സഹൽ അബ്ദുൽ സമദ്, ഈ സീസൺ തന്ന മാണിക്യം

ഫലങ്ങൾ എന്തുമാവട്ടെ, കേരള ബ്ലാസ്റ്റേഴ്സ് ജയിക്കാത്തതും അവരുടെ പ്രകടനവുമൊക്കെ കേരള ഫുട്ബോൾ ആരാധകരെ നിരാശയിൽ ആക്കുന്നുണ്ട് എങ്കിലും ഒരു കാര്യം ഓർത്താൽ മാത്രം എല്ലാവരും സന്തോഷത്തിൽ ആകും. ആ കാര്യം സഹൽ അബ്ദുൽ സമദ് എന്ന കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിലെ യുവ പ്രതിഭയാണ്‌. രണ്ട് സീസണായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തിയിട്ട് എങ്കിലും ഇത്തവണയാണ് സഹലിന് ഐ എസ് എല്ലിൽ കഴിവു തെളിയിക്കാൻ അവസരം ലഭിക്കുന്നത്.

ഈ സീസണിൽ വെറും ആറ് മത്സരങ്ങളെ കഴിഞ്ഞിട്ടുള്ളൂ, ഒരു അസിസ്റ്റോ ഒരു ഗോളോ തന്റെ പേരിൽ ഇല്ല, എന്നിട്ടും ഈ സീസണിൽ ഇതുവരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമാരെന്ന ചോദ്യത്തിന് ഉത്തരമായി സഹൽ അബ്ദുൽ സമദിന്റെ പേരെ മനസ്സിൽ വരുന്നുള്ളൂ. അതാണ് ഈ താരത്തിന്റെ മികവും. വൻ ഫിസിക്കൽ പ്രസൻസുള്ളവരും ഫുട്ബോളിൽ വർഷങ്ങളായി കഴിവ് തെളിയിച്ചവരും ഭരിക്കുന്ന ഐ എസ് എല്ലിലെ മിഡ്ഫീൽഡ് ഭാഗം ഈ ചെറിയ യുവതാരം ഭരിക്കുകയാണ് ഇപ്പോൾ.

ഈ കഴിഞ്ഞ ആറു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിന് ഇത്തിരി താളമുള്ളതായി തോന്നിയിട്ടുണ്ട് എങ്കിൽ അത് സഹലിന്റെ കഴിവാകും. സഹൽ സ്റ്റാാർട്ട് ചെയ്യതിരുന്നപ്പോഴും സഹലിനെ സബ്ബായി പിൻവലിക്കുമ്പോഴും സഹലിന്റെ കുറവ് മിഡ്ഫീൽഡിൽ തെളിഞ്ഞ് കാണാനും ആകും. പന്ത് കാലിൽ വെക്കാൻ കഴിവുള്ള ആരെയും ഡ്രിബിൾ ചെയ്ത് നീങ്ങാൻ മടി ഇല്ലാത്ത, ഷോട്ട് എടുത്താൽ കീപ്പർക്ക് പണി കൊടുക്കുമെന്ന് ഉറപ്പുള്ള ഒരു മിഡ്ഫീൽഡറായി സഹൽ വളരുകയാണ്.

ഗോളും അസിസ്റ്റും ഇതുവരെ ഇല്ലാ എങ്കിലും ഗോളിന് അടുത്ത് എത്താനും രണ്ട് പെനാൽറ്റികൾ കേരളത്തിന് നേടിക്കൊടുക്കാനും സഹലിന് ഇതുവരെ ആയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദ് രണ്ട് വർഷം മുമ്പ് നടന്ന സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. അന്ന് സന്തോഷ് ട്രോഫിയിൽ കാണിച്ച മികവാണ് സഹലിനെ ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

സി കെ വിനീതിനെ പോലെ കണ്ണൂർ എസ് എൻ കോളേജിലൂടെ വളർന്നു വന്ന താരമാണ് സഹൽ. മുമ്പ് യു എ ഇ അക്കാദമിയായ ഇത്തിഹാദ് സ്പോർട്സ് അക്കാദമി ടീമിനു വേണ്ടിയും സഹൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

ഈ സീസൺ സഹലിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിനെ അറിയിക്കുന്ന സീസണായി മാറും എന്ന പ്രതീക്ഷ കേരള ഫുട്ബോൾ ആരാധകർക്ക് ഉണ്ട്. സഹലിന്റെ മികവ് കേരള ബ്ലാസ്റ്റേഴ്സ് തീർത്തും ഉപയോഗിക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു. ഡെവിഡ് ജെയിംസിന് ഏറെ പ്രിയപ്പെട്ട താരമാണ് സഹൽ എന്നതുകൊണ്ട് കൂടുതൽ അവസരങ്ങൾ ഈ യുവതാരത്തിന് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലാതെയാക്കുന്നു.

Exit mobile version