ഇന്ത്യയുടെ കിവി പരീക്ഷ

Rishad

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രലേഷ്യൻ പര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പരയും, ഏകദിന പരമ്പരയും ജയിച്ച ഇന്ത്യയ്ക്ക് പക്ഷേ ന്യൂസീലൻഡ് എത്ര എളുപ്പമാവില്ല.

പ്രധാന കാരണം അവരുടെ ബാറ്റിംഗ് നിരകളിലെ വ്യത്യാസം തന്നെ. കഴിഞ്ഞ ലോകകപ്പിന് ശേഷം കോഹ്ലിക്ക് പുറകിലായി ഏറ്റവുമധികം ശരാശരിയിൽ ഏകദിന റൺസ് നേടിയത് റോസ് ടെയ്‌ലർ ആണ്. പിന്നെ കെയ്ൻ വില്യംസൺ എന്ന അതികായൻ. ഗപ്ടിൽ – കോളിൻ മൺറോ എന്ന ഓപ്പണിങ് ദ്വയം ഇതുവരെ വൻ വിജയം ആയിട്ടില്ല എങ്കിലും തങ്ങളുടേതായ ദിവസങ്ങളിൽ കളി മാറ്റി മറിക്കാൻ കെൽപ്പുള്ള വെടിക്കെട്ട് ബാറ്റ്സ്മാൻമാരാണ് രണ്ടുപേരും. വില്യംസൺ, ടെയ്‌ലർ, എന്നിവർക്ക് പുറകെ വരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലാതം ആണെങ്കിലും, ഹെൻറി ആണെങ്കിലും തകർപ്പൻ ഫോമിൽ ആണ്.

ഓൾ റൗണ്ടറിന്റെ കാര്യത്തിൽ സംശയത്തിന് വകയുണ്ടെങ്കിലും ഗ്രാൻഡ്ഹോമിന് ആയിരിക്കും സാധ്യത. പരിക്കിൽ നിന്ന് മടങ്ങി വരുന്ന സാന്റ്‌നർ ആണ് മറ്റൊരു സാധ്യത. ട്രെന്റ് ബോൾട്ട്, ടിം സൗതീ, എന്നീ സീനിയർ ബൗളർമാർ ഇന്ത്യയ്ക്ക് കാര്യങ്ങൾ കഠിനമാക്കും.

ബുംറയുടെ അസാന്നിധ്യം ഓസ്ട്രേലിയൻ ഏകദിന മത്സരങ്ങളിൽ അറിഞ്ഞില്ല എങ്കിലും, അത് മാറിമറിയാൻ ഉള്ള സാധ്യതകൾ ന്യൂസീലൻഡിൽ കൂടുതലാണ്. ഉയർന്ന സ്കോറുകൾ വരാനുള്ള തരത്തിലാവും പിച്ചും, ബൗണ്ടറി അളവുകളും. മനോഹരമായ ബാക്ക്‌ഡ്രോപ്പുകൾ ഉള്ള ന്യൂസീലൻഡ് ഗ്രൗണ്ടുകളിൽ റൺ ഒഴുക്ക് തടഞ്ഞാലെ ജയിക്കാൻ കഴിയുകയുള്ളൂ.

ചാഹൽ, കുൽദീപ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കാൻ പറ്റുന്ന ഒരു ടീം കോമ്പിനേഷൻ ഹർധിക്ക്‌ പാണ്ട്യയുടെ അപ്രതീക്ഷിതമായ വിലക്കിന് ശേഷം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജയ് ശങ്കർ ഓസ്ട്രേലിയയോട് കളിച്ച അവസാന മത്സരത്തിൽ ലൈനും ലെങ്തും കൃത്യം ആയിരുന്നു എങ്കിലും, സ്പെഷ്യൽ എന്ന് പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ നാലാം നമ്പർ ബാറ്റ്സ്മാൻ ആയി ആരെ കളിപ്പിക്കണം എന്ന് ഇതുവരെ ഉറപ്പ് ആയിട്ടില്ല.

കോഹ്ലി – രോഹിത് ശർമ എന്നിവർ നല്ല ഫോമിലാണ് ഉള്ളത്, ധവാൻ അധികകാലം ഒന്നും ഏകദിനത്തിൽ ഫോം ഔട്ട് ആയിട്ട് ഇരുന്നിട്ടുമില്ല. ധോണിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് ഇന്ത്യൻ ആരാധകർക്ക് സന്തോഷം ആണ് എങ്കിലും ഉയർന്ന സ്‌കോറുകൾ വരുന്ന മത്സരങ്ങളിൽ അദ്ദേഹം എങ്ങനെ കളിക്കും എന്ന് അറിയാൻ ആകാംക്ഷ കൂടുതലാണ്.

ഏറ്റവും പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന വസ്തുത ശുഭ്മാൻ ഗില്ലിന്റെ വരവാണ്. ഇന്ത്യയുടെ 2018 U19 ലോകകപ്പ് നേടിയ ടീമിലെ തന്നെ പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവർക്ക്‌ അവസരം ലഭിച്ചപ്പോൾ, വളരെ സ്ഥിരതയോടെ കളിക്കുന്ന ഗില്ലിന് അവസരം ഉടനെ തന്നെ വരുമെന്ന് ഉറപ്പായിരുന്നു. യൂത്ത് ഏകദിന റെക്കോർഡുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് പുതിയൊരു ദിശബോധം നൽകാൻ കഴിവുള്ള ഒരു കളിക്കാരന്റെ വരവാണ് പരമ്പര ആദ്യമേ നേടുകയാണ് എങ്കിൽ അവസാന മത്സരത്തിന് നാലാം സ്ഥാനത്ത് ഗിൽ കളിക്കും എന്ന് തന്നെ കരുതാം.