Picsart 24 11 02 22 06 33 279

മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ബോണ്മത്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി മാഞ്ചസ്റ്റർ സിറ്റിയെ ബോണ്മത് പരാജയപ്പെടുത്തി. ഇന്ന് വൈറ്റലിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റിയെ ബോണ്മത് തോൽപ്പിച്ചത്.

മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ സെമന്യോയുടെ ഗോളിൽ ആണ് ബോണ്മത് ലീഡ് എടുത്തത്. മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗയിലേക്ക് തൊടുക്കാൻ പോലും ആയില്ല. രണ്ടാം പകുതിയിൽ എവാനിൽസന്റെ ഒരു ഡൈവിങ് ഫിനിഷ് ബോണ്മതിന്റെ ലീഡ് ഇരട്ടിയാക്കി. ബോണ്മതിന്റെ രണ്ട് ഗോളുകളും കെർകസ് ആണ് അസിസ്റ്റ് ചെയ്തത്.

80ആം മിനുട്ടിലാണ് സിറ്റിയുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് വന്നത്. 82ആം മിനുട്ടിൽ ഗ്വാർഡിയോളിലൂടെ സിറ്റി ഒരു ഗോൾ മടക്കി കളിയിലേക്ക് തിരികെവന്നു. സിറ്റി സമനിലക്കായി ആഞ്ഞു ശ്രമിച്ചു എങ്കിലും ബോണ്മത് പ്രതിരോധം പിടിച്ചു നിന്നു.

സിറ്റിയുടെ സീസണിലെ ആദ്യ പരാജയമാണിത്. 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്‌. ബോണ്മത് 15 പോയിന്റുമായി എട്ടാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version