Picsart 23 09 10 21 03 45 184

മഴ മാറിയില്ല, ഇന്ത്യ പാക് പോരാട്ടത്തിന്റെ ബാക്കി നാളെ നടക്കും

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യ പാകിസ്താൻ പോരാട്ടം മഴ കാരണം ഇന്ന് പൂർത്തിയാക്കാൻ ആയില്ല. മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ നാളെ ബാക്കി മത്സരം നടത്താൻ അമ്പയർമാർ തീരുമാനിച്ചു. നാളെ 3 മണിക്ക് ആകും മത്സരം പുനരാരംഭിക്കുക. 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു മഴ വന്നത്. അതേ സ്കോറിൽ കളി പുനരാരംഭിക്കും.

ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇപ്പോൾ 8 റൺസുമായി കോഹ്ലിയും 17 റൺസുമായി രാഹുലുമാണ് ക്രീസിൽ ഉള്ളത്.

Exit mobile version