വിജയ് മെർച്ചൻ്റ് ട്രോഫി: കേരളത്തിന് മധ്യപ്രദേശിനോട് തോൽവി

ലഖ്നൌ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തെ 190 റൺസിന് തോല്പിച്ച് മധ്യപ്രദേശ്. 254 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 63 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെ ഓൾ റൌണ്ട് മികവാണ് മധ്യപ്രദേശിന് വിജയമൊരുക്കിയത്.

രണ്ട് വിക്കറ്റിന് 144 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെയും കനിഷ്ക് ഗൌതമിൻ്റെയും ഇന്നിങ്സുകളാണ് കരുത്തായത്. യഷ് വർധൻ 118 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കനിഷ്ക് 59 റൺസെടുത്തു. 141 പന്തിൽ എട്ട് ഫോറും മൂന്നും സിക്സും അടങ്ങുന്നതായിരുന്നു യഷ് വർധൻ്റെ ഇന്നിങ്സ്. സ്കോർ രണ്ട് വിക്കറ്റിന് 223 റൺസെന്ന നിലയിൽ നില്ക്കെ മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

തുടർന്ന് 254 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ കേരളത്തിൻ്റേത് അവിശ്വസനീയമായ ബാറ്റിങ് തകർച്ചയായിരുന്നു. 21 റൺസെടുത്ത നെവിൻ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 63 റൺസിന് കേരളം ഓൾഔട്ടായി. മധ്യപ്രദേശിന് വേണ്ടി യഷ് വർധൻ സിങ് ചൌഹാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അഞ്ജേഷ് പാൽ നാലും രാഹുൽ ഗാങ്വാർ ഒന്നും വിക്കറ്റ് വീഴ്ത്തി

വിജയ് മെർച്ചന്റ്; കേരളം മധ്യപ്രദേശിനെ 151 റൺസിന് പുറത്താക്കി

ലഖ്നൌ: വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെ 151 റൺസിന് പുറത്താക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ്.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. രണ്ടാം വിക്കറ്റിൽ യഷ് വർധനും കനിഷ്ക് ഗൌതമും ചേർന്ന് നേടിയ 57 റൺസാണ് മധ്യപ്രദേശ് ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. തുടർന്നെത്തിയവരിൽ 22 റൺസെടുത്ത ആർണവ് മാത്രമാണ് പിടിച്ചു നിന്നത്. കനിഷ്ക് 13 റൺസെടുത്തു. ഇവർക്ക് പുറമെ 14 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കരൺ തോമർ മാത്രമാണ് മധ്യപ്രദേശ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാല് വിക്കറ്റ് വീഴ്ത്തി. ഗൌതം പ്രജോദ് മൂന്നും തോമസ് മാത്യു രണ്ടും അബ്ദുൾ ബാസിദ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. നെവിൻ, ലെറോയ് ജോക്വിം ഷിബു, അർജുൻ ഹരി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി നിർത്തുമ്പോൾ മൂന്ന് റൺസോടെ ജൊഹാൻ ജിക്കുപാലും ഒരു റണ്ണോടെ ക്യാപ്റ്റൻ ഇഷാൻ രാജുമാണ് ക്രീസിൽ

വിജയ് മർച്ചൻ്റ് ട്രോഫി : കേരളം – ആന്ധ്ര മത്സരം സമനിലയിൽ

ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 186 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിൻ്റെ ഒന്നാം ഇന്നിങ്സ് 177 റൺസിന് അവസാനിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ആന്ധ്ര മൂന്ന് വിക്കറ്റിന് 84 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ലീഡ് വഴങ്ങുന്നത് ഒഴിവാക്കാനായില്ല. 14 റൺസുമായി ബാറ്റിങ് തുടർന്ന ഇഷാൻ കുനാലിലായിരുന്നു കേരളത്തിൻ്റെ പ്രതീക്ഷ. എന്നാൽ 41 റൺസെടുത്ത ഇഷാൻ കുനാൽ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 177 റൺസിന് കേരളത്തിൻ്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ഇഷാൻ കുനാൽ 41ഉം ദേവഗിരി 16 റൺസും നേടി. 24 റൺസെടുത്ത തോമസ് മാത്യുവും 22 റൺസെടുത്ത ഇഷാൻ രാജുമാണ് കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മറ്റ് ബാറ്റർമാർ. ആന്ധ്രയ്ക്ക് വേണ്ടി ടി തേജ മൂന്നും തോഷിത് യാദവ്, ഭാനു സ്വരൂപ്, രോഹൻ ഗണപതി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര അതിവേഗം 84 റൺസ് സ്കോർ ചെയ്ത് ഡിക്ലയർ ചെയ്തു. അബ്ദുള്‍ ബാസിദ് 3 വിക്കറ്റുകള്‍ വീഴ്ത്തി. രോഹൻ ഗണപതി 43 പന്തിൽ 50 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ലെറോയ് ജോക്വിൻ ഷിബുവിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരോവർ പൂർത്തിയായതോടെ വെളിച്ചക്കുറവിനെ തുടർന്ന് കളി അവസാനിക്കുകയായിരുന്നു.

