പയ്യന്നൂർ കോളേജ് വരാന്തയിലെ ഫുട്ബോളിന്റെ കാറ്റ്!!

Picsart 22 10 19 18 34 45 259

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് കഴിഞ്ഞ മാസം അവസാനം കാസർഗോഡ് ആരംഭിച്ചപ്പോൾ അധികം ആരും പയ്യന്നൂർ കോളേജ് ടീമിലെ പന്തു കളിക്കാർ കേരള ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടും എന്ന് പ്രവചിച്ചിരുന്നില്ല. കുറേ പ്രൊഫഷണൽ ക്ലബുകൾക്ക് എതിരെ ഒരു കോളേജ് ടീം പിടിച്ചു നിൽക്കും എന്ന് വിശ്വസിക്കാനും ആരും മുതിർന്നില്ല. എന്നാൽ ഷിബു കോച്ചും ഗണേഷ് കോച്ചും പിന്നെ പയ്യന്നൂരിന്റെ ജേഴ്സി അണിഞ്ഞ ഫുട്ബോൾ താരങ്ങളും അവരുടെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്നുണ്ടായിരുന്നു.

കെ പി എൽ യോഗ്യത റൗണ്ട് ഫൈനലിൽ കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വീണു എങ്കിലും പയ്യന്നൂർ കോളേജ് ആ മത്സരത്തിന് മുമ്പ് തന്നെ വിജയം കൈവരിച്ചിരുന്നു… ലക്ഷ്യങ്ങൾ എല്ലാം നേടി കഴിഞ്ഞിരുന്നു. കെ പി എൽ യോഗ്യത നേടുന്ന കണ്ണൂരിലെ ഏക ടീം, കെ പി എൽ യോഗ്യത നേടിയ ഈ സീസണിലെ ഏക കോളേജ് ടീം. പയ്യന്നൂർ കോളേജിന്റെ നീണ്ട ഫുട്ബോൾ ചരിത്രത്തിലെ പുതിയ ഏടുകൾ.

പയ്യന്നൂർ കോളേജ് 22 10 19 18 35 04 269

പയ്യന്നൂർ കോളേജിലെ ഫുട്ബോൾ ചരിത്രം:

1965ൽ ആയിരുന്നു പയ്യന്നൂർ കോളേജ് ആരംഭിക്കുന്നത്. അന്ന് മുതൽക്കെ തന്നെ കായിക മേഖലയിൽ സംഭാവനകൾ ചെയ്യാൻ കോളേജിന് ആകണം എന്ന നിർബന്ധബുദ്ധി അധികൃതർക്ക് ഉണ്ടായിരുന്നു. അന്ന് കായിക വിഭാഗത്തിന്റെ മേധാവി ആയി പ്രൊഫസർ എം വി ഭരതൻ നിയമിതനായി. മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗമായിരുന്നു ഭരതൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പരിശീലിപ്പിച്ചിട്ടുമുണ്ട്.

എം വി ഭരതൻ ആണ് 1979-80ൽ പയ്യന്നൂർ കോളേജിൽ ഒരു സ്പോർട്സ് ഹോസ്റ്റൽ സ്ഥാപിക്കുന്നത്. അന്ന് ഫുട്ബോളിനും വോളീബോളിനും വേണ്ടി ആണ് സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചത്. സ്പോർട്സ് ഹോസ്റ്റലിന്റെ വരവ് കോളേജിലെ ഫുട്ബോൾ ടീമുകളുടെ വളർച്ചയ്ക്ക് വലിയ ഊർജ്ജമായി മാറി.

Picsart 22 10 19 18 35 42 277

നിരവധി ദേശീയ, അന്തർ ദേശീയ താരങ്ങളെ പയ്യന്നൂർ കോളേജ് അന്ന് മുതൽ സംഭാവന ചെയ്യുന്നു. സി എം രഞ്ജിത്, മാത്യു വർഗീസ്, ബിനോയ് തുടങ്ങിയ അന്തർ ദേശീയ താരങ്ങൾ ഒരുപാട് സന്തോഷ് ട്രോഫി താരങ്ങൾ എല്ലാം പയ്യന്നൂർ കോളേജിൽ നിന്ന് ഉണ്ടായി. പയ്യന്നൂർ കോളേജിൽ നിന്ന് ആദ്യമായും അവസാനമായും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ്റ്റൻ ആയ പി വി സുമനും പയ്യന്നൂർ കോളേജിന്റെ ഫുട്ബോൾ ചരിത്രത്തിൽ പ്രാധാന്യമുള്ള താരമാണ്.

