തിലക് വർമ്മയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി

Rishad

Updated on:

Tilak Varma

മുംബൈ: ടി-20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തി യുവതാരം തിലക് വർമ്മയുടെ പരിക്ക്. കഠിനമായ വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജനുവരി 8-ന് രാജ്‌കോട്ടിൽ വെച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇതോടെ ജനുവരി 21-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പര തിലക് വർമ്മയ്ക്ക് പൂർണ്ണമായും നഷ്ടമാകും. ഫെബ്രുവരി 7-ന് അമേരിക്കയ്‌ക്കെതിരെ തുടങ്ങുന്ന ലോകകപ്പ് പോരാട്ടത്തിന് മുൻപ് താരം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമോ എന്ന കാര്യത്തിൽ ബിസിസിഐ മെഡിക്കൽ സംഘം ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Tilak Varma

ശസ്ത്രക്രിയയ്ക്ക് ശേഷം തിലക് വർമ്മയ്ക്ക് ഏകദേശം 2 മുതൽ 4 ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. മധ്യനിരയിൽ ഇന്ത്യയുടെ നിർണ്ണായക താരമായ തിലകിന്റെ അഭാവം സെലക്ടർമാരെ പുതിയ ആലോചനകളിലേക്ക് നയിച്ചിരിക്കുകയാണ്. തിലകിന് പകരക്കാരനായി ടീമിലേക്ക് വരാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ശ്രേയസ് അയ്യറിനും ഋതുരാജ് ഗെയ്ക്‌വാദിനാണ്. ഫിറ്റ്നസ് വീണ്ടെടുത്ത അയ്യരും , ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഗെയ്ക്‌വാദും സെലക്ടർമാർക്ക് പ്രിയപ്പെട്ടവരാണ്. ഇവർക്ക് പുറമെ ഇഷാൻ കിഷൻ, റിയാൻ പരാഗ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

Gill Gambhir

ഈ സാഹചര്യത്തിൽ ടെസ്റ്റ്-ഏകദിന നായകൻ ശുഭ്മാൻ ഗില്ലിന്റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നുണ്ട്. ലോകകപ്പ് സ്ക്വാഡിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട ഗില്ലിനെ തിലകിന് പകരക്കാരനായി ടീമിലെടുക്കണമെന്ന ആവശ്യം ചില ആരാധകർക്കിടയിൽ ശക്തമാണ്. എന്നാൽ ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം ഗില്ലിനെ മടക്കിവിളിക്കാൻ സെലക്ടർമാർക്ക് ഇപ്പോഴും താല്പര്യമില്ല. മറ്റ് ഫോർമാറ്റുകളിൽ ഇന്ത്യയെ നയിക്കുന്ന ഒരു താരത്തെ ടി-20 ടീമിൽ ഉൾപ്പെടുത്തി ബെഞ്ചിലിരുത്തുന്നത് ഉചിതമല്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. മാത്രമല്ല, തിലക് വർമ്മ വേഗത്തിൽ സുഖം പ്രാപിച്ച് മടങ്ങിയെത്തിയാൽ ഗില്ലിനെ വീണ്ടും ഒഴിവാക്കേണ്ടി വരുന്നതും വലിയ വിവാദങ്ങൾക്ക് കാരണമായേക്കാം.

തിലക് വർമ്മയുടെ ആരോഗ്യസ്ഥിതി ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് (CoE) സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ ആര് പകരക്കാരനായി എത്തും എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.