Picsart 25 11 24 09 03 29 201

ലയണൽ മെസ്സിക്ക് 1 ഗോളും 3 അസിസ്റ്റും, ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ



2025-ലെ എംഎൽഎസ് ഈസ്‌റ്റേൺ കോൺഫറൻസ് സെമിഫൈനലിൽ എഫ്‌സി സിൻസിനാറ്റിക്കെതിരെ ഇന്റർ മയാമി സിഎഫ് ഒരു തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമായി മത്സരത്തിൽ നിറഞ്ഞു കളിച്ച ലയണൽ മെസ്സി, മിയാമിക്ക് 4-0ന്റെ നിർണ്ണായക വിജയം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സിൻസിനാറ്റിയുടെ ഹോം ഗ്രൗണ്ടായ ടിക്യുഎൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇന്റർ മിയാമി ആദ്യ അവസാനം വരെ കളിയിൽ ആധിപത്യം പുലർത്തി.


ഈ വിജയത്തോടെ ഇന്റർ മിയാമി അവരുടെ ചരിത്രത്തിലെ ആദ്യ ഈസ്‌റ്റേൺ കോൺഫറൻസ് ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിയെ ആകും അവർ നേരിടുക. മത്സരത്തിലെ നാല് ഗോളുകളിലും മെസ്സിയുടെ പങ്കാളിത്തം ഉണ്ടായിരുന്നു,


മത്സരത്തിന്റെ 19-ാം മിനിറ്റിൽ സഹതാരം മാറ്റിയോ സിൽവെറ്റിയുമായി നടത്തിയ മനോഹരമായ ‘ഗിവ് ആൻഡ് ഗോ’ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച ക്രോസിൽ നിന്നുള്ള ഹെഡ്ഡറിലൂടെ മെസ്സി ഇന്റർ മിയാമിക്കായി ആദ്യ ഗോൾ നേടി. അധികം വൈകാതെ, മെസ്സിയുടെ അസിസ്റ്റിൽ മാറ്റിയോ സിൽവെറ്റി നേടിയ ലോംഗ് റേഞ്ച് ഗോളിലൂടെ മിയാമി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ, ടാഡിയോ അല്ലെൻഡെ രണ്ട് ഗോളുകൾ കൂടി നേടി വിജയം ഉറപ്പിച്ചു. ഈ രണ്ട് ഗോളുകളും മെസ്സിയുടെ മികച്ച പാസുകളും വേഗത്തിലുള്ള കളി മാറ്റങ്ങളിലൂടെയുമാണ് പിറന്നത്.


ഒരു സീസണിലെ എം‌എൽ‌എസ് പ്ലേഓഫുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം (ആറ് ഗോളുകളും ആറ് അസിസ്റ്റുകളും ഉൾപ്പെടെ 12) എന്ന റെക്കോർഡും ഈ പ്രകടനത്തോടെ മെസ്സി സ്വന്തമാക്കി.

Exit mobile version