ചരിത്രനേട്ടം: ശുഭ്മാൻ ഗിൽ ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ നായകൻ


ശുഭ്മാൻ ഗിൽ ഇന്ന് ചരിത്രത്തിൽ ഇടംനേടി. ഇംഗ്ലണ്ടിൽ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ നായകനും, SENA രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനുമായി 25 വയസ്സുകാരനായ ഗിൽ മാറിം എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ഗിൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.


നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഗിൽ തന്റെ ഇന്നിംഗ്സിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോസ് ടങ്ങിന്റെ 122-ാം ഓവറിലെ ആദ്യ പന്തിൽ ഒരു സിംഗിളിലൂടെയാണ് ഗിൽ 200 റൺസ് തികച്ചത്.


ക്യാപ്റ്റനായ ശേഷമുള്ള ഗില്ലിന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോർഡ് അദ്ദേഹം മറികടന്നു. 1990-ൽ മാഞ്ചസ്റ്ററിൽ അസ്ഹറുദ്ദീൻ നേടിയ 179 റൺസായിരുന്നു ഇതിന് മുൻപത്തെ മികച്ച സ്കോർ.
ഇംഗ്ലണ്ടിൽ ഇന്ത്യൻ ക്യാപ്റ്റൻമാർ നേടിയ ഏറ്റവും ഉയർന്ന സ്കോറുകൾ (ടെസ്റ്റ്):

  • ശുഭ്മാൻ ഗിൽ – 200 (2025)*
  • മുഹമ്മദ് അസ്ഹറുദ്ദീൻ – 179 (1990)
  • വിരാട് കോഹ്‌ലി – 149 (2018)
  • എം.എ.കെ. പട്ടൗഡി – 148 (1967)

ശുഭ്മൻ ഗില്ലിന് സെഞ്ച്വറി, ഇന്ത്യ ഭേദപ്പെട്ട നിലയിൽ


എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി മികച്ച നിലയിൽ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 216 പന്തിൽ 12 ബൗണ്ടറികളോടെ 114 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യൻ ഇന്നിംഗ്സിന് നെടുന്തൂണായി. ഇംഗ്ലണ്ട് ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.


നേരത്തെ, 107 പന്തിൽ 13 ബൗണ്ടറികളടക്കം 87 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ച് ജയ്‌സ്വാൾ മടങ്ങി. കെ.എൽ. രാഹുൽ (2), കരുൺ നായർ (31) എന്നിവർക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യക്ക് നേരിയ തിരിച്ചടി നേരിട്ടു. എന്നാൽ ജയ്‌സ്വാളും ഗില്ലും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി.


ഋഷഭ് പന്ത് 25 റൺസ് സംഭാവന ചെയ്തപ്പോൾ, നിതീഷ് കുമാർ റെഡ്ഡിക്ക് 1 റൺസ് മാത്രമാണ് നേടാനായത്. ഒന്നാം ദിവസത്തെ അവസാന സെഷൻ ഗില്ലും രവീന്ദ്ര ജഡേജയും (67 പന്തിൽ 41 റൺസ്) തമ്മിലുള്ള കൂട്ടുകെട്ടിന് സ്വന്തമായിരുന്നു. ഇവരുടെ 99 റൺസിന്റെ അപരാജിത കൂട്ടുകെട്ട് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യക്ക് നേരിയ മുൻതൂക്കം നൽകി.


ഇംഗ്ലണ്ട് ബൗളർമാരിൽ ക്രിസ് വോക്സ് 21 ഓവറിൽ 59 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്രൈഡൺ കാർസെ, സ്റ്റോക്സ്, ഷൊയ്ബ് ബഷീർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജോഷ് ടോങ്ങ് വീണ്ടും റൺസ് വഴങ്ങി. 66 റൺസ് വഴങ്ങിയ ടോങ്ങിന് വിക്കറ്റൊന്നും നേടാനായില്ല.


മികച്ച അടിത്തറയിട്ടതിനാൽ, രണ്ടാം ദിവസം 400 റൺസിനപ്പുറം സ്കോർ ഉയർത്താനാകും ഇന്ത്യയുടെ ശ്രമം.

