സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ ലക്ഷ്യമിട്ട് കേരള ടീം ഇന്ന് ഇറങ്ങും

കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ടീം ഇന്ന് ഇറങ്ങും. രാവിലെ 10.00 മണിക്ക് നടക്കുന്ന വനിതകളുടെ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ നേരിടും. നാല് മത്സരം പിന്നിട്ടപ്പോള്‍ തോല്‍വി അറിയാതെ 12 പോയിന്റുമായി വനിതകളുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ആന്ധ്രാപ്രദേശ്. സമനില ലക്ഷ്യമിട്ടായിരിക്കും ആന്ധ്രപ്രദേശിന്റെ ഇറക്കം. കേരളത്തിന് വിജയത്തിനൊപ്പം രാവിലെ 6.30 ന് നടക്കുന്ന തമിഴ്‌നാട് കര്‍ണാടക മത്സരവും അനിവാര്യമാണ്.

നിലവില്‍ ഗ്രൂപ്പില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റാണ് കേരളത്തിനും തമിഴ്‌നാടിനും ഉള്ളത്. ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് കേരളം ഗ്രൂപ്പില്‍ രണ്ടാമത്. രാവിലെ നടക്കുന്ന തമിഴ്‌നാട് കര്‍ണാടക മത്സരത്തില്‍ തമിഴ്‌നാട് ആറ് ഗോളില്‍ കൂടുതല്‍ കര്‍ണാടകയ്ക്ക് എതിരെ നേടാതിരിക്കുകയും കേരളം ആന്ധ്രാപ്രദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ കേരളത്തിന് ഫൈനലിലേക്ക് യോഗ്യത നേടാം. ഇല്ലെങ്കില്‍ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടും.

പുരുഷന്‍മാരുടെ മത്സരത്തില്‍ വൈകീട്ട് 3.15 ന് നടക്കുന്ന മത്സരത്തില്‍ കേരളം ഗ്രൂപ്പിലെ ദുര്‍ബലരായ തെലുങ്കാനയെ നേരിടും. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് തെലുങ്കാന. പുരുഷ ടീം ഫൈനല്‍ യോഗ്യതയ്ക്ക് അരിക്കെയാണ്. ഒരു പോയിന്റ് സ്വന്തമാക്കിയാല്‍ ഫൈനലിന് യോഗ്യത നേടാം. പുരുഷന്‍മാരുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടമാണ് നടക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. പുതുച്ചേരി കര്‍ണാടകയെയും തമിഴ്‌നാട് ആന്ധ്രാപ്രദേശിനെയും നേരിടും. മൂന്നാം നാലും സ്ഥാനത്തേക്കും മത്സരം നടക്കുന്നത് കൊണ്ട് രണ്ട് മത്സരങ്ങളും എല്ലാ ടീമുകള്‍ക്കും അനിവാര്യമാണ്
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക. മൂന്നും നാലും സ്ഥാനം ലഭിക്കുന്നവര്‍ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിലേക്ക് യോഗ്യത നേടും.

സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ പ്രതീക്ഷയില്‍ കേരളം

  • ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി കേരള വനിതാ ടീം. ഗ്രൂപ്പില്‍ രണ്ടാമത്.

  • തോല്‍വി അറിയാതെ പുരുഷ ടീം, ഫൈനലിലെത്താന്‍ വേണ്ടത് ഒരു പോയിന്റ്

കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിന്റെ നാലാം മത്സരത്തില്‍ കേരളാ വനിതകള്‍് തെലുങ്കാനയെ പരാജയപ്പെടുത്തി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം തെലുങ്കാനയെ തോല്‍പ്പിച്ചത്. കേരള പുരുഷ ടീം തോല്‍വി അറിയാതെ മുന്നോട്ട്. നാലാം മത്സരത്തില്‍ കേരളം ആന്ധാപ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് ഫൈനല്‍ യോഗ്യതയ്ക്ക് അരിക്കെയെത്തി. കേരളത്തിനായി ലക്‌റ ആദിത്യയും ബഹല സൂരജും ഇരട്ടഗോള്‍ നേടി. ലക്‌റ ആദിത്യയാണ് മത്സരത്തിലെ താരം.

നാല് മത്സരങ്ങളില്‍ നിന്നായി കേരളത്തിന് 12 പോയിന്റാണ് ഉള്ളത്. വ്യാഴാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ കേരളം തെലുങ്കാനയെ നേരിടും. പുരുഷ ടീമിന് യോഗ്യത നേടാന്‍ ഒരു സമനില മാത്രം മതി. നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുമായി കേരളത്തിന്റെ ബഹല സൂരജാണ് ടോപ് സ്‌കോറര്‍. പുതുച്ചേരിയുടെ നിതീശ്വരനും ഒമ്പത് ഗോളാണ്.

