Picsart 25 11 27 14 21 32 505

സൂപ്പർ ലീഗ് കേരള; കണ്ണൂരിന് നാളെ ജീവന്‍ മരണ പോരാട്ടം

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന് (28-11-2025 വെള്ളിയാഴ്ച) ഇറങ്ങും. രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് എഫ്സിയാണ് കണ്ണൂരിന്റെ എതിരാളി.


അവസാന മത്സരം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടാണ് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുന്നത്. സ്വന്തം ആരാധകര്‍ക്കു മുമ്പില്‍ ഒരു മത്സരം പോലും കണ്ണൂരിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണ് കണ്ണൂരിന്റെ ഹോം സ്റ്റേഡിയത്തിലെ സമ്പാദ്യം. സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനലിന് യോഗ്യത നേടാന്‍ കണ്ണൂരിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കേണ്ടി വരും. ഫോഴ്‌സ കൊച്ചിക്കെതിരെ ഇറങ്ങിയ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. പരിക്കാണ് ടീമിനെ അലട്ടുന്നത്. മധ്യനിരയില്‍ ടീമിന്റെ കളി നിയന്ത്രിക്കുന്ന ലവ്‌സാംബ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്ത് പോയിരുന്നു.

അതോടൊപ്പം അസിയര്‍ ഗോമസ്, ടി ഷിജിന്‍, ഷിബിന്‍ സാദ് തുടങ്ങിയവര്‍ പരിക്ക് മാറി ടീമില്‍ തിരിച്ചത്തുമെന്ന് പ്രതീക്ഷിക്കാം. കാലിക്കറ്റിന് ഏതിരെ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരിന് മൂന്നാം സ്ഥാനത്ത് എത്താം. സമനിലയില്‍ പിരിഞ്ഞാല്‍ നാലാമതും എത്താന്‍ സാധിക്കും.
സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരും കരുത്തരുമാണ് കാലിക്കറ്റ് എഫ്‌സി. സെമി ഫൈനലിന് ഇതിനകം ടീം യോഗ്യത നേടി കഴിഞ്ഞു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍, പ്രതിരോധ താരങ്ങള്‍, മധ്യനിര താരങ്ങള്‍, അറ്റാകിംങ് താരങ്ങള്‍. കളിക്കുന്നവരും കളിക്കാനായി ബെഞ്ചിലും പുറത്തും കാത്തിരിക്കുന്നവരും ലീഗിലെ ഏറ്റവും മികച്ച താരങ്ങള്‍. ഏട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 ഗോളാണ് ടീം അടിച്ചു കൂട്ടിയത്.

അവസാന മത്സരത്തില്‍ മലപ്പുറം എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റിന്റെ വരവ്. അറ്റാക്കിംങില്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്‌സലും അസിസ്റ്റിലെ ഒന്നാമന്‍ പ്രശാന്തും. അജ്‌സല്‍ ആറ് ഗോള്‍ നേടിയപ്പോള്‍ പ്രശാന്ത് 3 മൂന്ന് അസിസ്റ്റും 3 ഗോളും സ്വന്തമാക്കി. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഫെഡറിക്കോ ബോവാസോ, കൂട്ടിന് പെരേരയും. ഗോള്‍ പോസ്റ്റില്‍ കഴിഞ്ഞ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ ഹജ്മല്‍ സക്കീര്‍. നിലവില്‍ ഏറ്റവും കൂടുതല്‍ സേവ് നടത്തിയ കീപ്പറും ഹജ്മല്‍ ആണ്.

Exit mobile version