000 ഏകദിന റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന ശിഖർ ധവാന്റെ (72 ഇന്നിംഗ്‌സ്) റെക്കോർഡ് തകർക്കും. ആഗോള തലത്തിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിനൊപ്പം (68 ഇന്നിംഗ്‌സ്) സംയുക്തമായി മൂന്നാം സ്ഥാനത്തെത്താനും അയ്യർക്ക് സാധിക്കും.

Shubman Gill

ടീം ഇന്ത്യയുടെ നായകൻ ശുഭ്മാൻ ഗില്ലും 3,000 റൺസ് ക്ലബ്ബിലേക്ക് അതിവേഗം അടുക്കുകയാണ്. ഈ നാഴികക്കല്ലിലെത്താൻ ഗില്ലിന് ഇനി 182 റൺസ് കൂടി വേണം. നിലവിൽ 58 ഇന്നിംഗ്‌സുകൾ മാത്രം പിന്നിട്ട ഗിൽ ഈ പരമ്പരയിൽ നേട്ടം കൈവരിച്ചാൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ താരമാകും. ലോക ക്രിക്കറ്റിൽ ഹാഷിം അംലയ്ക്ക് (57 ഇന്നിംഗ്‌സ്) പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും ഗില്ലിന് അവസരമുണ്ട്.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30-ന് വഡോദരയിലെ റിലയൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.