റഫറി ചതിച്ചു, ഗോകുലത്തിന്റെ വിജയം തട്ടിയെടുത്തു

ഐലീഗിൽ ഗോകുലത്തിന്റെ വിജയം റഫറി തട്ടിയെടുത്തു എന്ന് തന്നെ പറയേണ്ടി വരും. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ 1-1 എന്ന സമനില കൊണ്ട് ഗോകുലം തൃപ്തിപ്പെടേണ്ടി വന്നത് റഫറിയുടെ മാത്രം പിഴവു കൊണ്ടായിരുന്നു. ഇന്ന് മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഗോകുലം മുന്നിൽ എത്തിയിരുന്നു. അരങ്ങേറ്റക്കാരൻ രാഹുൽ കെ പിയുടെ അസിസ്റ്റിൽ മാർക്കസ് ജോസഫ് ആയിരുന്നു ഗോകുലത്തിന് ലീഡ് നൽകിയത്.

മത്സരത്തിന്റെ 23ആം മിനുട്ടിൽ ഒരു പെനാൾട്ടി ഈസ്റ്റ് ബംഗാളിന് സമനില നേടാൻ അവസരം നൽകി. പെനാൾട്ടിയ തന്നെ ഈസ്റ്റ് ബംഗാളിന് റഫറി വെറുതെ സമ്മാനിച്ചതായാണ് തോന്നപ്പെട്ടത്. പിന്നാലെ 49ആം മിനുട്ടിൽ ഗോകുലത്തിന്റെ നവോചയെ റഫറി ചുവപ്പ് നൽകി പുറത്താക്കി. എന്നിട്ടും ഗോകുലം തന്നെ മികച്ചു നിന്നു. മത്സരത്തിൽ 90ആം മിനുട്ടിൽ മായക്കണ്ണനിലൂടെ ഗോകുലം ലീഡും എടുത്തു. എന്നാൽ ലൈൻ റഫറി ഓഫ് സൈഡ് വിളിച്ച് ഗോകുലത്തെ തകർത്തു.

റീപ്ലേകളിൽ ഒരു വിധത്തിലും ഓഫ് സൈഡ് അല്ല എന്ന് തെളിയുന്നുണ്ട്. ഓഫ് സൈഡിനെതിരെ പ്രതിഷേധിച്ച അമീരിക്ക് ചുവപ്പ്കാർഡ് നൽകി ഗോകുലത്തെ 9 പേരാക്കി ചുരുക്കാനും റഫറിക്കായി. ഗോകുലത്തിന് ഈ ഫലം വലിയ നിരാശ തന്നെയാണ് നൽകുന്നത്. ഇപ്പോൾ 19 പോയന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് ഗോകുലം.

Exit mobile version