“ഒരു ലോകകപ്പ് കൊണ്ട് തീരില്ല!”; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഇന്ത്യൻ നായികമാർ!

Rishad

Smriti, Harmanpreet, WPL

മുംബൈ: ഏകദിന ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശത്തിലാണെങ്കിലും, ഇത് കൊണ്ട് ഒന്നും അവസാനിച്ചിട്ടില്ലെന്ന് നായിക ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും. വെറുമൊരു ലോകകപ്പ് കൊണ്ട് തൃപ്തരാകാൻ തങ്ങൾ തയ്യാറല്ലെന്നും വരാനിരിക്കുന്ന ടി-20 ലോകകപ്പാണ് അടുത്ത ലക്ഷ്യമെന്നും ഇന്ത്യൻ നായികമാർ വ്യക്തമാക്കി. വുമൺസ് പ്രീമിയർ ലീഗിന്റെ (WPL 2026) ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Smriti, Harmanpreet, India Women

ജൂണിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്ക് എത്താനുള്ള പ്രധാന വഴിയാണ് ഡബ്ല്യുപിഎൽ എന്ന് സ്മൃതി മന്ദാന ചൂണ്ടിക്കാട്ടി. “ഞങ്ങൾ ഏകദിന ലോകകപ്പ് നേടി, പക്ഷേ ഇനിയും മെച്ചപ്പെടാനുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ ടൂർണമെന്റുകളിൽ മാത്രമല്ല, കളിക്കുന്ന എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്തുന്ന ലോകത്തെ ഒന്നാം നമ്പർ ടീമാകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിലേക്കുള്ള ദൂരം കുറയ്ക്കാൻ ഡബ്ല്യു പി എൽ (WPL) സഹായിക്കും,” സ്മൃതി പറഞ്ഞു.

അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം കളിക്കുന്നത് യുവതാരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് ഹർമൻപ്രീത് നിരീക്ഷിച്ചു. “കളിക്കാർ ഇപ്പോൾ അവരുടെ കംഫർട്ട് സോണിലല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോൾ മുൻപുണ്ടായിരുന്ന ആ ഭയം ഇപ്പോൾ യുവതാരങ്ങൾക്കില്ല. ജയിക്കണമെന്ന വാശിയോടെയാണ് ഓരോരുത്തരും മൈതാനത്തിറങ്ങുന്നത്. വുമൺസ് പ്രീമിയർ ലീഗ് നൽകിയ ഏറ്റവും വലിയ മാറ്റം ഈ ‘വിന്നിംഗ് മൈൻഡ്‌സെറ്റ്’ ആണ്,” ഹർമൻപ്രീത് പറഞ്ഞു.

WPL-ലെ മികച്ച പ്രകടനം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വഴിതുറക്കുമെന്ന സൂചനയും സ്മൃതി നൽകി. ഏതെങ്കിലും യുവതാരം ഈ സീസണിൽ അസാധാരണ പ്രകടനം പുറത്തെടുത്താൽ ലോകകപ്പ് ടീമിൽ അവർക്ക് അവസരമുണ്ടാകുമെന്നും സ്മൃതി കൂട്ടിച്ചേർത്തു. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് പോരാട്ടം.