ഐപിഎൽ 2026 സീസൺ തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആപ്പിലാക്കി ബിസിസിഐയുടെ സുപ്രധാന ഉത്തരവ്. ബംഗ്ലാദേശ് സൂപ്പർ പേസർ മുസ്തഫിസൂർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സുമായി ലേലത്തിൽ കടുത്ത പോരാട്ടം നടത്തി 9.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെയാണ് കെകെആറിന് ഇപ്പോൾ നഷ്ടമാകുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിലെ വിള്ളലുകളും സുരക്ഷാ ഭീഷണികളും കാരണമാണ് മുസ്തഫിസൂറിനെ മാറ്റാൻ ബിസിസിഐ നിർദ്ദേശിച്ചത്. ഇവിടെയാണ് ‘ഫോഴ്‌സ് മജൂർ’ (Force Majeure) എന്ന നിയമം കെകെആറിന് രക്ഷയാകുന്നത്. നിയന്ത്രണാതീതമായ കാരണങ്ങളാൽ കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് ഈ നിയമം ബാധകമാകുന്നത്. ബിസിസിഐയുടെ നേരിട്ടുള്ള ഇടപെടൽ മൂലം താരം പുറത്തുപോകുമ്പോൾ മുസ്തഫിസൂറിന് പ്രതിഫലം നൽകാൻ കെകെആർ ബാധ്യസ്ഥരല്ല.
ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നുള്ള പിഴവല്ലാത്തതിനാൽ, മുസ്തഫിസൂറിനായി ചിലവാക്കിയ 9.20 കോടി രൂപ കെകെആറിന്റെ ലേലം പഴ്സിലേക്ക് ബിസിസിഐ തിരികെ നൽകും. സാധാരണയായി ലേലത്തിന് ശേഷം പഴ്സിലെ തുക ലോക്ക് ചെയ്യാറാണുള്ളത്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ പണം തിരികെ ലഭിക്കുന്നത് കെകെആറിന് പുതിയൊരു വിദേശ പേസറെ വാങ്ങാൻ സഹായകമാകും.
പണം തിരികെ ലഭിക്കുമെങ്കിലും മുസ്തഫിസൂറിനെപ്പോലൊരു ‘ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിനെ’ ഈ സമയത്ത് കണ്ടെത്തുക എന്നത് കെകെആറിന് വെല്ലുവിളിയാണ്. രജിസ്റ്റർ ചെയ്ത താരങ്ങളുടെ പൂളിൽ നിന്ന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക അനുമതി നൽകിയിട്ടുണ്ട്. എങ്കിലും ടീമിന്റെ ബൗളിംഗ് പ്ലാനുകളെ ഈ മാറ്റം കാര്യമായി ബാധിച്ചേക്കാം.









