പുതിയ പരിശീലകൻ എത്തി, ഈസ്റ്റ് ബംഗാളിന്റെ ആദ്യ വിജയവും

ഐ എസ് എല്ലിൽ അവസാനം ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ന് പുതിയ പരിശീലകൻ റിവേരയുടെ കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഈസ്റ്റ് ബംഗാൾ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും നേടിയതും മഹേഷ് ആണ്. മത്സരത്തിന്റെ 9ആം മിനുട്ടിൽ എഫ് സി ഗോവ ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ആയിരുന്നു മഹേഷിന്റെ ആദ്യ ഗോൾ. മഹേഷിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്.
20220119 212704

മത്സരത്തിന്റെ 37ആം മിനുട്ടിൽ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ നൊഗ്വേര ഗോവയ്ക്ക് സമനില തിരിച്ചു നൽകി. പക്ഷെ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ മഹേഷ് ഈസ്റ്റ് ബംഗാളിന് ലീഡ് തിരികെ നൽകി. ഈ ഗോളും ഗോവ ഡിഫൻസിന്റെ പിഴവിൽ നിന്നായിരുന്നു പിറന്നത്.

ഈ വിജയം ഈസ്റ്റ് ബംഗാളിനെ അവസാന സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് ഉയർത്തി. 12 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് ആണ് ഈസ്റ്റ് ബംഗാളിന് ഉള്ളത്. ഗോവ 13 പോയിന്റുമായി 9ആം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version