ഇന്ത്യ തോറ്റാലും മൂന്ന് വർഷത്തേക്ക് ശുഭ്മാൻ ഗില്ലിനെ ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കി നിലനിർത്തണം – രവി ശാസ്ത്രി



ഇന്ത്യയുടെ മുൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ഫലങ്ങൾ എന്തുതന്നെയായാലും, യുവതാരം ശുഭ്മാൻ ഗിൽ ദീർഘകാലത്തേക്ക് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി തുടരണമെന്ന് പറഞ്ഞു. ടെസ്റ്റ് ഫോർമാറ്റിൽ രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്ന് നായകസ്ഥാനം ഏറ്റെടുത്ത 25 വയസ്സുകാരൻ ഗിൽ, ക്യാപ്റ്റനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച സെഞ്ച്വറിയോടെയാണ് തന്റെ നായകത്വത്തിന് തുടക്കമിട്ടത്.
ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 147 റൺസ് നേടിയ ഗിൽ, അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി മാറിയിരുന്നു. എന്നിരുന്നാലും, 371 റൺസിന്റെ വലിയ വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ആ മത്സരം വിജയിച്ചു.


തോൽവിയുണ്ടായിട്ടും, ഗില്ലിന്റെ പക്വതയെയും സംയമനത്തെയും ശാസ്ത്രി പ്രശംസിച്ചു. “അവൻ ഒരുപാട് പക്വത നേടിയിട്ടുണ്ട്. അവൻ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി, പത്രസമ്മേളനങ്ങളിലും ടോസുകളിലും സംസാരിക്കുന്ന രീതി – അവൻ ഒരുപാട് പക്വത നേടി. അവനെ മൂന്ന് വർഷത്തേക്ക് അവിടെ തുടരാൻ അനുവദിക്കൂ. പരമ്പരയിൽ എന്ത് സംഭവിച്ചാലും മാറ്റങ്ങൾ വരുത്തരുത്. മൂന്ന് വർഷത്തേക്ക് അവനൊപ്പം നിൽക്കുക, അവൻ നിങ്ങൾക്ക് മികച്ച പ്രകടനം നൽകുമെന്ന് ഞാൻ കരുതുന്നു.” രവി ശാസ്ത്രി പറഞ്ഞു.


ലീഡ്‌സ് ടെസ്റ്റിൽ ശുഭ്മാൻ ഗിൽ സ്റ്റോക്സിനേക്കാൾ മികച്ച ക്യാപ്റ്റൻസി കാഴ്ചവെച്ചു: മുഹമ്മദ് കൈഫ്


ഹെഡിംഗ്‌ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തെ പ്രശംസിച്ചു. യുവ ഇന്ത്യൻ നായകൻ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സിനേക്കാൾ മികച്ച രീതിയിൽ നായകത്വം വഹിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് നന്നേ വിഷമിച്ചപ്പോഴും, ജസ്പ്രീത് ബുംറയെ മികച്ച രീതിയിൽ ഉപയോഗിച്ചതുൾപ്പെടെ ഗില്ലിന്റെ തന്ത്രപരമായ തീരുമാനങ്ങളെ കൈഫ് പിന്തുണച്ചു.


“ഒരു യുവ നായകൻ എന്ന നിലയിൽ, ബുംറയ്ക്ക് 4-4 ഓവറുകൾ വീതം നൽകി നന്നായി റൊട്ടേറ്റ് ചെയ്തുകൊണ്ട് ഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹം ബെൻ സ്റ്റോക്സിനേക്കാൾ മികച്ച രീതിയിൽ നയിച്ചു. നല്ല പ്രകടനം, അഭിനന്ദനങ്ങൾ.”

