Picsart 25 05 29 09 50 24 219

ഐപിഎൽ ക്വാളിഫയർ: ഫൈനൽ ലക്ഷ്യമിട്ട് പഞ്ചാബും ആർസിബിയും


ഐപിഎൽ 2025 ലെ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ന്യൂ ചണ്ഡീഗഡിൽ ഏറ്റുമുട്ടും. ഇരു ടീമുകളും കിരീടത്തിലേക്ക് ഒരു അപൂർവ അവസരം തേടുകയാണ്. 11 വർഷത്തിന് ശേഷം ആദ്യ രണ്ട് സ്ഥാനങ്ങളിൽ തിരിച്ചെത്തിയ പഞ്ചാബും 9 വർഷത്തിന് ശേഷം ഈ ഘട്ടത്തിലെത്തിയ ബാംഗ്ലൂരും ഈ സീസണോടെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ്.

ശ്രേയസ് അയ്യരുടെയും പരിശീലകൻ റിക്കി പോണ്ടിംഗിന്റെയും കീഴിൽ പഞ്ചാബ് ഭയമില്ലാത്ത ആക്രമണാത്മക ക്രിക്കറ്റാണ് കളിക്കുന്നത്, അവരുടെ യുവതാരങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. രജത് പാട്ടിദാറിൻ്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ, കോഹ്ലിയെപ്പോലുള്ള താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി, മികച്ച ഒരു കൂട്ടായ്മയിലൂടെ വിജയങ്ങൾ നേടുന്നു എന്ന പ്രത്യേകതയുണ്ട്.


ഈ സീസണിൽ ഏറ്റു മുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ വിജയം വീതം നേടി. മുംബൈ ഇന്ത്യൻസിനെതിരെ ആധികാരിക വിജയം നേടിയാണ് പഞ്ചാബ് ഈ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം ലഖ്‌നൗവിനെതിരെ 228 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ.


പഞ്ചാബിന് ഇന്ന് മാർക്കോ യാൻസനെ നഷ്ടമാകും, പകരം അസ്മത്തുള്ള ഒമർസായി കളിക്കും. യുസ്‌വേന്ദ്ര ചാഹൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. ബാംഗ്ലൂർ പാട്ടിദാറിനെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഹേസൽവുഡ് തിരിച്ചെത്തും, ടിം ഡേവിഡും ഇന്ന് കളിക്കും എന്ന് പ്രതീക്ഷയുണ്ട്.

Exit mobile version