20230730 185648

പിഎസ്ജിയുടെ വല കാക്കാൻ അർനൗ ടെനാസും

മുൻ ബാഴ്‌സ അത്ലറ്റിക് ഗോൾകീപ്പർ അർനൗ ടെനാസിനെ ടീമിൽ എത്തിച്ചതായി പിഎസ്ജിയുടെ പ്രഖ്യാപനം എത്തി. സ്പാനിഷ് താരത്തെ മൂന്ന് വർഷത്തെ കരാറിൽ ആണ് ഫ്രഞ്ച് ചാമ്പ്യന്മാർ ടീമിലേക്ക് എത്തിക്കുന്നത്. ഇതോടെ 22 കാരന്റെ ആദ്യ സീനിയർ ടീം അവസരത്തിനാണ് വാതിൽ തുറന്നിരിക്കുന്നത്. വളരെ മികച്ച ഗോൾ കീപ്പർമാർ പിഎസ്ജിയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ആ പാത പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നത് എന്നും കരാർ ഒപ്പിട്ടു കൊണ്ട് ടെനാസ് പറഞ്ഞു. നിലവിൽ ഡൊന്നാറുമക്ക് കീഴിൽ രണ്ടാം കീപ്പർ ആയാവും താരത്തിന്റെ സ്ഥാനം.

മറ്റ് കീപ്പർമാരായ സെർജിയോ റിക്കോയുടെ പരിക്കും കെയ്ലർ നവാസ് ടീം വിടുമെന്ന് ഉറപ്പായതോടും കൂടിയാണ് രണ്ടാം കീപ്പർക്ക് വേണ്ടിയുള്ള ശ്രമം പിഎസ്ജി ആരംഭിച്ചത്. ബാഴ്‌സയുമായുള്ള ടെനാസിന്റെ കരാർ ജൂണോടെ അവസാനിച്ചിരുന്നു. ഇത് രണ്ടു സീസണിലേക്ക് കൂടി നീട്ടാൻ ഉള്ള സാധ്യത ടീം ഉപയോഗിച്ചില്ല. യുറോപ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം താരത്തിന് ബാഴ്‌സയിൽ തുടരാൻ സഹായകരമാകുമെന്ന് കരുതിയെങ്കിലും പുതിയ കരാർ നൽകേണ്ടെന്ന് തന്നെ ആയിരുന്നു ബാഴ്‌സയുടെ തീരുമാനം. കോച്ച് ലൂയിസ് എൻറിക്വെയുടെ സാന്നിധ്യവും ടെനാസിനെ എത്തിക്കുന്നതിൽ നിർണായകമായി. സ്പാനിഷ് കോച്ച് കളത്തിൽ ഏറെ ആശ്രയിക്കുന്ന മികച്ച പാസുകൾ നൽകാൻ കെൽപ്പുള്ള ഗോൾ കീപ്പർ ആണ് ടെനാസും. കൂടാതെ ഇരുവരുടെയും ഏജന്റും ഒരാൾ ആണെന്നത് കാര്യങ്ങൾ എളുപ്പമാക്കി.

Exit mobile version