വിജയ് മർച്ചൻ്റ് ട്രോഫി: കേരളത്തിന് എതിരെ ആന്ധ്ര 278 റൺസിന് പുറത്ത്

ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്. നേരത്തെ ആന്ധ്രയുടെ ആദ്യ ഇന്നിങ്സ് 278 റൺസിന് അവസാനിച്ചിരുന്നു,

മുൻനിര ബാറ്റർമാരിൽ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. 22 റൺസെടുത്ത ക്യാപ്റ്റൻ ഇഷാൻ രാജും 24 റൺസെടുത്ത തോമസ് മാത്യുവും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ആദ്യ മത്സരങ്ങളിൽ ടീമിൻ്റെ രക്ഷകനായ ഇഷാൻ കുനാൽ 14 റൺസോടെ ക്രീസിലുള്ളതാണ് കേരളത്തിൻ്റെ പ്രതീക്ഷ. റണ്ണൊന്നുമെടുക്കാതെ ദേവഗിരിയും ഇഷാനൊപ്പം ക്രീസിലുണ്ട്. ആന്ധ്രയ്ക്ക് വേണ്ടി തോഷിത് യാദവ്, ടി തേജ, ഭാനു സ്വരൂപ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആറ് വിക്കറ്റിന് 232 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആന്ധ്രയുടെ ഇന്നിങ്സ് അധികം നീട്ടാൻ കേരള ബൌളർമാർ അനുവദിച്ചില്ല. 278 റൺസിന് ആന്ധ്രയുടെ ഇന്നിങ്സിന് അവസാനമായി. നാല് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ ബാസിദും രണ്ട് വിക്കറ്റ് നേടിയ തോമസ് മാത്യുവുമാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്.

വിജയ് മർച്ചൻ്റ് ട്രോഫി: മേഘാലയയെ ഇന്നിംഗ്സിനും 391 റൺസിനും തോല്പിച്ച് കേരളം

വിജയ് മെർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒരിന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ വിജയം.

ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിൻ്റെയും തോമസ് മാത്യുവിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നല്കിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായെങ്കിലും തോമസ് മാത്യു കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്നു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസിൻ്റെ ഇന്നിങ്സ്. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. ഇന്നലെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൌധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ. 26ആം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയായിരുന്നു നന്ദൻ്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മെർച്ചൻ്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണ്ണായക പങ്കു വഹിച്ചിരുന്നു.

വിജയ് മർച്ചൻ്റ് ട്രോഫി, മേഘാലയയെ 25 റൺസിന് ഓളൗട്ട് ആക്കി കേരളം

ലക്നൌ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിലാണ്. നേരത്തെ മേഘാലയയുടെ ആദ്യ ഇന്നിങ്സ് വെറും 25 റൺസിന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നന്ദൻ്റെ പ്രകടനമാണ് മേഘാലയ ബാറ്റിങ് നിരയെ തകർത്തത്.

വിജയ് മർച്ചന്റ് ട്രോഫിയിൽ 109 റൺസ് നേടിയ ലെറോയ് ജോക്വിൻ ഷിബു

ആദ്യം ബാറ്റ് ചെയ്ത മേഘാലയ ബാറ്റിങ് നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകളുമായി അബ്ദുൾ ബാസിദ് എതിരാളികളുടെ തകർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ വാലറ്റത്തെയും മധ്യനിരയെയും ചുരുട്ടിക്കെട്ടി നന്ദൻ മേഘാലയയെ വെറും 25 റൺസിൽ ഒതുക്കി. 7.3 ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുകൊടുത്താണ് നന്ദൻ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഇഷാൻ കുനാലും ലെറോയ് ജോക്വിൻ ഷിബുവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. നെവിനും ലെറോയ് ജോക്വിൻ ഷിബുവും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു. നെവിൻ 38 റൺസെടുത്ത് പുറത്തായെങ്കിലും തുടർന്നെത്തിയവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ ലെറോയ് അനായാസം സെഞ്ച്വറി പൂർത്തിയാക്കി. 139 പന്തുകളിൽ 18 ഫോറുകളടക്കം 109 റൺസാണ് ലെറോയ് നേടിയത്. കളി നിർത്തുമ്പോൾ ക്യാപ്റ്റൻ ഇഷാൻ രാജ് 44ഉം തോമസ് മാത്യു അഞ്ചും റൺസുമായി ക്രീസിലുണ്ട്