കേരളാ വനിതകള്‍ വിജയത്തോടെ ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാടിനും ഒമ്പത് പോയിന്റൊണ്. ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് കേരളം രണ്ടാമത് എത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ആന്ധാപ്രദേശ് ആണ് ഗ്രൂപ്പില്‍ ഒന്നാമത്. കേരളത്തിന് വേണ്ടി പരമേശ്വരി പിനത്തോള്ളയും അഭയ ജോതിയും ഇരട്ട ഗോള്‍ നേടി. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോള്‍ നേടിയ പരമേശ്വരി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത് എത്തി. തമിഴ്‌നാടിന്റെ ജോവിനയും ആന്ധ്രാപ്രദേശിന്റെ മധുരിമ ഭായിയും എട്ട് ഗോള്‍ വീതം നേടിയിട്ടുണ്ട്. പരമേശ്വരിയാണ് മത്സരത്തിലെ താരം. വ്യാഴാഴ്ച നടക്കുന്ന അവസാന നിര്‍ണായക മത്സരത്തില്‍ കേരളം ഗ്രൂപ്പിലെ കരുത്തരായ ആന്ധ്രാപ്രദേശിനെ നേരിടും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കേരള വനിതകള്‍ക്ക് വിജയം അനിവാര്യമാണ്.

വനിതകളുടെ ആദ്യ മത്സരത്തില്‍ കര്‍ണാടകയ്ക്ക് വിജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പതുച്ചേരിയെയാണ് കര്‍ണാടക തോല്‍പ്പിച്ചത്. കര്‍ണാടകയ്ക്ക് വേണ്ടി പെര്‍ലിന്‍ പൊന്നമ്മ നാല് ഗോള്‍ നേടി. പെര്‍ലിനാണ് മത്സരത്തിലെ താരം. ഗ്രൂപ്പിലെ ശക്തര്‍ തമ്മിലുള്ള മറ്റൊരു മത്സരത്തില്‍ തമിഴ്‌നാടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ആന്ധ്രാ പ്രദേശ്. ടൂര്‍ണമെന്റി ആദ്യമായി ആണ് ആന്ധ്രാ പ്രദേശ് വനിതാ ടീം ഗോള്‍ വഴങ്ങുന്നത്. ആന്ധ്രാപ്രദേശിന് വേണ്ടി മധുരിമ ഭായ് ഇരട്ടഗോള്‍ നേടി. കനിമൊഴിയുടെ വകയായിരുന്നു തമിഴ്‌നാടിന്റെ ആശ്വാസ ഗോള്‍. ആന്ധ്രാ പ്രദേശിന്റെ മധുരിമ ഭായിയാണ് മത്സരത്തിലെ താരം.

പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പുതുച്ചേരി തെലുങ്കാനയെ തോല്‍പ്പിച്ചു. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാട്രിക്ക് നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച കലൈമുധനാണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ കര്‍ണാടകയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തമിഴ്‌നാട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് തമിഴ്‌നാട് അഞ്ച് ഗോള്‍ നേടിയത്. തമിഴ്‌നാടിനായി രഞ്ജിത്ത് ഹാട്രിക്ക് ഗോള്‍ നേടി. തമിഴ്‌നാട് ക്യാപ്റ്റന്‍ ബാലസുന്ദറാണ് മത്സരത്തിലെ താരം.

നാളെ (ബുധന്‍) മത്സരം ഉണ്ടായിരിക്കുന്നതല്ല

സൗത്ത് സോണ്‍ ഹോക്കി; പുതുച്ചേരിയെ തോല്‍പ്പിച്ച് കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍

  • മൂന്നാം വിജയം സ്വന്തമാക്കി കേരള പുരുഷ ടീം, ഗ്രൂപ്പില്‍ തോല്‍വി അറിയാതെ ഒന്നാമത്.

  • വിജയ വഴിയില്‍ തിരിച്ചെത്തി വനിതാ ടീം, പുതുച്ചേരിയെ എതിരില്ലാത്ത പതിനൊന്ന് ഗോളിന് തോല്‍പ്പിച്ചു

    കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള വനിതകള്‍, പുതുച്ചേരിയേയും മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരള പുരുഷ ടീം. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ കേരള വനിതാ ടീം പുതുച്ചേരിയെ എതിരില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കേരളത്തിന് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് നാല് മിനുട്ടിന് ശേഷം കേരളം ആദ്യ ഗോള്‍ നേടി. 19 ാം മിനുട്ടില്‍ അഭയ ജോതിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോളടി മേളമായിരുന്നു കണ്ടത്.

    22 ാം മിനുട്ടില്‍ പരമേശ്വരി പിനപ്ത്തോളയും 28 ാം മിനുട്ടില്‍ സമദ് രേഷ്മയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ എട്ട് ഗോളാണ് കേരളം അടിച്ചു കൂട്ടിയത്. രണ്ടാം പകുതി ആരംഭിച്ച് നാല് മിനുട്ടിനുള്ളില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി പരമേശ്വരിയുടെ വകയായിരുന്നു ഗോള്‍. 37 ാം മിനുട്ടിലും 46ാം മിനുട്ടിലും പരമേശ്വരി പതുച്ചേരിയുടെ വലകുലുക്കി. നാല് ഗോളാണ് താരം നേടിയത്.

    രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ (48,57) നേടി കേരളത്തിന്റെ അഭയ ജോതി ഹാട്രിക്ക് നേടി. കേരളത്തിന് വേണ്ടി കാര്‍ത്തിക, ഷാനിയ, എന്നിവര്‍ ഓരോ ഗോളും സമദ് രേഷ്മ ഇരട്ട ഗോളും നേടി. നാല് ഗോള്‍ നേടിയ പരമേശ്വരിയാണ് മത്സരത്തിലെ താരം. നാളെ നടക്കുന്ന മത്സരത്തില്‍ കേരളം തെലങ്കാനലെ നേരിടും. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി കേരളം വനിതകളുടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

    കേരള പുരുഷ ടീമിന് മുന്നില്‍ പുതുച്ചേരിയും കീഴടങ്ങി. മൂന്നാം മത്സരത്തിന് ഇറങ്ങിയ പുരുഷ ടീം പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കേരളത്തിന്‍രെ മൂന്നാം ജയമാണിത്. കേരളത്തിന് വേണ്ടി 21 ാം മിനുട്ടില്‍ ബഹല സൂരജ് ആദ്യം വലകുലുക്കി. 26 ാം മിനുട്ടില്‍ സൂരജിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് മിനുട്ടിന് ശേഷം മിന്‍സ് ദിനേഷ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി.

    രണ്ടാം പകുതിയിലും സൂരജ് ഗോളടി അവസാനിപ്പിച്ചില്ല. 50, 56 മിനുട്ടുകളില്‍ വീണ്ടും പുതുച്ചേരിയുടെ വലകുലുക്കി. 52, 57 മിനുട്ടുകളില്‍ ഗോള്‍ നേടി ലക്‌റ ആദിത്യ കേരളത്തിന്റെ സ്‌കോര്‍ ഏഴിലെത്തിച്ചു. നാല് ഗോള്‍ നേടിയ ബഹല സൂരജാണ് മത്സരത്തിലെ താരം.
    വനിതകളുടെ മറ്റു രണ്ട് മത്സരങ്ങളില്‍ വിജയം തുടര്‍ന്ന് തമിഴ്നാടും ആന്ധ്രാപ്രദേശും. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിന് തെലുങ്കാനയെയാണ് തമിഴ്നാട് തോല്‍പ്പിച്ചത്. തമിഴ്നാട് ക്യാപ്റ്റന്‍ ജോവിന് ഹാട്രിക്ക് നേടി. ജോവിനയാണ് മത്സരത്തിലെ താരം.

    മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ആന്ധ്രാപ്രദേശ് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആന്ധ്രക്ക് വേണ്ടി പത്ന മുജിയ ബീഗം ഇരട്ടഗോള്‍ നേടി. ആന്ധ്രാ പ്രദേശിന്റെ ഗോള്‍ അവസരങ്ങള്‍ തട്ടി അകറ്റിയ കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ സീതമ്മയാണ് മത്സരത്തിലെതാരം.

    പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ തെലുങ്കാനയെ ഒന്നിനെതിരെ പതിനൊന്ന് ഗോളിന് തോല്‍പ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന് വേണ്ടി ഗോതമും രഞ്ജിത്തും നാല് ഗോള്‍വീതവും നിതീഷ് രണ്ട് ഗോളും നേടി. നാല് ഗോള്‍ നേടിയ തമിഴ്‌നാടിന്റെ ഗോതം ആണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ അവസാന ക്വാര്‍ട്ടര്‍ വരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില പിടിച്ച് കര്‍ണാടക. മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്ക് വേണ്ടി സോഹന്‍ ചന്ദ്രശേഖര്‍ ഹാട്രിക്ക് നേടി. കര്‍ണാടകയുടെ മൂന്ന് ഗോളും പെനാല്‍റ്റി കോര്‍ണറിലൂടെയാണ് പിറന്നത്. ഹാട്രിക്ക് നേടിയ സോഹനാണ് മത്സരത്തിലെ താരം.

സൗത്ത് സോണ്‍ ഹോക്കി; വിജയം തുടര്‍ന്ന് കേരള പുരുഷ ടീം

കൊല്ലം: സൗത്ത് സോണ്‍ സബ്ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയം തുടര്‍ന്ന് കേരള പുരുഷ ടീം. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം അധിപത്യം പുലര്‍ത്തിയായിരുന്നു കേരളത്തിന്റെ മിന്നും വിജയം. മത്സരം ആരംഭിച്ച് ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കേരളം ലീഡ് എടുത്തു. 13 ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിംങ് താരം നദീമാണ് കേരളത്തിന് വേണ്ടി ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് കേരള ടീമിനെ തേടി നിരവധി അവസരങ്ങള്‍ വന്നെങ്കിലും കര്‍ണാടകന്‍ ഗോള്‍ കീപ്പര്‍ വില്ലനായി.

രണ്ടാം പുകുതി ആരംഭിച്ച് ആറ് മിനുട്ടിന് ശേഷം 36 ാം മിനുട്ടില്‍ കേരളം ആദിത്യനിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അഞ്ച് മിനുട്ടിന് ശേഷം നദീവ് രണ്ടാം ഗോള്‍ നേടി. തൊട്ടുമുമ്പ് നഷ്ടപ്പെടുത്തിയ അവസരത്തിനുള്ള പ്രതികാരം എന്നോണമായിരുന്നു ഗോള്‍. 43 ാം മിനുട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് കര്‍ണാടക മത്സരത്തിലേക്ക് തിരിക്കെയെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 53ാം മിനുട്ടില്‍ കേരളം ലക്‌റ ആദിത്യയിലൂടെ നാലാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗോള്‍. 56 ാം മിനുട്ടില്‍ രാജു ബന്‍ഗാരിയിലൂടെ കേരളം അഞ്ച് ഗോള്‍ തികച്ചു. കേരളത്തിന്റെ ലക്‌റ ആദിത്യയാണ് മത്സരത്തിലെ താരം. തിങ്കളാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഗ്രൂപ്പിലെ ശക്തര്‍ തമ്മിലുള്ള മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ച് തമിഴ്‌നാടിന്റെ കുതിപ്പ്. വനിതകളുടെ ഗ്രൂപ്പിലെ രണ്ടാം ദിനത്തിലെ മൂന്നാം മത്സരത്തില്‍ കേരളത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച ഇരുടീമിനും ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ 18 ാം മിനുട്ടില്‍ സ്വാതി ശര്‍മയിലൂടെ തമിഴ്‌നാട് മൂന്നിലെത്തി. ഗോള്‍ വീണതോടെ ഉണര്‍ന്ന കളിച്ച കേരളത്തിന് രണ്ടും മൂന്നും ക്വാര്‍ട്ടറില്‍ ഗോളെന്നും നേടാന്‍ സാധിച്ചില്ല. കേരളത്തിന്റെ എല്ലാ ശ്രമങ്ങളും തമിഴ്‌നാടിന്റെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തട്ടി അകറ്റി. അവസാന ക്വാര്‍ട്ടറിന്റെ 53 ാം മിനുട്ടില്‍ കേരളം പരമേശ്വരി പിണപ്പൊതുളയിലൂടെ സമനില പിടിച്ചു. എന്നാല്‍ ആ സന്തോഷത്തിന് ഒരു മിനുട്ടിന്റെ അയുസ് മാത്രമേ ഉണ്ടയിരുന്നൊള്ളൂ. 54 ാം മിനുട്ടില്‍ തന്നെ തമിഴ്‌നാട് ക്യാപ്റ്റന്‍ ജോവിനയിലൂടെ ലീഡ് എടുത്തു. അവസാന വിസില്‍ വരെ കേരളം സമനില നേടാന്‍ ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന്റെ ഗോള്‍ ശ്രമങ്ങളെ പ്രതിരോധിച്ച തമിഴ്‌നാടിന്റെ പ്രതിരോധ താരം കാവ്യയാണ് മത്സരത്തിലെ താരം. തിങ്കളാഴ്ചയാണ് കേരളത്തിന്റെ മൂന്നാം മത്സരം. പുതുച്ചേരിയാണ് എതിരാളി.