“ഒന്നര ബൗളർമാരുമായി കളിക്കേണ്ടി വന്ന നിസ്സഹായനായ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഒരാൾ ബുംറ, ബാക്കി പകുതി ജഡേജ. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷാർദുൽ എന്നിവരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ഒന്നര ബൗളർമാരുമായി ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ കഴിയില്ല. അദ്ദേഹം ക്യാപ്റ്റൻസി വളരെ നന്നായി ചെയ്തു, എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. തന്റെ വിഭവങ്ങൾ അദ്ദേഹം നന്നായി ഉപയോഗിച്ചു,” കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


നായകനായുള്ള അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി ഗിൽ ആദ്യ ഇന്നിംഗ്സിൽ 147 റൺസ് നേടിയിരുന്നു. ബാറ്റ് കൊണ്ട് വിമർശകർക്ക് മറുപടി നൽകിയതിന് കൈഫ് ഗില്ലിനെ പ്രശംസിക്കുകയും ചെയ്തു.


“ഞാൻ അദ്ദേഹത്തെ ഒരുപാട് പ്രശംസിക്കും, കാരണം ഈ പരമ്പരയിൽ അദ്ദേഹത്തിന് ഇതൊരു വലിയ ടെസ്റ്റ് ആയിരുന്നു. ഇംഗ്ലണ്ടിൽ റൺസ് നേടേണ്ടത് അദ്ദേഹത്തിന് പ്രധാനമായിരുന്നു. ഇംഗ്ലണ്ടിൽ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും, ക്യാപ്റ്റനാക്കിയെങ്കിലും റൺസ് നേടിയില്ലെന്നും എല്ലാവരും പറഞ്ഞു. പക്ഷെ അദ്ദേഹം ബാറ്റ് കൊണ്ട് ടെസ്റ്റ് പാസായി, സെഞ്ചുറി നേടി, മികച്ച ബാറ്റിംഗ്,” കൈഫ് കൂട്ടിച്ചേർത്തു.


430 റൺസെടുത്ത് ഡിക്ലയർ ചെയ്യാമെന്നായിരുന്നു കരുതിയിരുന്നത് – ശുഭ്മൻ ഗിൽ


ഇന്ത്യയുടെ റെഡ്-ബോൾ നായകനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ ആദ്യ ടെസ്റ്റ് തോൽവിയിൽ കലാശിച്ചു. ലീഡ്‌സ് ടെസ്റ്റിൽ 371 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് വിജയിക്കുകയും അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 1-0 ന്റെ ലീഡ് നേടുകയും ചെയ്തു. ശക്തമായ തുടക്കങ്ങൾക്ക് ശേഷം ടീം രണ്ട് തവണ അവസാനം തകരുകയും മോശം ഫീൽഡിംഗ്, പ്രത്യേകിച്ച് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ടീമിന് തിരിച്ചടിയാവുകയും ചെയ്തു.


മത്സരശേഷം സംസാരിച്ച ഗിൽ, എവിടെയാണ് തെറ്റ് പറ്റിയതെന്ന് സമ്മതിച്ചു. “ഇന്നലെ, ഞങ്ങൾ ഏകദേശം 430-435 റൺസെടുത്ത് ഡിക്ലയർ ചെയ്യാമെന്ന് കരുതിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ഞങ്ങളുടെ അവസാനത്തെ ആറ് വിക്കറ്റുകൾക്ക് ഏകദേശം 20-25 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ, ഇത് ഒരിക്കലും നല്ലതല്ല,” അദ്ദേഹം പറഞ്ഞു.

“ഇന്നും, അവരുടെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം ഞങ്ങൾക്ക് അവസരങ്ങൾ ഉണ്ടായിരുന്നുവെന്ന് തോന്നി – കാര്യങ്ങൾ ഈ മത്സരത്തിൽ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല.”


ഇന്ത്യയുടെ ഫീൽഡിംഗ് പിഴവുകൾക്ക് വലിയ വില നൽകേണ്ടി വന്നു, യാഷസ്വി ജയ്‌സ്വാൾ നഷ്ടപ്പെടുത്തിയ നാല് ക്യാച്ചുകൾ ഉൾപ്പെടെ ആറ് ക്യാച്ചുകളാണ് ടീം പാഴാക്കിയത്. ഈ നഷ്ടപ്പെടുത്തിയ ക്യാച്ചുകളിലൊന്ന് ബെൻ ഡക്കറ്റിന് തന്റെ സെഞ്ച്വറിക്ക് അടുത്തായിരുന്ന സ്കോർ, മത്സരം ജയിക്കാൻ സഹായിച്ച 149 റൺസായി മാറ്റാൻ അവസരം നൽകി. വിമർശനങ്ങളിൽ നിന്ന് ഗിൽ ഒളിച്ചോടിയില്ല.

