തീപ്പൊരി ബാറ്റിംഗുമായി റിസ്വാനും നവാസും, ആസിഫിന്റെ ക്യാച്ച് കൈവിട്ടതും വിനയായി, സൂപ്പര്‍ ഫോറിൽ ഇന്ത്യയ്ക്ക് കാലിടറി
ഏഷ്യ കപ്പിലെ സൂപ്പര്‍ 4ൽ പാക്കിസ്ഥാന് മുന്നിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ നൽകിയ 182 റൺസ് വിജയ ലക്ഷ്യം പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയ്ക്ക് തോൽവി സമ്മാനിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് വിക്കറ്റുകളുമായി നടത്തിയെങ്കിലും പാക്കിസ്ഥാന് വേണ്ടി നിര്‍ണ്ണായകമായ 33 റൺസ് നേടി അഞ്ചാം വിക്കറ്റിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും വിജയം ഉറപ്പിക്കുകയായിരുന്നു. 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്റെ വിജയം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ പിറന്ന 19 റൺസും ഇന്ത്യന്‍ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ മൊഹമ്മദ് റിസ്വാനും മൊഹമ്മദ് നവാസും ചേര്‍ന്ന് 73 റൺസാണ് അടിച്ചുകൂട്ടിയത്. ഇരുവരും അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതൽ അപകടകാരിയായത് നവാസ് ആയിരുന്നു. അവസാന ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
അവസാന രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും ചേര്‍ന്ന് പാക്കിസ്ഥനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ ബാബര്‍ അസമിനെ നഷ്ടമായ പാക്കിസ്ഥാന് വേണ്ടി വലിയ തോതിൽ സ്കോറിംഗ് നടത്തിയത് മുഹമ്മദ് റിസ്വാന്‍ ആയിരുന്നു. ഫകര്‍ സമനും സ്കോറിംഗ് റേറ്റ് ഉയര്‍ത്താനായില്ലെങ്കിലും റിസ്വാന്റെ ബാറ്റിംഗ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.
പത്തോവര്‍ പിന്നിടുമ്പോള്‍ 76 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന് കൂട്ടായി എത്തിയ മൊഹമ്മദ് നവാസ് വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ പാക് ക്യാമ്പിൽ പ്രതീക്ഷ വന്നു. മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 75 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. മികച്ച ഫോമിലുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന് അനുകൂലമായി കാര്യങ്ങള്‍ മാറ്റുകയായിരുന്നു.
ഹാര്‍ദ്ദിക് എറിഞ്ഞ 14ാം ഓവറിൽ 12 റൺസും ചഹാൽ എറിഞ്ഞ 15ാം ഓവറിൽ 16 റൺസും പിറന്നപ്പോള്‍ പാക്കിസ്ഥാന്റെ വിജയ ലക്ഷ്യം 5 ഓവറിൽ 47 റൺസായി കുറഞ്ഞു. മത്സരഗതിയെ പാക്കിസ്ഥാന്‍ പക്ഷത്തേക്ക് കൂടുതൽ അടുപ്പിച്ചത് ഈ രണ്ട് ഓവറുകളായിരുന്നു.
41 പന്തിൽ 73 റൺസ് നേടിയ കൂട്ടുകെട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് തകര്‍ത്തത്. 20 പന്തിൽ 42 റൺസ് നേടിയ നവാസിന്റെ വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. തൊട്ടടുത്ത ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ മൊഹമ്മദ് റിസ്വാനെ വീഴ്ത്തി ഇന്ത്യയ്ക്കായി വലിയ ബ്രേക്ക് ത്രൂ നേടി. 51 പന്തിൽ 71 റൺസായിരുന്നു റിസ്വാന്‍ നേടിയത്.
അവസാന 18 പന്തിൽ 34 റൺസ് ആയിരുന്നു വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. രവി ബിഷ്ണോയി എറിഞ്ഞ 18ാം ഓവറിൽ ആസിഫ് അലി നൽകിയ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓവറിൽ നിന്ന് 8 റൺസ് മാത്രം വന്നപ്പോള്‍ 12 പന്തിൽ 26 ആയി മാറി പാക്കിസ്ഥാന്റെ ലക്ഷ്യം. ഭുവി എറിഞ്ഞ 19ാം ഓവറിൽ 19 റൺസ് പിറന്നതോടെ അവസാന ഓവറിൽ ഏഴ് റൺസായി ലക്ഷ്യം മാറി.
അവസാന ഓവറിൽ ആസിഫ് അലിയെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോള്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 17 പന്തിൽ 33 റൺസ് നേടി പാക്കിസ്ഥാനെ വിജയത്തിന് 2 റൺസ് അകലെ വരെ എത്തിച്ചിരുന്നു. ആസിഫ് അലി 8 പന്തിൽ 16 റൺസ് നേടിയപ്പോള്‍ ഖുഷ്ദിൽ ഷാ 14 റൺസുമായി പുറത്താകാതെ നിന്നു.