ഡര്‍ബനില്‍ ചരിത്രം ചേസ് ചെയ്ത് ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും മധ്യനിരയില്‍ നങ്കൂരമിട്ടപ്പോള്‍ ഡര്‍ബനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതു ചരിത്രം സൃഷ്ടിച്ചു. ഇന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. വിരാട് കോഹ്‍ലി തന്റെ 33ാം ശതകം നേടിയപ്പോള്‍ രഹാനെ മികവാര്‍ന്ന ഇന്നിംഗ്സിലൂടെ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. വിരാട് 112 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെ 79 റണ്‍സ് നേടി ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി 120 റണ്‍സുമായി ടീമിനു വേണ്ടി തിളങ്ങി. ക്രിസ് മോറിസ്(37), ക്വിന്റണ്‍ ഡിക്കോക്ക്(34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യൂസുവേന്ദ്ര ചഹാല്‍ രണ്ടും വിക്കറ്റ് നേടി.

270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ (20) തുടക്കത്തില്‍ നഷ്ടമായി. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു ശിഖര്‍ ധവാന്‍ റണ്‍ഔട്ട് ആയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 67 ആയിരുന്നു. ധവാന്‍ 35 റണ്‍സാണ് നേടിയത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ വിരാട് കോഹ്‍ലി-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റുകയായിരുന്നു. 189 റണ്‍സാണ് സഖ്യം മൂന്നാം വിക്കറ്റില്‍ നേടിയത്. 79 റണ്‍സ് നേടി രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിനു 14 റണ്‍സ് മാത്രം അകലെയായിരുന്നു.

രഹാനയെയും വിരാട് കോഹ്‍ലിയെയും പുറത്താക്കി ആന്‍ഡിലെ ഫെഹ്ലുക്വായോ ആണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്നത്. മോണേ മോര്‍ക്കലിനാണ് ഒരു വിക്കറ്റ്. വിരാട് കോഹ്‍ലിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial