Picsart 25 09 13 12 13 52 614

ആക്രമണത്തിന് മൂര്‍ച്ഛകൂട്ടാന്‍ അര്‍ഷാദും വാരിയേഴ്‌സില്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കിരീടം ലക്ഷ്യമിടുന്ന കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ആക്രമണത്തിന് മൂര്‍ച്ഛകൂട്ടാന്‍ വിങ്ങര്‍ എ. അര്‍ഷാദിനെയും ടീമിലെത്തിച്ചു. ഇടതും വലതും വിങ്ങില്‍ ഒരോപോലെ കളിക്കാന്‍ സാധിക്കുന്ന താരമാണ് അര്‍ഷാദ്.


2024-25 സീസണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിന് വേണ്ടി കേരള പ്രീമിയര്‍ ലീഗ് കളിച്ച താരം നാല് ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്. രണ്ട് മത്സരത്തിലെ മികച്ച താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. 2023 ല്‍ നടന്ന റിലന്‍സ് സൗത്ത് സോണ്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ദേവഗിരി കോളേജ് കിരീടം നേടിയപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററും അര്‍ഷാദായിരുന്നു. അഞ്ച് ഗോളാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്.
2021 മുതല്‍ 2023 വരെ ലൂക്ക സോക്കര്‍ ക്ലബിന് വേണ്ടി കളിച്ച താരം കേരള പ്രീമിയര്‍ ലീഗ്, യൂത്ത് സോക്കര്‍ ലീഗ്, കെ.എഫ്.എ. അണ്ടര്‍ 14 ജില്ലാ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളിലും കളിച്ചു.

2022 ല്‍ നടന്ന യൂത്ത് സോക്കര്‍ ലീഗില്‍ ലൂക്ക സോക്കര്‍ ക്ലബ് ചാമ്പ്യന്‍മാരും ആയി. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററും അര്‍ഷാദ് ആയിരുന്നു. ലൂക്ക സോക്കര്‍ അക്കാദമിയിലൂടെയാണ് താരം ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഗോള്‍ കണ്ടെത്താനുള്ള കഴിവുമാണ് താരത്തെ മറ്റു വിങ്ങര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മേലങ്ങാടി സ്വദേശിയാണ്.

Exit mobile version