ന്യൂസിലൻഡിന് വീണ്ടും തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഒ’റൂർക്ക് കളിക്കില്ല


സിംബാബ്വെ പര്യടനത്തിലുള്ള ന്യൂസിലൻഡ് ടീമിന് വീണ്ടും തിരിച്ചടി. പരിക്കിനെ തുടർന്ന് പേസ് ബൗളർ വിൽ ഒ’റൂർക്ക് രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തായി. പുറം വേദനയെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങി. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഒ’റൂർക്കിന് വേദന അനുഭവപ്പെട്ടത്.


നേരത്തെ പേശിവലിവ് കാരണം നഥാൻ സ്മിത്തിനും ടീമിൽ നിന്ന് പുറത്തുപോയിരുന്നു. സ്മിത്തിന് പകരം സക്കറി ഫൗൾക്കസിനെ ടീമിൽ ഉൾപ്പെടുത്തി. ഇടംകൈയ്യൻ പേസ് ബൗളറായ ബെൻ ലിസ്റ്റർ ടീമിൽ തുടരും.


വരാനിരിക്കുന്ന എട്ട് മാസത്തെ മത്സരങ്ങൾ കണക്കിലെടുത്ത് ഒ’റൂർക്കിന്റെ പരിക്ക് ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബൗളിംഗ് പരിശീലകൻ ജേക്കബ് ഓറം പറഞ്ഞു. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ വിക്കറ്റൊന്നും നേടാൻ ഒ’റൂർക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒ’റൂർക്കിന്റെ പരിക്ക് ജേക്കബ് ഡഫി, മാത്യു ഫിഷർ എന്നിവരിൽ ഒരാൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും.


ഓഗസ്റ്റ് 7-നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

Exit mobile version