കളിക്കാൻ ടീമുകൾ ഇല്ല, സെവൻസ് സീസൺ തുടക്കം പാളുന്നോ?

സെവൻസ് സീസൺ തുടങ്ങി ഇന്ന് അഞ്ചാം ദിവസം ആവുകയാണ്. ഇതുവരെ ആകെ കളത്തിൽ ഇറങ്ങിയത് വെറും ഏഴു ടീമുകൾ ആണ്. കളിച്ച ടീമുകൾ തന്നെ രണ്ടാം റൗണ്ട് കളിച്ചും മൂന്നാം റൗണ്ട് കളിച്ചും ടൂർണമെന്റ് മുന്നോട്ട് കൊണ്ടു പോകേണ്ട ഗതികേടാണ് അഖിലേന്ത്യാ സെവൻസിലെ ആദ്യ ടൂർണമെന്റായ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിന് ഇപ്പോൾ ഉള്ളത്.

ആകെ ഒരു ടൂർണമെന്റ് മാത്രമെ തുടങ്ങിയിട്ടുള്ളൂ എങ്കിലും പല പ്രമുഖ ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിനായി ഇനിയും ഒരുങ്ങിയിട്ടില്ല എന്നതാണ് സെവൻസ് സീസണെ പ്രതിസന്ധിയിലാക്കുന്നത്. തങ്ങളുടെ പ്രധാന വിദേശ താരങ്ങൾ എത്താത്തതും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ ഉള്ളതിനാൽ കേരള താരങ്ങളുടെ അഭാവവും ഒക്കെ ടീമുകളെ വലച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പല ടീമുകളും ആദ്യ മത്സരത്തിന് തയ്യാറാവുന്നില്ല എന്നാണ് സെവൻസ് ലോകത്ത് നിന്ന് വരുന്ന വിവരം.

ടീമുകൾ തയ്യാറാണെന്ന് അറിയിക്കാത്തത് കൊണ്ട് തന്നെ മലപ്പുറം ജില്ല അടക്കം പുതിയ ടൂർണമെന്റുകളുടെ ഒക്കെ തീയതികൾ അനിശ്ചിതത്തത്തിൽ ആണ്‌. ഈ ഒരാഴ്ച കൂടിയേ ഈ പ്രശ്നം ഉണ്ടാവുകയുള്ളൂ എന്നും പിന്നീട് സെവൻസ് മൈതാനങ്ങൾക്ക് അവയുടെ സ്ഥിരം ചൂട് പിടിക്കുമെന്നും സെവൻസ് നിരീക്ഷകർ പറയുന്നു.

Exit mobile version