Picsart 23 03 03 03 21 27 446

മാഡ്രിഡിൽ ചെന്ന് എൽ ക്ലാസികോ ജയിച്ച് ബാഴ്സലോണ

കോപ ഡെൽ റേയുടെ സെമി ഫൈനലിൽ ഇന്ന് നടന്ന എൽ ക്ലാസികോ പോരാട്ടം വിജയിച്ച് ബാഴ്സലോണ. ഇന്ന് മാഡ്രിഡിൽ വെച്ച് നടന്ന ആദ്യ പാദ സെമി ഫൈനൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ പിറന്ന ഒരു സെൽഫ് ഗോളാണ് ബാഴ്സലോണക്ക് വിജയം നൽകിയത്. അത്ര ആവേശകരമായ മത്സരം ആയിരുന്നില്ല ഇൻ ബെർണബയുവിൽ കാണാൻ ആയത്. പേരുകേട്ട റയൽ മാഡ്രിഡ് താരങ്ങൾ എല്ലാം ഇന്ന് അവരുടെ മികവിൽ നിന്ന് ഏറെ ദൂരെ ആയിരുന്നു.

അവസാന രണ്ടു മത്സരങ്ങളിലെ പരാജയം മറക്കണം എന്ന് ഉറപ്പിച്ച് ഇറങ്ങിയ ബാഴ്സലോണ അവരുടെ ടാക്ടിക്സുകൾ ഇന്ന് ഒരടി പോലും പിഴക്കാതെ നടപ്പിലാക്കി. ലെവൻഡോസ്കിയും പെഡ്രിയും ഒന്നും ഇല്ലാതിരുന്നിട്ടും അവർ കളി നിയന്ത്രിച്ചു. വിനീഷ്യസും ബെൻസീമയും എല്ലാം ബാഴ്സലോണ ഡിഫൻസിന് മുന്നിൽ പതറി. അറാഹോയും കൗണ്ടേയും അറ്റാക്കുകൾ എല്ലാം തടഞ്ഞു.

26ആം മിനുട്ടിൽ ആണ് ഒരു സെൽഫ് ഗോളിലൂടെ ബാഴ്സലോണ ലീഡ് എടുത്തത്. ആ സമയം മുതൽ റയൽ മാഡ്രിഡ് സമനിലക്കായി ശ്രമിച്ചു എങ്കിലും റയലിന് ഒന്ന് ടെർ സ്റ്റേഗനെ കാര്യമായി പരീക്ഷിക്കാൻ പോലും ആയില്ല. ഇനി ഏപ്രിൽ അഞ്ചിനാണ് രണ്ടാം പാദ സെമി നടക്കുക. അതിനു മുമ്പ് ലാലിഗയിൽ ഒരു എൽ ക്ലാസികോ നടക്കാനുണ്ട്.

Exit mobile version