ശ്രീലങ്കയിൽ സുരക്ഷാ ആശങ്കകൾ ഇല്ലെന്ന് തമീം ഇക്ബാൽ

ശ്രീലങ്കയിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും തങ്ങൾക്ക് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ വളരെ മികച്ചതാണെന്നും ബംഗ്ളദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ. കഴിഞ്ഞ ഏപ്രിൽ 21ന് ഉണ്ടായ ചർച്ച് ആക്രമണങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ആദ്യ ക്രിക്കറ്റ് ടീം ആണ് ബംഗ്ളദേശ്. അന്ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ 258 ആൾക്കാർ കൊല്ലപ്പെട്ടിരുന്നു.

താനും മറ്റു ബംഗ്ളദേശ് താരങ്ങളും ശ്രീലങ്കകയിൽ വളരെ സുരക്ഷിതരാണെന്നും തങ്ങളുടെ ശ്രദ്ധ മുഴുവൻ അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന മത്സരത്തിൽ ആണെന്നും തമീം ഇക്‌ബാൽ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ബംഗ്ളദേശും ഇതേ പോലുള്ള അവസ്ഥയിൽ ആയിരുന്നെന്നും ശ്രീലങ്ക അതിന് ശേഷം ബംഗ്ളദേശിൽ വന്ന് പരമ്പര കളിച്ച കാര്യവും തമീം സൂചിപ്പിച്ചു.

ജൂലൈ 26നാണ് ശ്രീലങ്കയും ബംഗ്ളദേശും തമ്മിലുള്ള ആദ്യ ഏകദിന മത്സരം.  അതെ സമയം ശ്രീലങ്കയിൽ തുടർന്ന് വരുന്ന അടിയന്തരാവസ്ഥ അധികൃതർ ഓഗസ്റ്റ് 22 വരെ നീട്ടിയിട്ടുണ്ട്.

Exit mobile version