“ഞങ്ങൾ കുറച്ച് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിരുന്നുവെങ്കിലും, ഞങ്ങളുടെ ലോവർ ഓർഡർ ഞങ്ങൾ ആഗ്രഹിച്ചത്ര സംഭാവന നൽകിയില്ലെങ്കിലും, ഞങ്ങൾ നൽകിയ മൊത്തത്തിലുള്ള പ്രകടനത്തിൽ ഞാൻ ഇപ്പോഴും അഭിമാനിക്കുന്നു.”

ക്യാപ്റ്റൻ ഗില്ലിനും സെഞ്ച്വറി! റിസ്ക് എടുത്ത് പന്തും! ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. സീം ബൗളിംഗിന് അനുകൂലമായ സാഹചര്യത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന നിലയിലാണ്. നായകൻ ശുഭ്മാൻ ഗിൽ 175 പന്തിൽ 127 റൺസ്* നേടി മുന്നിൽ നിന്ന് നയിച്ചപ്പോൾ, റിഷഭ് പന്ത് 102 പന്തിൽ പുറത്താകാതെ 65 റൺസ്* നേടി തന്റെ തനത് ശൈലിയിലുള്ള പ്രകടനം കാഴ്ചവെച്ചു.


കെ എൽ രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണിംഗ് വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് ദിനം ആരംഭിച്ചത്. രാഹുൽ 42 റൺസിന് ബ്രൈഡൺ കാർസിന് പുറത്തായി. തൊട്ടുപിന്നാലെ അരങ്ങേറ്റക്കാരനായ സായ് സുദർശൻ ബെൻ സ്റ്റോക്സിന്റെ പന്തിൽ റണ്ണൊന്നും എടുക്കാതെ പുറത്തായി. എന്നിരുന്നാലും, ജയ്സ്വാൾ ഉറച്ചുനിന്നു. തന്റെ മൂന്നാമത്തെ വിദേശ ടെസ്റ്റ് സെഞ്ചുറി നേടിയ അദ്ദേഹം 101 റൺസിന് സ്റ്റോക്സിന് ബൗൾഡായി.
ഗില്ലും പന്തും തമ്മിലുള്ള 138 റൺസിന്റെ കൂട്ടുകെട്ടാണ് ദിവസത്തെ പ്രധാന ആകർഷണം.

അവസാന സെഷനിൽ ഇംഗ്ലീഷ് ബൗളർമാരെ ഇരുവരും അടിച്ചുപറത്തി. ഗിൽ മികച്ച ക്ലാസ്സോടെയും കൃത്യതയോടെയും കളിച്ചു, റിസ്ക് എടുക്കാതെ കളിക്കുകയും മോശം പന്തുകളെ ശിക്ഷിക്കുകയും ചെയ്തു. അതേസമയം, പന്ത് മികച്ച ഷോട്ടുകളിലൂടെയും രണ്ട് സിക്സുകളിലൂടെയും ഇന്നിംഗ്സിന് വേഗത നൽകി.



കരുൺ നായർ, ജഡേജ, ഷാർദുൽ താക്കൂർ എന്നിവർക്ക് ഇനിയും ബാറ്റ് ചെയ്യാനുള്ളതിനാൽ, രണ്ടാം ദിനം ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ നേടാൻ ലക്ഷ്യമിടും.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ശുഭ്മാൻ ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് പന്ത് സ്ഥിരീകരിച്ചു


ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്ത് സ്ഥിരീകരിച്ചത് പ്രകാരം, പുതുതായി നിയമിതനായ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജൂൺ 20-ന് ഹെഡിംഗ്‌ലിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യും. വിരമിച്ച വിരാട് കോഹ്‌ലി ദീർഘകാലം കൈവശം വെച്ചിരുന്ന സ്ഥാനത്തേക്ക് ഗിൽ എത്തുന്നത് ഒരു സുപ്രധാന മാറ്റമാണ്.


ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായതിന് ശേഷം മൂന്നാം നമ്പറിൽ കളിച്ചിരുന്ന ഗിൽ, ഇപ്പോൾ ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ഹൃദയഭാഗത്ത് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കും. 17 ടെസ്റ്റുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 1019 റൺസ് ഗിൽ നേടിയിട്ടുണ്ട്.


“മൂന്നാം നമ്പറിൽ ആരാണ് കളിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, എന്നാൽ 4-ഉം 5-ഉം ഉറപ്പാണ്. ശുഭ്മാൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യും, ഞാൻ അഞ്ചാം നമ്പറിൽ തന്നെ തുടരും,” പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പന്ത് പറഞ്ഞു.

ശുഭ്‌മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റൻ; സായ് സുദർശനും കരുൺ നായർക്കും ടീമിൽ സ്ഥാനം



ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വലിയ മാറ്റം. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ക്യാപ്റ്റനായി ശുഭ്‌മാൻ ഗില്ലിനെ നിയമിച്ചു. രോഹിത് ശർമ്മ ഈ ഫോർമാറ്റിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് ഈ നിയമനം. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ച 18 അംഗ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 20ന് ലീഡ്സിൽ ആരംഭിക്കും.


സായ് സുദർശനും അർഷ്ദീപ് സിംഗിനും ഇത് ആദ്യ ടെസ്റ്റ് കോളപ്പ് ആണ്. അതേസമയം കരുൺ നായർ ടീമിലേക്ക് തിരിച്ചെത്തി. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ജസ്പ്രീത് ബുംറ വർക്ക് ലോഡ് കാരണം പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല.


കഴിഞ്ഞ ഒരു വർഷത്തിനിടെ ഗില്ലിൻ്റെ നേതൃത്വഗുണം വളർന്നുവെന്നും അദ്ദേഹത്തെ ദീർഘകാലത്തേക്കുള്ള ഒരു സാധ്യതയായി കാണുന്നുവെന്നും ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. “ഒന്നോ രണ്ടോ ടൂറുകൾക്ക് വേണ്ടിയല്ല ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുന്നത്,” ഗില്ലിൻ്റെ പക്വതയെയും സ്ഥിരമായ വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു.


പരിചയസമ്പന്നരായവരും യുവതാരങ്ങളും അടങ്ങിയ ഒരു മിശ്രിത ടീമാണ് ഇത്. ജഡേജ, സിറാജ്, കുൽദീപ് യാദവ് എന്നിവരെ കൂടാതെ ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് റെഡ്ഡി തുടങ്ങിയ പ്രതീക്ഷ നൽകുന്ന താരങ്ങളും ടീമിലുണ്ട്. ശ്രദ്ധേയമായി, വെറ്ററൻ പേസർ മുഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.


ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം:
ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

ടെസ്റ്റിൽ ശുഭ്മാൻ ഗിൽ ക്യാപ്റ്റനും പന്ത് വൈസ് ക്യാപ്റ്റനും ആകാൻ സാധ്യത


രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ടീം നേതൃമാറ്റത്തിന് ഒരുങ്ങുകയാണ്. ബിസിസിഐയിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്, ശുഭ്മാൻ ഗിൽ ടീമിന്റെ പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കാൻ സാധ്യതയുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. ടെസ്റ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ജസ്പ്രീത് ബുംറയ്ക്ക് തുടർച്ചയായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്കോ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കോ പരിഗണിക്കേണ്ടതില്ല എന്ന് ബോർഡ് തീരുമാനിച്ചതായാണ് വിവരം. ബുംറ മുമ്പ് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സമീപകാലത്തെ പരിക്കുകൾ, പ്രത്യേകിച്ച് പ്രധാന പരമ്പരകളും ഐപിഎല്ലിന്റെ ആദ്യ ഘട്ടവും നഷ്ടമായത് അദ്ദേഹത്തിന് തിരിച്ചടിയായി.


