Img 20251124 Wa0212

അണ്ടർ 18 AIFF എലൈറ്റ് ലീഗ് മത്സരങ്ങൾക്കൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി, നവംബർ 24, 2025: 2025-26 AIFF U-18 എലൈറ്റ് ലീഗ് പോരാട്ടങ്ങൾക്കായി തയ്യാറായി കുട്ടി ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹൻ ഷായാണ് നയിക്കുന്നത്. നാല് മാസം നീണ്ടുനിൽക്കുന്ന ലീഗിലെ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം നാളെ മലപ്പുറത്ത് വെച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്കെതിരെയാണ്.

ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്‌സ്, നവംബർ 2025 മുതൽ മാർച്ച് 2026 വരെ നീളുന്ന ലീഗ് സീസണിൽ ഏഴ് ശക്തരായ എതിരാളികളെയാണ് നേരിടുക. ഗോകുലം കേരള എഫ്‌സി, ബെംഗളൂരു എഫ്‌സി, കിക്ക്സ്റ്റാർട്ട് എഫ്‌സി, ആൽക്കെമി ഇന്റർനാഷണൽ എഫ്‌എ, സൗത്ത് യുണൈറ്റഡ് എഫ്‌സി, എസി മിലാൻ അക്കാദമി കേരള, മുത്തൂറ്റ് ഫുട്ബോൾ അക്കാദമി എന്നിവരാണ് ഗ്രൂപ്പ് ഇ-യിലെ മറ്റ് ടീമുകൾ. ഓരോ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടുന്ന ഈ ടൂർണമെൻ്റിൽ, മുന്നോട്ടുള്ള പ്രയാണത്തിന് ടീമിന്റെ സ്ഥിരത നിർണ്ണായകമാണ്.

രാജ്യത്തെ മികച്ച അക്കാദമി കളിക്കാരെ പ്രൊഫഷണൽ ഫുട്ബോളിനായി ഒരുക്കുന്ന ഇന്ത്യയുടെ മുൻനിര യുവ ടൂർണമെൻ്റാണ് AIFF U-18 എലൈറ്റ് ലീഗ്. യുവ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന മത്സരതീവ്രതയുള്ള സാഹചര്യങ്ങളുമായി പരിചയപ്പെടാനും, യുവ ഫുട്ബോളും സീനിയർ തല മത്സരങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനും ഈ മത്സരങ്ങൾ യുവതാരങ്ങളെ സഹായിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി U-18 ടീമിന്റെ ഹോം മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ വെച്ചായിരിക്കും നടക്കുക. ആദ്യ ഹോം മത്സരം ഡിസംബർ 23 ന് എസി മിലാൻ അക്കാദമി കേരളയ്ക്ക് എതിരെയാണ്. ബ്ലാസ്റ്റേഴ്സ് പ്രതിഭകളുടെ അടുത്ത നിര ശ്രദ്ധാകേന്ദ്രമാകുമ്പോൾ, ആരാധകർക്ക് ആവേശകരമായ ഒരു യുവ ഫുട്ബോൾ സീസൺ പ്രതീക്ഷിക്കാം.

ഗോൾകീപ്പർമാർ: ഷെയ്ഖ് ജാവേദ്, ജിതിൻ
പ്രതിരോധനിര: ഹസീബ്, ജോയൽ, ജിഫി, ദേവൻ, ഷാമിൽ, ജാക്സൺ, ഷഹീബ്

മധ്യനിര: അനസ്, രാജുൽ, ശ്രീശാന്ത്, ഋഷാൻ, അൽഫോൺസ്, ആൻ്റണി, അഫ്നാസ്

മുന്നേറ്റനിര: എഫ്. ലാൽഡിൻസംഗ, എഹ്സാൻ, മിഷാൽ, ഹുസൈൻ, അമൽ, ജീവൻ, റൊണാൾഡ്, ദേവർഷ്

Exit mobile version