ആസിഫ് കോട്ടയിൽ എന്ന ഐ എസ് എൽ താരവും പയ്യന്നൂർ കോളേജിലൂടെ പന്ത് തട്ടിയാണ് വളർന്നത്. 2010 നു ശേഷം പയ്യന്നൂർ കോളേജിൽ നിന്ന് സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായവരാണ് ആസിഫ്, രാരി എസ് നായർ, പ്രമീഷ്, നജേഷ്, സജേഷ്, അനഘ്, ജെയിൻ, കലേഷ്, ജിയാദ് ഹസ്സൻ, വിഷ്ണു പി വി എന്നിവർ.

എം വി ഭരതനെ കൂടാതെ ബേബി ജോഷുവ, ബോസ് സാർ, മധുസുധനൻ ടി പി, ഭരതൻ കോച്ച് തുടങ്ങി സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഉള്ള നിരവധി പരിശീലകർ പയ്യന്നൂർ കോളേജിലെ ഫുട്ബോളിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.

2017-18, 2018-19 അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കണ്ണൂർ യൂണിവേഴ്സിറ്റി ടീമുകളിൽ നിരവധി പയ്യന്നൂർ കോളേജ് ടീമിലെ താരങ്ങൾ ഉണ്ടായിരുന്നു. 2017-18ൽ ആദ്യമായി കണ്ണൂർ യൂണിവേഴ്സിറ്റി വെങ്കല മെഡൽ നേടുമ്പോൾ ടീമിലെ 6 താരങ്ങൾ പയ്യന്നൂർ കോളേജിൽ നിന്ന് ആയിരുന്നു.

2018-19 വർഷം കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ പയ്യന്നൂർ കോളേജിന്റെ ജിയാദ് ഹസൻ ടീമിൽ ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദേശീയ ഗെയിംസിൽ വെള്ളി നേടിയ കേരള ടീമിനായി പയ്യന്നൂർ കോളേജിന്റെ വിഷ്ണു പി വി തിളങ്ങുന്നതും കാണാനായി.

Picsart 22 10 19 18 35 27 453

പുതിയ മാറ്റങ്ങൾ!

കേരള പ്രീമിയർ ലീഗിന് യോഗ്യത നേടിയ പയ്യന്നൂർ കോളേജിനെ മുന്നിൽ നിന്ന് നയിച്ചത് പരിശീലകൻ ഷിബുവും ഗണേഷും ആയിരുന്നു എന്ന് പറയാം. കോളേജിനെ പരിശീലിപ്പിച്ചിരുന്ന മധു കോച്ച് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ചുമതല ഒഴിഞ്ഞപ്പോൾ ആണ് യുവ പരിശീലകൻ ആയ ഷിബു പയ്യന്നൂർ കോളേജിൽ എത്തി പുതിയ ചുമലതല ഏൽക്കുന്നത്. പയ്യന്നൂർ കോളേജിന്റെ ഏറ്റവും വലിയ വൈരികളായ എസ് എൻ കോളേജിനായി ഏറെ കാലം ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ഷിബു.

Picsart 22 10 19 18 36 17 710
കോച്ച് ഷിബു

അദ്ദേഹം പയ്യന്നൂർ കോളേജിൽ എത്തിയപ്പോൾ മുന്നിൽ ഉള്ള പ്രധാന ലക്ഷ്യം തന്റെ മുൻ ടീമായ എസ് എൻ കോളേജിനെ തറപറ്റിച്ച് ഇന്റർ കോളേജ് ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജിനെ ചാമ്പ്യന്മാരാക്കുക എന്നതായിരുന്നു. കണ്ണൂർ ഡെർബി എന്ന് അറിയപ്പെടുന്ന എസ് എൻ കോളേജ് പയ്യന്നൂർ കോളേജ് പോരാട്ടത്തിനായി ഒരുങ്ങുന്നതിന് ഇടയിലാണ് കെ പി എൽ യോഗ്യത റൗണ്ട് വരുന്നത്

കഴിഞ്ഞ കണ്ണൂർ ജില്ലാ ലീഗ് ചാമ്പ്യന്മാരായ പയ്യന്നൂർ കോളേജ് അവരുടെ സ്ഥിരം ഫോർമേഷനിൽ നിന്ന് ചെറിയ മാറ്റങ്ങളുമായാണ് കെ പി എല്ലിലേക്ക് എത്തിയത്. ഷിബു കോച്ചും ഗണേഷ് കോച്ചും നടത്തിയ മാറ്റങ്ങളോട് താരങ്ങൾ പെട്ടെന്ന് ഇണങ്ങി.