വിജയ് മർച്ചൻ്റ് ട്രോഫിയിൽ മുംബൈയ്ക്കെതിരെ കേരളത്തിന് സമനില

ലഖ്നൌ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – മുംബൈ മത്സരം സമനിലയിൽ. 300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റിന് 109 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 223 റൺസിന് കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചതോടെ മുംബൈ 115 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. 69 റൺസെടുത്ത ഇഷാൻ കുനാലാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മുംബൈ വേഗത്തിൽ തന്നെ ഇന്നിങ്സ് മുന്നോട്ടു നീക്കി. മികച്ച ലീഡുയർത്തി കേരളത്തിനെ വീണ്ടും ബാറ്റിങ്ങിന് ഇറക്കുകയായിരുന്നു മുംബൈയുടെ ലക്ഷ്യം. സ്കോർ അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ നില്‍ക്കെ മുംബൈ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മുംബൈയ്ക്ക് വേണ്ടി ഓപ്പണർ വേദാന്ത് നിർമ്മൽ 54 റൺസെടുത്തു. തോമസ് മാത്യുവും മൊഹമ്മദ് റെയ്ഹാനും കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. അർജുൻ ഹരിയും നെവിനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 48 റൺസ് നേടിയെങ്കിലും തുടരെ നാല് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അർജുൻ ഹരിയും ക്യാപ്റ്റൻ ഇഷാൻ രാജും ചേർന്ന് കേരളത്തിന് സമനില ഉറപ്പാക്കുകയായിരുന്നു. അർജുൻ ഹരി 63 റൺസുമായും ഇഷാൻ രാജ് മൂന്ന് റൺസുമായും പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി തനീഷ് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ കേരളത്തിന്‌ ഒരു പോയിന്‍റും മുബൈക്ക് 3 പോയിന്റുമാണ്.

വിജയ് മെർച്ചന്റ്; മുംബൈയ്ക്കെതിരെ കേരളം പൊരുതുന്നു

ലഖ്നൌ: വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. നേരത്തെ മുംബൈയുടെ ആദ്യ ഇന്നിങ്സ് 338 റൺസിന് അവസാനിച്ചിരുന്നു.

ഏഴ് വിക്കറ്റിന് 301 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ മുംബൈയുടെ ഇന്നിങ്സ് അധികം നീണ്ടില്ല. 37 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ മുംബൈയുടെ ഇന്നിങ്സിന് അവസാനമായി. 59 റൺസെടുത്ത പൃഥ്വീ ബാലേറാവുവിൻ്റെ ഇന്നിങ്സാണ് മുംബൈയുടെ സ്കോർ 338ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി ദേവഗിരി മൂന്നും അർജുൻ ഹരിയും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മൂന്നാം പന്തിൽ തന്നെ ഓപ്പണർ നെവിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ അർജുൻ ഹരിയും ജൊഹാൻ ജിക്കുപാലും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 83 റൺസ് പിറന്നു. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ നാല് ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായതോടെ വലിയൊരു തകർച്ചയുടെ വക്കിലായിരുന്നു കേരളം. എന്നാൽ ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയശില്പിയായ ഇഷാൻ കുനാൽ വീണ്ടും കേരളത്തിൻ്റെ രക്ഷകനായി. എട്ടാം വിക്കറ്റിൽ ദേവഗിരിക്കൊപ്പം 65 റൺസിൻ്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കിയ ഇഷാൻ 65 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. ദേവഗിരി 26 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ഒരു റണ്ണോടെ നന്ദനാണ് ഇഷാനൊപ്പം ക്രീസിൽ. മുംബൈയ്ക്ക് വേണ്ടി കാർത്തിക് കുമാർ മൂന്നും തനീഷ് ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി

വിജയ് മർച്ചൻ്റ് ട്രോഫി: കേരളത്തിനെതിരെ മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക്

ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 301 റൺസെന്ന നിലയിലാണ് മുംബൈ.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ബൌളർമാർ നല്കിയത്. സ്കോർ ബോർഡ് തുറക്കും മുൻപേ തന്നെ മുംബൈയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ വേദാന്ത് നിർമ്മലിനെ മൊഹമ്മദ് റെയ്ഹാനാണ് പുറത്താക്കിയത്. തുടർന്നെത്തിയ ആയുഷ് ഷിൻഡെയെയും ദേവാൻശ് ത്രിവേദിയെയും ദേവഗിരി പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 26 റൺസെന്ന നിലയിലായിരുന്നു മുംബൈ. തുടർന്നെത്തിയ മൂന്ന് ബാറ്റർമാരുടെ പ്രകടനമാണ് മുംബൈയെ കരകയറ്റിയത്. അഥർവ്വ ധോണ്ട് 49ഉം വൻഷ് ചുംബ്ലെ 65ഉം തനീഷ് ഷെട്ടി 70ഉം റൺസ് നേടി. അഞ്ചാം വിക്കറ്റിൽ വൻഷും തനീഷും ചേർന്ന് 120 റൺസ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്പോൾ പൃഥ്വീ ബാലേറാവു 33ഉം ശൌര്യ റായ് 23ഉം റൺസ് നേടി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ദേവഗിരിയും അർജുൻ ഹരിയും രണ്ട് വിക്കറ്റ് വീതവും നന്ദനും തോമസ് മാത്യുവും ഓരോ വിക്കറ്റും നേടി.

