കോണ്ടെ പുറത്ത്, ചെൽസിയിൽ അന്റോണിയോ യുഗം അവസാനിച്ചു

- Advertisement -

പ്രതീക്ഷിച്ചത് സംഭവിച്ചു. അന്റോണിയോ കോണ്ടേയെ ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഈ സീസണിൽ എഫ് എ കപ്പ് നേടിയെങ്കിലും ടോപ്പ് 4 ഇൽ എത്താനാവാതെ പോയതും ചെൽസി ബോർഡുമായുള്ള അഭിപ്രായ വിത്യാസങ്ങളുമാണ് ഇറ്റലികാരന്റെ കസേര തെറിപ്പിച്ചത്.

മൗറീസിയോ സാരിയെ പരിശീലകനായി നിയമിക്കുന്നതിന് മുന്നോടിയായാണ് ചെൽസി കോണ്ടേയെ പുറത്താക്കിയത്. സാരിയെ പരിശീലകനായുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും

2016 ജൂലൈയിൽ ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്ത കോണ്ടേ തന്റെ ആദ്യ സീസണിൽ തന്നെ ചെൽസിയെ ലീഗ് ജേതാക്കളാക്കിയിരുന്നു. 38 ഇൽ 30 മത്സരങ്ങളും ജയിച്ച ചെൽസി ചരിത്രപരമായ കുതിപ്പാണ് ആ സീസണിൽ നടത്തിയത്. 3 സെൻട്രൽ ഡിഫൻഡേഴ്സുമായി കളിച്ച കോണ്ടേ ഇംഗ്ലണ്ടിൽ ഫോർമേഷനിൽ വിപ്ലവമാണ് സൃഷ്ടിച്ചത്. പല എതിരാളികളും അതേ ശൈലി ആവർത്തിക്കുകയും ചെയ്തു.

ലണ്ടനിൽ തന്റെ രണ്ടാം സീസണിൽ അത്ര നല്ല കാര്യങ്ങളല്ല കൊണ്ടേക്ക് നേരിടേണ്ടി വന്നത്. സ്ട്രൈക്കർ ഡിയഗോ കോസ്റ്റയോട് മെസേജ് വഴി ക്ലബ്ബ് വിടാൻ ആവശ്യപ്പെട്ടത് മുതൽ താൻ ആവശ്യപ്പെട്ട കളിക്കാരെ ബോർഡ് നൽകിയില്ല എന്ന രീതിയിലുള്ള പ്രസ്താവനകളും അദ്ദേഹം നടത്തിയതോടെ ടീമിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തു വന്നു. ലീഗിൽ തോൽവിയോടെ തുടങ്ങിയ ചെൽസി സീസൺ അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായി.

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു ജേതാക്കൾ ആയെങ്കിലും അദ്ദേഹം ചെൽസിയിൽ തുടരാൻ സാധ്യതയില്ല എന്നത് ഉറപ്പായിരുന്നു. മികച്ച റെക്കോർഡോടെ സ്റ്റാംഫോഡ് ബ്രിഡ്ജിനോട് വിട പറയാനായി എന്നത് കൊണ്ടേക്ക് അഭിമാനമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement