Picsart 23 10 12 20 48 59 060

ദക്ഷിണാഫ്രിക്കൻ ആധിപത്യം, ഓസ്ട്രേലിയക്ക് രണ്ടാം മത്സരത്തിലും തോൽവി

ലോകകപ്പിൽ ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് ലഖ്നൗവിൽ ദക്ഷിണാഫ്രിക്കയെ നേരിട്ട ഓസ്ട്രേലിയ 134 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയോടും പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്ക അവരുടെ രണ്ടാം ജയത്തോടെ ടേബിളിൽ ഒന്നാമത് എത്തി. ഇന്ന് 312 എന്ന ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 177 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. തുടക്കത്തിൽ 70 റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ ഓസ്ട്രേലിയയുടെ 6 വിക്കറ്റുകൾ നഷ്ടമായിരുന്നു.

7 റൺ എടുത്ത മിച്ചൽ മാർഷ്, 13 റൺ എടുത്ത വാർണർ, 19 റൺ എടുത്ത സ്റ്റീവ് സ്മിത്ത്, 5 റൺസ് എടുത്ത ഇംഗ്ലിസ്, 3 റൺസ് എടുത്ത മാക്സ്‌വെൽ എന്നിവർ ബാറ്റു കൊണ്ട് നിരാശപ്പെടുത്തി. 70-6 എന്ന നിലയിൽ നിന്ന് ലബുഷാനെയും സ്റ്റാർകും ചേർന്ന് ഓസ്ട്രേലിയയെ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തി.

ലബുഷാനെ 74 പന്തിൽ നിന്ന് 46 റൺസ് എടുത്തു. സ്റ്റാർക് 51 പന്തിൽ 27 റൺസും എടുത്തു. എങ്കിലും കിജയം ഏറെ ദൂരെ ആയിരുന്നു. ദക്ഷിണാഫ്രിക്കക്ക് ആയി റബാഡ ആയിരുന്നു ബൗൾ കൊണ്ട് ഏറ്റവും നന്നായി തിളങ്ങിയത്. റബാഡ 3 വിക്കറ്റും, യാൻസൺ, മഹാരാജ്, ഷംസി എന്നിവർ 2 വിക്കറ്റും, എംഗിഡി ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 311/7 റൺസ് ആണ് എടുത്തത്‌. ഓപ്പണർ ഡി കോകിന്റെ സെഞ്ച്വറിയും മക്രം നേടിയ അർധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്‌. ഡി കോക്ക് 109 റൺസ് ആണ് എടുത്തത്. 106 പന്തിൽ നിന്നായിരുന്നു 109 റൺസ്. 5 സിക്സും 8 ഫോറും അദ്ദേഹം നേടി.

ക്യാപ്റ്റൻ ബാവുമ 35 റൺസും വാൻ ഡെർസൻ 26 റൺസും എടുത്തു. മികച്ച രീതിയിൽ ബാറ്റു ചെയ്തിരുന്ന മാത്രം ഔട്ട് ആയിരുന്നില്ല എങ്കിൽ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക് എത്തിയേനെ‌. 44 പന്തിൽ നിന്ന് 56 റൺസ് എടുക്കാൻ മാക്രമിനായി‌‌. 1 സിക്സും 7 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

ക്ലാസൻ 29, ഹാൻസൻ 26, മില്ലർ 17 എന്നിവരും ദക്ഷിണാഫ്രിക്കയെ 300 കടക്കാൻ സഹായിച്ചു.

ഓസ്ട്രേലിയക്ക് ആയി മാക്സ്‌വെൽ, സ്റ്റാർക് എന്നിവർ 2 വിക്കറ്റ് വീതം നേടിയപ്പോൾ പാറ്റ് കമ്മിൻസ്, ആഡം സാമ്പ, ഹേസില്വുഡ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

Exit mobile version