വിജയ് മർച്ചൻ്റ് ട്രോഫി : ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം

ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയവുമായി കേരളം. ആദ്യ ഇന്നിങ്സിൽ 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്സിൽ 190 റൺസിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ കുനാലിൻ്റെ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി കേരള ഇന്നിങ്സിന് കരുത്തായതും ഇഷാൻ്റെ പ്രകടനമായിരുന്നു.

നാല് വിക്കറ്റിന് 105 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് അധികം പിടിച്ചു നില്ക്കാനായില്ല. സ്കോർ 140ൽ നില്‍ക്കെ നിതിൽ നായിക്കിനെ പുറത്താക്കി നന്ദനാണ് ഹൈദരാബാദിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണു. 47 റൺസെടുത്ത കുശാൽ തിവാരിയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ഇഷാൻ ആറും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

11 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാലാം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ നെവിൻ ഒൻപതും ജൊഹാൻ രണ്ടും റൺസുമായി പുറത്താകാതെ നിന്നു.

വിജയ് മെര്‍ച്ചന്റ് ട്രോഫി ഈ സീസണിൽ വേണ്ടെന്ന് തീരുമാനിച്ച് ബിസിസിഐ

കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തിൽ വിജയ് മെര്‍ച്ചന്റ് ട്രോഫി മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ച് ബിസിസിഐ. ബിസിസിഐയുടെ അണ്ടര്‍ 16 ടൂര്‍ണ്ണമെന്റ് ആണ് വിജയ് മെര്‍ച്ചന്റ് ട്രോഫി. ജനുവരി 9ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനിരുന്നത്.

അണ്ടര്‍ 16 താരങ്ങളാരും തന്നെ വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തതിനാൽ കോവിഡ് സാധ്യത കൂടുതലാണെന്നതിനാലാണ് തീരുമാനം. കഴിഞ്ഞ ദിവസം ബിസിസിഐ ഈ ടൂര്‍ണ്ണമെന്റിന് വയസ്സിളവ് നല്‍കുവാന്‍ തീരുമാനിച്ചിരുന്നു.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഈ സീസണിൽ ടൂര്‍ണ്ണമെന്റ് വേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചത് മെഡിക്കൽ ടീമുകളോടും വിദഗ്ധരോടും കൂടിയാലോചിച്ച ശേഷമാണെന്നാണ് അറിയുന്നത്.

വിജയ് മെര്‍ച്ചന്റ് ട്രോഫി, കേരളത്തിന് പുതുച്ചേരിയ്ക്കെതിരെ 171 റണ്‍സിന്റെ വിജയം

വിജയ് മെര്‍ച്ചന്റ് അണ്ടര്‍ 16 ടൂര്‍ണ്ണമെന്റില്‍ 171 റണ്‍സിന്റെ വലിയ വിജയം നേടി കേരളം. പുതുച്ചേരിയെയാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ കേരളം 232 റണ്‍സിന് പുറത്തായപ്പോള്‍ കേരളത്തിന്റെ ബൗളര്‍മാര്‍ തിരിച്ച് പുതുച്ചേരിയെ 83 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കേരളം 159/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 137 റണ്‍സിന് പുതുച്ചേരിയെ പുറത്താക്കി.

കേരള ബൗളര്‍മാരില്‍ ആദ്യ ഇന്നിംഗ്സില്‍ രഞ്ജിത്ത് അഞ്ച് വിക്കറ്റും വിനയ് ഷാജി വര്‍ഗ്ഗീസ് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രഞ്ജിത്തും വിനയും മൂന്ന് വീതം വിക്കറ്റ് നേടി. ഒപ്പം മൂന്ന് വിക്കറ്റുമായി വിജയ് സുധാകര്‍ വിശ്വനാഥും തിളങ്ങി. ആദ്യ ഇന്നിംഗ്സില്‍ 108 റണ്‍സുമായി തിളങ്ങിയ നിരഞ്ജന്‍ ദേവ് ആണ് കേരള നിരയിലെ സൂപ്പര്‍ ബാറ്റ്സ്മാന്‍. രണ്ടാം ഇന്നിംഗ്സില്‍ നിരഞ്ജന്‍ പുറത്താകാതെ 45 റണ്‍സുമായി നിന്നു.

Exit mobile version