Picsart 24 06 15 19 16 19 607

അടുത്ത സീസണായി ഒരുങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്

കൊച്ചി – June 15, 2024 – 2024-25 സീസണ് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തായ്‌ലൻഡിൽ പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്.

പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറേ ടീമിൻ്റെ ചുമതല ഏറ്റെടുക്കും, ഒപ്പം കളിക്കാരും മറ്റുള്ളവരും തായ്‌ലൻഡിൽ നേരിട്ട് റിപ്പോർട്ട് ചെയ്യും. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേരുന്ന കളിക്കാർക്ക് പുറമേ, അക്കാദമിയിൽ നിന്നുള്ള ചില പുതിയ മുഖങ്ങളും തായ്ടീലാന്റിലെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യുവതാരങ്ങളെ സീനിയർ ടീമിലേക്ക് വളർത്തിയെടുക്കുക എന്ന ക്ലബ്ബിൻ്റെ കാഴ്ചപ്പാടിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ തീരുമാനം. തായ്‌ലാന്റിലേക്ക് പ്രീ സീസണ് വേണ്ടി പോകുന്ന സ്‌ക്വാഡിനെ ഉടൻ തന്നെ പ്രഖ്യാപിക്കും.

ജൂലൈ 26 നു തുടങ്ങുന്ന 133-ാമത് ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി, മൂന്നു ആഴ്ച നീണ്ടു നിൽക്കുന്ന ഈ പ്രീ സീസൺ ടൂറിൽ തായ്‌ലൻഡിലെ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കും. ടീമിനൊപ്പം ആദ്യമായി ചേരുന്ന പരിശീലകനെ മിക്കേലിനും അദ്ദേഹത്തിൻ്റെ പരിശീലക സംഘത്തിനും തൻ്റെ ടീമിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രവർത്തിക്കാനും ഒരു അവസരമാവും ഈ സൗഹൃദ മത്സരങ്ങൾ.

തായ്‌ലൻഡിലെ പ്രീസീസൺ ടൂറിനെ കുറിച്ച് സ്‌പോർടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:

വിദേശത്ത് പ്രീസീസൺ ആരംഭിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. ടീം പടുത്തുയർത്തുന്നതിനു ഗുണനിലവാരമുള്ള പരിശീലന സാഹചര്യങ്ങൾ, മികച്ച സൗഹൃദ മത്സരങ്ങൾ തുടങ്ങിയവ ഉപയോഗപ്രദമാകും. പുതിയ പരിശീലക സംഘത്തിനും ഇത് വളരെ പ്രധാനമാണ്.

സൗഹൃദ മത്സരങ്ങൾ എല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തപ്പെടുന്നതെങ്കിലും ആരാധകരിലേക്ക് കളിയുടെ ആവേശം എത്തിക്കുവാൻ വേണ്ടത് ചെയ്യാൻ ക്ലബ് ശ്രമിക്കും. തായ്ലാന്റിലെ പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് ശേഷം ഡ്യൂറാൻഡ് കപ്പിനായി ടീം ഡ്യൂറാൻഡ് വേദിയിലേക്ക് പറക്കും.

Exit mobile version