Deepikakumari

ദീപിക ക്വാര്‍ട്ടറിൽ!!! ഭജന്‍ കൗര്‍ ഷൂട്ട്ഓഫിൽ പുറത്ത്

വനിത അമ്പെയ്ത്തിന്റെ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ ദീപിക കുമാരി. ദീപിക മിച്ചേൽ ക്രോപ്പെനെതിരെ 6-4 എന്ന സ്കോറിന് വിജയിച്ചാണ് ക്വാര്‍ട്ടറിൽ പ്രവേശിച്ചത്. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ ഇന്തോനേഷ്യന്‍ താരത്തോട് ഷൂട്ട്ഓഫിൽ  പരാജയപ്പെട്ട് പുറത്തായി. സെറ്റ് സ്കോര്‍ 5-5 ആയപ്പോള്‍ ഷൂട്ട് ഓഫിൽ ഇന്ത്യന്‍ താരത്തിന് 8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഇന്തോനേഷ്യന്‍ താരം 9 സ്കോര്‍ നേടി.

ആദ്യ സെറ്റും മൂന്നാം സെറ്റും ദീപിക നേടിയപ്പോള്‍ രണ്ടാം സെറ്റിൽ പോയിന്റുകള്‍ പങ്ക് വയ്ക്കുകയായിരുന്നു ഇരുവരും. നാലാം സെറ്റിൽ ജര്‍മ്മന്‍ താരം തിരിച്ചവരവ് നടത്തിയപ്പോള്‍ സ്കോര്‍ 5-3 ആയിരുന്നു. അവസാന സെറ്റിൽ മോശം രീതിയിലാണ് ദീപിക തുടങ്ങിയെങ്കിലും സെറ്റ് സമനിലയിലാക്കി 6-4 ന് മത്സരം ദീപിക സ്വന്തമാക്കി.

ഭജന്‍ കൗറിന്റെ ആദ്യ ശ്രമം മോശമായത് താരത്തിന് ആദ്യ സെറ്റ് കൈവിടുവാന്‍ കാരണം ആയി. പിന്നീട് രണ്ട് 10 പോയിന്റുകള്‍ താരം നേടിയെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തിൽ ഇന്തോനേഷ്യന്‍ താരം സെറ്റ് നേടി. രണ്ടാം സെറ്റിൽ തുടക്കം മോശമായെങ്കിലും മികച്ച തിരിച്ചുവരവ് ഇന്ത്യന്‍ താരം നടത്തിയപ്പോള്‍ ഇന്തോനേഷ്യന്‍ താരത്തിന്റെ അവസാന ശ്രമം മോശമായതും ഭജന്‍ കൗറിന് സ്കോര്‍ 2-2 ആക്കുവാന്‍ സഹായിച്ചു.

മൂന്നാം സെറ്റ് 28-26ന് നേടി ഇന്തോനേഷ്യന്‍ താരം 4-2ന് മുന്നിലെത്തി. നാലാം സെറ്റിൽ ഇരു താരങ്ങളും പോയിന്റുകള്‍ പങ്കുവെച്ചതോടെ മത്സരം അവസാന സെറ്റിലേക്ക് നീങ്ങി.

 

Exit mobile version