ഗുജറാത്ത് ജയന്റ്‌സിന്റെ ഈ സീസണിലെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായിരുന്ന യാസ്തിക ഭാട്ടിയ പരിക്കിനെത്തുടർന്ന് സീസണിൽ നിന്ന് പൂർണ്ണമായും പുറത്തായി. യാസ്തികയുടെ ലഭ്യത സംശയത്തിലാണെന്ന് ലേലത്തിന് മുൻപ് തന്നെ ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിരുന്നു. യാസ്തികയെ ടീമിലെടുക്കുന്നവർക്ക് പകരക്കാരെ അനുവദിക്കില്ലെന്ന നിബന്ധന നിലനിൽക്കെയാണ് ഗുജറാത്ത് ജയന്റ്‌സ് താരത്തെ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.

“യാസ്തികയുടെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു. അഞ്ചാം സീസണിൽ നീ ഗുജറാത്ത് ജയന്റ്‌സിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് ഗുജറാത്ത് കോച്ച് മൈക്കൽ ക്ലിംഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. എന്നാൽ നിബന്ധനകൾ പ്രകാരം യാസ്തികയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാൻ ഗുജറാത്തിന് സാധിക്കില്ല. ഇത് വരും മത്സരങ്ങളിൽ ടീമിന്റെ വിക്കറ്റ് കീപ്പിംഗ് മേഖലയെ ബാധിച്ചേക്കാം.
കഴിഞ്ഞ മൂന്ന് സീസണുകളിലും മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ത ഓപ്പണറായിരുന്ന യാസ്തിക ഇതാദ്യമായാണ് ഗുജറാത്തിലെത്തുന്നത്. മുംബൈയ്ക്കായി 28 മത്സരങ്ങളിൽ നിന്ന് 506 റൺസ് താരം നേടിയിട്ടുണ്ട്. ഇന്ന് നവി മുംബൈയിൽ നടന്ന ഗുജറാത്തിന്റെ ആദ്യ മത്സരത്തിന് ടീം ഉടമകൾക്കൊപ്പം ഗാലറിയിൽ യാസ്തിക ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയിരുന്നു. ആ മത്സരത്തിൽ ഗുജറാത്ത് 10 റൺസിന് വിജയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് സീസണുകളിലും ഫൈനലിൽ എത്താൻ സാധിക്കാത്ത ടീമുകളാണ് ഗുജറാത്ത് ജയന്റ്‌സും യുപി വാര്യേഴ്സും. ഈ വർഷം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്തിന് പ്രധാന താരത്തിന്റെ അഭാവം വലിയ വെല്ലുവിളിയാണ്.









