Jofraarcher

ദക്ഷിണാഫ്രിക്ക 72 റൺസിന് ഓള്‍ഔട്ട്, മൂന്നാം ഏകദിനത്തിൽ 324 റൺസ് വിജയം നേടി ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 324 റൺസിന്റെ കൂറ്റന്‍ വിജയം നേടി ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക നേരത്തെ ജയിച്ചുവെങ്കിലും മൂന്നാം ഏകദിനത്തിൽ ദയനീയമായ പ്രകടനമാണ് ടീം പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും ജേക്കബ് ബെത്തലും ശതകങ്ങള്‍ നേടിയപ്പോള്‍ ജാമി സ്മിത്തും ജോസ് ബട്‍ലറും അര്‍ദ്ധ ശതകങ്ങള്‍ നേടി.  ബെത്തൽ തന്റെ കന്നി ഏകദിന ശതകമാണ് ഇന്ന് നേടിയത്.

ബെത്തൽ 82 പന്തിൽ 110 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 96 പന്തിൽ 100 റൺസ് നേടി. ജാമി സ്മിത്ത് 48 പന്തിൽ 62 റൺസാണ് നേടിയത്. ജോസ് ബട്ലര്‍ പുറത്താകാതെ 32 പന്തിൽ നിന്ന് 62 റൺസ് നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ കേശവ് മഹാരാജും കോര്‍ബിന്‍ ബോഷും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 414 റൺസാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ജോഫ്ര ആര്‍ച്ചര്‍ തന്റെ തീപാറും ബൗളിംഗിലൂടെ തകര്‍ത്തെറിയുകയായിരുന്നു. 7 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 24/6 എന്ന നിലയിലായിരുന്നു. 20 റൺസുമായി കോര്‍ബിന്‍ ബോഷും 17 റൺസ് നേടി കേശവ് മഹാരാജും ആണ് ടീമിനെ 50 കടക്കുവാന്‍ സഹായിച്ചത്.

ജോഫ്ര 18 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടിയപ്പോള്‍ ആദിൽ റഷീദ് മൂന്നും ബ്രൈഡന്‍ കാര്‍സ് രണ്ട് വിക്കറ്റും നേടി.

Exit mobile version