Picsart 24 02 02 02 50 05 417

റാസ്മസ് ഹോയ്ലൻഡിനെ സ്വന്തമാക്കാൻ ചർച്ചകൾ, എസി മിലാൻ പ്രതിനിധികൾ ഇംഗ്ലണ്ടിലെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റാസ്മസ് ഹോയ്ലൻഡിനെ സ്വന്തമാക്കാൻ എസി മിലാൻ പ്രതിനിധികൾ ഇംഗ്ലണ്ടിലെത്തി. അത്‌ലാന്റയിൽ നിന്നും വലിയ തുക മുടക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഡാനിഷ് മുന്നേറ്റതാരത്തിന് കഴിഞ്ഞ രണ്ട് വർഷം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഈ സമ്മർ ട്രാൻസ്ഫറിൽ ഹോയ്ലൻഡിനെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാണ്. സാന്റിയാഗോ ജിമിനെസിന് ഒരു മികച്ച പകരക്കാരനെ തേടുന്ന മിലാൻ യുവന്റസ് താരം ഡുസാൻ വ്ലാഹോവിച്ചിനൊപ്പം ഹോയ്ലൻഡിനെയും നോട്ടമിട്ടിട്ടുണ്ട്.


ഹോയ്ലൻഡിന് ഉയർന്ന ട്രാൻസ്ഫർ ഫീ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, താരതമ്യേന കുറഞ്ഞ വേതനം ലഭിക്കുന്നതിനാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ മിലാൻ തയ്യാറാണ്. ആദ്യം ലോണിൽ സ്വന്തമാക്കാനും പിന്നീട് മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണെങ്കിൽ സ്ഥിരമായ കരാറിൽ ഒപ്പിടാനുമാണ് മിലാൻ ലക്ഷ്യമിടുന്നത്.


മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ചമിൻ സെസ്കോയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതിനാൽ ഹോയ്ലൻഡിന് ഓൾഡ് ട്രാഫോർഡിൽ അവസരങ്ങൾ കുറവായിരിക്കും. അതിനാൽ തന്നെ താരത്തെ 30-35 മില്യൺ യൂറോക്ക് വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. അത്‌ലാന്റയിൽ കളിച്ചപ്പോൾ ഇറ്റലിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഹോയ്ലൻഡിന് ഇറ്റലിയിലേക്ക് തിരിച്ചുപോകാൻ താല്പര്യമുണ്ട്.

Exit mobile version