Picsart 23 09 03 18 38 08 715

അവസാനം സഹൽ അബ്ദുൽ സമദിന് ക്ലബ് തലത്തിൽ ഒരു കിരീടം

ഇന്ന് ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാൻ കിരീടം ഉയർത്തിയതോടെ മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് തന്റെ ക്ലബ് കരിയറിലെ ആദ്യ കിരീടം ഉയർത്തി. കഴിഞ്ഞ മാസം മാത്രമായിരുന്നു സഹൽ മോഹൻ ബഗാനിൽ എത്തിയത്‌‌. ക്ലബിൽ എത്തി ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും. ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആയിരുന്നു മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക് പോകുമ്പോൾ കിരീടം നേടുകയാണ് പ്രധാന ലക്ഷ്യം എന്ന് സഹൽ പറഞ്ഞിരുന്നു‌. അവസാന ആറു വർഷമായി സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലിൽ റണ്ണേഴ്സ് അഊ ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.

ബ്ലാസ്റ്റഴ്സിൽ കിരീടം ഇല്ലെങ്കിലും സഹൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണൽ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റൽ കപ്പും സഹൽ നേടിയിട്ടുണ്ട്. ഈ ഡ്യൂറണ്ട് കപ്പോടെ സഹൽ ക്ലബ് തലത്തിലും കൂടുതൽ കിരീടങ്ങൾ നേടും എന്ന് പ്രതീക്ഷിക്കാം‌. ഇന്ന് കിരീടം നേടിയ മോഹൻ ബഗാൻ ടീമിൽ മലയാളി താരം ആഷിഖ് കുരുണിയനും ഉണ്ടായിരുന്നു.

Exit mobile version