FeaturedIndian Super League

ഇഞ്ചുറി ടൈമിൽ ഗോൾ മഴ, അവസാനം വിജയം കൈപ്പിടിയിലൊതുക്കി ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ ജയിച്ചു കയറി ചെന്നൈയിൻ. ഇഞ്ചുറി ടൈമിൽ മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്.സിക്കെതിരെ ചെന്നൈയിൻ ജയിച്ചു കയറിയത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗോളുകൾ പിറന്നത്. ചെന്നൈയിൻ എഫ്.സിയുടെ സീസണിലെ ആദ്യ ജയം കൂടിയാണ് ഇന്നത്തെ മത്സരം.

മത്സരത്തിന്റെ 90ആം മിനുട്ടിൽ ഷേംബ്രിയിലൂടെയാണ് ചെന്നൈയിൻ തങ്ങളുടെ സീസണിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ തങ്ങളുടെ ആദ്യ ജയമെന്ന സ്വപനം തൊട്ടടുത്ത മിനുട്ടിൽ തന്നെ സമനില പിടിച്ച് ഹൈദരാബാദ് എഫ്.സി തകർക്കുകയായിരുന്നു. കിലഗലോണിലൂടെയാണ് ഹൈദരാബാദ്  സമനില പിടിച്ചത്. എന്നാൽ ഇഞ്ചുറി ടൈമിൽ അടുത്ത ട്വിസ്റ്റ് പിറന്ന മത്സരത്തിൽ വാൾസ്‌കിസ് ചെന്നൈയിന് വിലപ്പെട്ട മൂന്ന് പോയിന്റും ജയവും നേടികൊടുക്കുകയായിരുന്നു. ലീഗിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ചെന്നൈയിന് ഈ വിജയം ആത്മവിശ്വാസം നൽകും.