കാസർഗോഡ് നടന്ന യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബൈസന്റൈൻ കൊച്ചിനെ 5-0ന് തകർത്തപ്പോൾ തന്നെ പയ്യന്നൂർ കോളേജ് വെറുതെ കളിച്ച് പോകാൻ വന്നതല്ല എന്ന് മറ്റു ടീമുകൾക്ക് മനസ്സിലായി. രണ്ടാം മത്സരത്തിൽ അവർ ഐഫ കൊപ്പത്തെ 3-1ന് തോല്പ്പിച്ചു. പിന്നെ യോഗ്യത ഉറപ്പിക്കുന്ന മത്സരത്തിൽ എഫ് സി കേരളക്ക് മുന്നിൽ. ഏറെ കാലമായി കേരള പ്രീമിയർ ലീഗിലെ സ്ഥിരം മുഖമായ എഫ് സി കേരളയെ പെനാൾട്ടിയിൽ വീഴ്ത്തി കൊണ്ട് പയ്യന്നൂർ കോളേജ് കെ പി എൽ യോഗ്യതയും ഒപ്പം ഫൈനലും ഉറപ്പിച്ചു.

ഫൈനലിൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൽ പോയി നെക്സ്റ്റ് ജെൻ കപ്പും ഗുവാഹത്തിയിൽ ചെന്ന് ഡൂറണ്ട് കപ്പും കളിച്ചു വന്ന ടീം. എന്നിട്ടും പയ്യന്നൂർ കോളേജ് ഒപ്പം നിന്നു പൊരുതി. അവസാനം പിറന്ന ഒരു ഗോളിന്റെ ബലത്തിൽ 2-1ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു എങ്കിലും പയ്യന്നൂർ കോളേജ് തല ഉയർത്തി തന്നെ കളം വിട്ടു.

പയ്യന്നൂർ കോളേജിനായി ബൂട്ടുകെട്ടിയ അറ്റാക്കിംഗ് താരങ്ങൾ ആയ ശ്രീരാജ്, ദിൽഷാദ്, വിങ്ങർ ആകാശ് രവി, സനൽ രാജ്, സ്റ്റോപ്പർ അശ്വിൻ ഇവരൊക്കെ കേരള ഫുട്ബോളിൽ അറിയപ്പെടുന്ന പേരുകളായി മാറുന്ന കാലം വിദൂരമല്ല എന്ന് പയ്യന്നൂർ കോളേജിന്റെ യോഗ്യത റൗണ്ടിലെ പ്രകടനങ്ങൾ വിലയിരുത്തി മാത്രം പറയാം.

Picsart 22 10 19 18 36 01 065
ഗണേഷ് കോച്ച് (ഇടത്), അജിത് സാർ (മധ്യത്തിൽ) ഷിബു കോച്ച് (വലത്)

പിന്നിലെ കരുത്ത്!

എക്സ് മിലിറ്ററി ആയ ഗണേഷ് സാറിന്റെ പരിചയ സമ്പത്തും ഒപ്പം ഷിബു കോച്ചിന്റെ തന്ത്രങ്ങളും ആണ് ഈ നേട്ടങ്ങളുടെ പിറകിലെ കരുത്ത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ആയ ഷിബു സി ലൈസൻസ് ഉള്ള കോച്ചാണ്. ദുബൈയിലെ സി എഫ് അക്കാദമിയിൽ മുമ്പ് പരിശീലകൻ ആയിട്ടുണ്ട്. ഒരു താരം എന്ന നിലയിൽ കണ്ണൂർ യൂണിവേഴ്സിറ്റി, പോലീസ്, കെൽട്രോൺ, ബ്രദേഴ്സ് എന്നിവർക്കായി ഷിബു ബൂട്ട് കെട്ടിയിട്ടുമുണ്ട്.

ഇവർക്ക് രണ്ടു പേർക്കും ഒപ്പം ഫിസിക്കൽ എജുക്കേഷൻ ഹെഡ് അജിത് സാർ ഈ ടീമിന് നൽകിയ പിന്തുണയും കരുത്തായി മാറി. അജിത് സാർ പരിശീലകർക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണ് നൽകിയത്. അദ്ദേഹത്തിന് ഈ ടീമിൽ ഉള്ള ആത്മവിശ്വാസമാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

പയ്യന്നൂർ കോളേജിന്റെ ഈ നേട്ടം കണ്ണൂരിനെ തന്നെ അഭിമാനം ആണ്. ഒപ്പം കേരളത്തിലെ മറ്റു കോളേജ് ഫുട്ബോൾ ടീമുകൾക്ക് പ്രചോദനവും. രാജ്യത്ത് മുഴുവൻ ട്രയൽസ് നടത്തി വളർത്തി കൊണ്ടുവരുന്ന പ്രൊഫഷണൽ ക്ലബുകളോട് ആണ് ഒരു കോളേജിൽ എത്തിപ്പെടുന്ന ടാലന്റുകളെ വെച്ച് മാത്രം പയ്യന്നൂർ കോളേജ് പൊരുതി നിന്നത്.

ആത്മാർത്ഥയും കൃത്യമായ പരിശ്രമവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യങ്ങളും നേടാം എന്ന് പയ്യന്നൂർ കോളേജ് അടിവരയിടുകയാണ്.