ഏദൻ ആപ്പിൾ ടോമിന് 6 വിക്കറ്റ്; വിജയ് ഹസാരെയിൽ ക്വാർട്ടർ ഉറപ്പിക്കാൻ കേരളത്തിന് വേണ്ടത് 295 റൺസ്

Rishad

Updated on:

Eden Apple Tom Kerala

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ ആവേശകരമായ പോരാട്ടത്തിൽ അയൽക്കാരായ തമിഴ്‌നാടിനെതിരെ കേരളത്തിന് 295 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണ് നേടിയത്. തമിഴ്‌നാട് നായകൻ എൻ. ജഗദീശന്റെ ഉജ്ജ്വല സെഞ്ച്വറിയും (139), കേരളത്തിന്റെ യുവ പേസർ ഏദൻ ആപ്പിൾ ടോമിന്റെ ആറ് വിക്കറ്റ് നേട്ടവുമാണ് അഹമ്മദാബാദിലെ ആദ്യ ഇന്നിംഗ്‌സിനെ ആവേശകരമാക്കിയത്.

N Jagadeesan, Tamil Nadu

കേരള ബൗളിംഗ് നിരയിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് യുവ പേസർ ഏദൻ ആപ്പിൾ ടോമാണ്. 9 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു മലയാളി താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നായി ഇത് മാറി. ഓപ്പണർ അതിഷിനെ (33) പുറത്താക്കി തുടങ്ങിയ ഏദൻ, പിന്നീട് സെഞ്ച്വറി വീരൻ ജഗദീശനെ (139) സൽമാൻ നിസാറിന്റെ കൈകളിൽ എത്തിച്ച് മത്സരം കേരളത്തിന് അനുകൂലമാക്കി. ഭൂപതി വൈഷ്ണ കുമാർ (35), സണ്ണി (8), മുഹമ്മദ് അലി (15), സോനു യാദവ് (0) എന്നിവരെയും പുറത്താക്കി ഏദൻ തന്റെ ആറ് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

സൂപ്പർ താരം സഞ്ജു സാംസണിന്റെ അസാന്നിധ്യത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങിയത്. മറുഭാഗത്ത് തമിഴ്‌നാട് നിരയിൽ വരുൺ ചക്രവർത്തിയും കളിക്കുന്നില്ല.

കേരളം: രോഹൻ കുന്നുമ്മൽ (c), കൃഷ്ണ പ്രസാദ്, മുഹമ്മദ് അസ്ഹറുദ്ദീൻ (wk), ബാബ അപരാജിത്, വിഷ്ണു വിനോദ്, അങ്കിത് ശർമ്മ, എം.ഡി നിധീഷ്, ബിജു നാരായണൻ എൻ, ഈഡൻ ആപ്പിൾ ടോം, സൽമാൻ നിസാർ, ഷറഫുദ്ദീൻ എൻ.എം.

തമിഴ്‌നാട്: എൻ. ജഗദീശൻ (c & wk), എസ്.ആർ അതിഷ്, ആന്ദ്രെ സിദ്ധാർത്ഥ്, ബാബ ഇന്ദ്രജിത്ത്, ഭൂപതി വൈഷ്ണ കുമാർ എം, എസ്. മുഹമ്മദ് അലി, ആർ. സോനു യാദവ്, സണ്ണി, ആർ. സായ് കിഷോർ, സച്ചിൻ രാതി, ഗുർജപ്നീത് സിംഗ്.