ടെസ്റ്റിൽ 42-ന് മുകളിൽ ശരാശരിയുള്ളതും ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സെഞ്ചുറികൾ നേടിയതുമായ ഋഷഭ് പന്തിന്റെ മികച്ച ബാറ്റിംഗ് റെക്കോർഡ് അദ്ദേഹത്തിന് അനുകൂല ഘടകമാണ്. രോഹിത് ഇല്ലാത്തതിനാൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നിർണായകമാണ്.
ഈ മാറ്റങ്ങൾക്കിടയിലും, വിരാട് കോലിയുടെ ഭാവി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ ഗില്ലിന് കൂടുതൽ സമയം നൽകുന്നതിനായി ഇംഗ്ലണ്ട് പര്യടനത്തിൽ കോലിയെ ടീമിനെ നയിക്കാൻ ആവശ്യപ്പെടുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നതായാണ് സൂചന. ഇംഗ്ലണ്ടിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും, അതേസമയം ഇന്ത്യ എ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും.

ഐപിഎല്ലിൽ ഒരു വേദിയിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ശുഭ്മാൻ ഗിൽ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെറും 20 ഐ പി എൽ ഇന്നിംഗ്‌സുകളിൽ നിന്ന് ശുഭ്മാൻ ഗിൽ 1000 റൺസ് തികച്ചു. ഒരു വേദിയിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഗിൽ ഇതോടെ മാറി. ഏതൊരു വേദിയിലും ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ എത്തുന്ന രണ്ടാമത്തെ കളിക്കാരനായും അദ്ദേഹം മാറി.

ഒരു വേദിയിൽ ഏറ്റവും വേഗത്തിൽ 1000 ഐപിഎൽ റൺസ് നേടിയവർ:

19 ഇന്നിംഗ്‌സ് – ക്രിസ് ഗെയ്ൽ (ബെംഗളൂരു)

20 ഇന്നിംഗ്‌സ് – ശുഭ്മാൻ ഗിൽ (അഹമ്മദാബാദ്)*

22 ഇന്നിംഗ്‌സ് – ഡേവിഡ് വാർണർ (ഹൈദരാബാദ്)

26 ഇന്നിംഗ്‌സ് – ഷോൺ മാർഷ് (മൊഹാലി)

31 ഇന്നിംഗ്‌സ് – സൂര്യകുമാർ യാദവ് (വാംഖഡെ)

ലീഗിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റ്സ്മാൻമാരിൽ ഒരാളെന്ന ഗില്ലിന്റെ പ്രശസ്തി അദ്ദേഹത്തിന്റെ റെക്കോർഡ് കൂടുതൽ ഉറപ്പിക്കുന്നു. ഇന്ന് ഗിൽ മുംബൈക്ക് എതിരെ 38 റൺസ് ആണ് എടുത്തത്.

ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ശുഭ്മാൻ ഗിൽ സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെയും ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെയും മികച്ച പ്രകടനത്തിന് ശേഷം ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഗിൽ, മൂന്ന് മത്സരങ്ങളിൽ നിന്ന് 86.33 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെ 259 റൺസ് നേടി.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കാമ്പെയ്‌നിലും ഗിൽ ഒരു പ്രധാന പങ്ക് വഹിച്ചു, ബംഗ്ലാദേശിനെതിരെ ഒരു മാച്ച് വിന്നിംഗ് 101* നേടുകയും പാകിസ്ഥാനെതിരായ വിജയത്തിൽ 46 റൺസ് സംഭാവന ചെയ്യുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് ഗിൽ ഈ അവാർഡ് നേടുന്നത്.

ശുഭ്മാൻ ഗിൽ ഐസിസി പ്ലെയർ ഓഫ് ദ മന്ത് നോമിനേഷനിൽ

ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്‌സ് എന്നിവരോടൊപ്പം ശുഭ്‌മാൻ ഗില്ലും തിരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തിലെയും ചാമ്പ്യൻസ് ട്രോഫിയിലെയും അസാധാരണമായ ഫോം ആണ് ഗില്ലിനെ പരിഗണിക്കാൻ കാരണം.

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ സെഞ്ച്വറി ഉൾപ്പെടെ, തൻ്റെ അവസാന ആറ് ഏകദിന മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ 416 റൺസ് നേടി. അദ്ദേഹത്തിൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ, അദ്ദേഹത്തിനെ ഐ സി സി റാങ്കിംഗിൽ ഒന്നാമതും എത്തിച്ചു.

Exit mobile version