Picsart 24 07 22 16 54 15 260

സൗത്ത് സോണ്‍ ഹോക്കി; പുതുച്ചേരിയെ തോല്‍പ്പിച്ച് കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍

  • മൂന്നാം വിജയം സ്വന്തമാക്കി കേരള പുരുഷ ടീം, ഗ്രൂപ്പില്‍ തോല്‍വി അറിയാതെ ഒന്നാമത്.

  • വിജയ വഴിയില്‍ തിരിച്ചെത്തി വനിതാ ടീം, പുതുച്ചേരിയെ എതിരില്ലാത്ത പതിനൊന്ന് ഗോളിന് തോല്‍പ്പിച്ചു

    കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള വനിതകള്‍, പുതുച്ചേരിയേയും മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരള പുരുഷ ടീം. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ കേരള വനിതാ ടീം പുതുച്ചേരിയെ എതിരില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കേരളത്തിന് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് നാല് മിനുട്ടിന് ശേഷം കേരളം ആദ്യ ഗോള്‍ നേടി. 19 ാം മിനുട്ടില്‍ അഭയ ജോതിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോളടി മേളമായിരുന്നു കണ്ടത്.

    22 ാം മിനുട്ടില്‍ പരമേശ്വരി പിനപ്ത്തോളയും 28 ാം മിനുട്ടില്‍ സമദ് രേഷ്മയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ എട്ട് ഗോളാണ് കേരളം അടിച്ചു കൂട്ടിയത്. രണ്ടാം പകുതി ആരംഭിച്ച് നാല് മിനുട്ടിനുള്ളില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി പരമേശ്വരിയുടെ വകയായിരുന്നു ഗോള്‍. 37 ാം മിനുട്ടിലും 46ാം മിനുട്ടിലും പരമേശ്വരി പതുച്ചേരിയുടെ വലകുലുക്കി. നാല് ഗോളാണ് താരം നേടിയത്.

    രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ (48,57) നേടി കേരളത്തിന്റെ അഭയ ജോതി ഹാട്രിക്ക് നേടി. കേരളത്തിന് വേണ്ടി കാര്‍ത്തിക, ഷാനിയ, എന്നിവര്‍ ഓരോ ഗോളും സമദ് രേഷ്മ ഇരട്ട ഗോളും നേടി. നാല് ഗോള്‍ നേടിയ പരമേശ്വരിയാണ് മത്സരത്തിലെ താരം. നാളെ നടക്കുന്ന മത്സരത്തില്‍ കേരളം തെലങ്കാനലെ നേരിടും. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി കേരളം വനിതകളുടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

    കേരള പുരുഷ ടീമിന് മുന്നില്‍ പുതുച്ചേരിയും കീഴടങ്ങി. മൂന്നാം മത്സരത്തിന് ഇറങ്ങിയ പുരുഷ ടീം പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കേരളത്തിന്‍രെ മൂന്നാം ജയമാണിത്. കേരളത്തിന് വേണ്ടി 21 ാം മിനുട്ടില്‍ ബഹല സൂരജ് ആദ്യം വലകുലുക്കി. 26 ാം മിനുട്ടില്‍ സൂരജിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് മിനുട്ടിന് ശേഷം മിന്‍സ് ദിനേഷ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി.

    രണ്ടാം പകുതിയിലും സൂരജ് ഗോളടി അവസാനിപ്പിച്ചില്ല. 50, 56 മിനുട്ടുകളില്‍ വീണ്ടും പുതുച്ചേരിയുടെ വലകുലുക്കി. 52, 57 മിനുട്ടുകളില്‍ ഗോള്‍ നേടി ലക്‌റ ആദിത്യ കേരളത്തിന്റെ സ്‌കോര്‍ ഏഴിലെത്തിച്ചു. നാല് ഗോള്‍ നേടിയ ബഹല സൂരജാണ് മത്സരത്തിലെ താരം.
    വനിതകളുടെ മറ്റു രണ്ട് മത്സരങ്ങളില്‍ വിജയം തുടര്‍ന്ന് തമിഴ്നാടും ആന്ധ്രാപ്രദേശും. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിന് തെലുങ്കാനയെയാണ് തമിഴ്നാട് തോല്‍പ്പിച്ചത്. തമിഴ്നാട് ക്യാപ്റ്റന്‍ ജോവിന് ഹാട്രിക്ക് നേടി. ജോവിനയാണ് മത്സരത്തിലെ താരം.

    മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ആന്ധ്രാപ്രദേശ് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആന്ധ്രക്ക് വേണ്ടി പത്ന മുജിയ ബീഗം ഇരട്ടഗോള്‍ നേടി. ആന്ധ്രാ പ്രദേശിന്റെ ഗോള്‍ അവസരങ്ങള്‍ തട്ടി അകറ്റിയ കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ സീതമ്മയാണ് മത്സരത്തിലെതാരം.

    പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ തെലുങ്കാനയെ ഒന്നിനെതിരെ പതിനൊന്ന് ഗോളിന് തോല്‍പ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന് വേണ്ടി ഗോതമും രഞ്ജിത്തും നാല് ഗോള്‍വീതവും നിതീഷ് രണ്ട് ഗോളും നേടി. നാല് ഗോള്‍ നേടിയ തമിഴ്‌നാടിന്റെ ഗോതം ആണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ അവസാന ക്വാര്‍ട്ടര്‍ വരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില പിടിച്ച് കര്‍ണാടക. മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്ക് വേണ്ടി സോഹന്‍ ചന്ദ്രശേഖര്‍ ഹാട്രിക്ക് നേടി. കര്‍ണാടകയുടെ മൂന്ന് ഗോളും പെനാല്‍റ്റി കോര്‍ണറിലൂടെയാണ് പിറന്നത്. ഹാട്രിക്ക് നേടിയ സോഹനാണ് മത്സരത്തിലെ താരം.

Exit mobile version