WPL 2026: നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ യുപി വാര്യേഴ്സിനെ 10 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്റ്സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചു. റൺമല തീർത്ത മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 208 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന യുപി വാര്യേഴ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർമാരായ ബെത്ത് മൂണിയും സോഫി ഡിവൈനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഡിവൈൻ (20 പന്തിൽ 38) അതിവേഗം റൺസ് കണ്ടെത്തി ഗുജറാത്തിന് അടിത്തറയിട്ടു. ബെത്ത് മൂണി (13) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അരങ്ങേറ്റ താരം അനുഷ്ക ശർമ്മ പക്വതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തിൽ 44 റൺസ് നേടിയ അനുഷ്ക, ഒരു ഗുജറാത്ത് താരം അരങ്ങേറ്റ മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും സ്വന്തമാക്കി.
പിന്നീട് കണ്ടത് നായിക ആഷ്‌ലി ഗാർഡനറുടെ തേരോട്ടമായിരുന്നു. വെറും 41 പന്തിൽ 65 റൺസ് അടിച്ചുകൂട്ടിയ ഗാർഡനർ ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. അവസാന ഓവറുകളിൽ ജോർജിയ വെയർഹാം (10 പന്തിൽ 27*), ഭാരതി ഫുൽമാലി (7 പന്തിൽ 14*) എന്നിവർ നടത്തിയ വെടിക്കെട്ടാണ് ഗുജറാത്ത് സ്കോർ 207-ൽ എത്തിച്ചത്. അവസാന 8 ഓവറിൽ മാത്രം 104 റൺസാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്.

കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ യുപി വാര്യേഴ്സിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. നായിക മെഗ് ലാനിംഗ് (30) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ ഫീബി ലിച്ച്‌ഫീൽഡ് നടത്തിയ പോരാട്ടമാണ് വാര്യേഴ്സിനെ മത്സരത്തിൽ നിലനിർത്തിയത്. വെറും 40 പന്തിൽ 8 ഫോറും 5 സിക്സറുമടക്കം 78 റൺസ് ലിച്ച്‌ഫീൽഡ് അടിച്ചുകൂട്ടി.
അവസാന ഓവറുകളിൽ ആശ ശോഭനയും (27*) ശ്വേത സെഹ്രാവതും (25) ആഞ്ഞുശ്രമിച്ചെങ്കിലും ഗുജറാത്ത് ബൗളർമാർ നിയന്ത്രണം കൈവിട്ടില്ല. അവസാന പന്തിൽ വിജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ യുപിക്ക് ലക്ഷ്യം കാണാനായില്ല.