രണ്ടാം ദിനത്തിന്റെ വനിതകളുടെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ഗോളി മുക്കി ആന്ധ്രാപ്രദേശ്. എതിരില്ലാത്ത പത്ത് ഗോളിനാണ് തോല്‍പ്പിച്ചത്. ആന്ധ്രാപ്രദേശിന് വേണ്ടി ക്യാപ്റ്റന്‍ മധുരിമ ഭായ് നാല് ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൊലുങ്കാനയെ പരാജയപ്പെടുത്തി കര്‍ണാടക. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കര്‍ണാടകയുടെ ജയം. ആദ്യം മൂന്ന് ഗോള്‍ നേടിയതിന് ശേഷമാണ് കര്‍ണാടക രണ്ട് ഗോള്‍ വഴങ്ങിയത്. കര്‍ണാടകയ്ക്ക് വേണ്ടി പെര്‍ലിന്‍ പൊന്നമ്മ ഇരട്ടഗോള്‍ നേടി.

പുരുഷന്‍മാരുടെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ തെലുങ്കാനയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആന്ധ്രാപ്രദേശ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പുതുച്ചേരിയോട് പരാജയപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിന് വേണ്ടി ഹുസൈന്‍ സയിദ് ജകീര്‍ ഇരട്ട ഗോള്‍ നേടി. ദേവ സായ് യാഥവാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പുതുച്ചേരിയെ പരാജയപ്പെടുത്തി തമിഴ്‌നാട്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്‍ തമിഴ്‌നാടിന്റെ ജയം.

മത്സരത്തിലുടനീളം അടി തിരിച്ചടി എന്ന രീതിയിലായിരുന്നു മത്സരം. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാട്രിക്ക് നേടി. നീതീശ്വരന്‍ തന്നെയാണ് മത്സരത്തിലെ താരം.
നാളെ (ഞായര്‍) മത്സരം ഉണ്ടായിരിക്കുന്നതല്ല.

ഹോക്കി ഇന്ത്യ സബ്ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് നാളെ മുതൽ കൊല്ലത്ത്

തിരുവനന്തപുരം: രണ്ടാമത് ഹോക്കി ഇന്ത്യ സബ്ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് കൊല്ലത്ത്. ജൂലൈ 19 മുതൽ 26 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിലായി 12 ടീമുകൾ മത്സരിക്കും. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി കേരള, തമിഴ്നാട്, കർണാടക, പുതുച്ചേരി, തെലങ്കാന, ആന്ധ്ര ടീമുകളാണ് മത്സരിക്കുക.

19ന് വൈകിട്ട് 6:30 ന് ഉ എൻ. കെ. പ്രേമചന്ദ്രൻ എം പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് ഡയറക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്,
കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍
ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് – എക്‌സ് ഏണസ്റ്റ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തെലങ്കാന, ആന്ധ്ര വനിതാ ടീമുകളുടെ മത്സരത്തോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക.

രാവിലെ 10 ന് കേരള വനിതാ ടീം കർണാടക ടീമിനെയും വൈകിട്ട് 3.15ന് കേരള പുരുഷ ടീം കർണാടക ടീമിനെയും നേരിടും. 26 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുരുഷ ടീമുകളുടെയും വൈകിട്ട് മൂന്നിന് വനിതാ ടീമുകളുടെയും ഫൈനൽ മത്സരങ്ങളും നടക്കും. ദീർഘമായ ഇടവേളയ്ക്ക് ശേഷമാണ് സൗത്ത് സോൺ ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്. ഈ മത്സരങ്ങളിൽ മികവ് തെളിയിക്കുന്നവരായിരിക്കും ദേശീയ സബ് ജൂനിയർ ടീം സെലക്ഷൻ ക്യാമ്പിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുക.

കായിക താരങ്ങളും ഒഫീഷ്യലുകളും അതിഫികളുമായി നാന്നൂറിൽ അധികം പേർ കൊല്ലത്ത് എത്തുന്നുണ്ട്. ഇവരുടെ താമസ സൗകര്യങ്ങളുടെയും പരിശീലന സൗകര്യങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായി.

ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ പ്രശസ്തരായ കായിക താരങ്ങളും വിവിധ ഹോക്കി അസോസിയേഷൻ ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളു പങ്കെടുക്കും.

Exit mobile version