കൊച്ചി, ഡിസംബർ 1, 2025: എച്ച്.ഐ.വി./എയ്‌ഡ്‌സിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും എച്ച്.ഐ.വി. ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി., കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി (KSACS) സഹകരിക്കുന്നു. എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ലോക എയ്‌ഡ്‌സ് ദിനം.
ഈ വർഷത്തെ പ്രമേയമായ “പ്രതിസന്ധികളെ അതിജീവിച്ച് എയ്‌ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്” എന്നതിന് അനുസൃതമായി, എച്ച്.ഐ.വി. പ്രതിരോധത്തിൽ അവബോധവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനാണ് ഈ സഹകരണം.
കെ.എസ്.എ.സി.എസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന നിർവ്വഹിച്ചു. ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ സ്‌പോൺസർഷിപ്പ്, കൊമേഴ്‌സ്യൽ & റെവന്യൂ വിഭാഗം മേധാവി ശ്രീ. രഘു രാമചന്ദ്രൻ പങ്കെടുത്തു. അദ്ദേഹം ഔദ്യോഗിക സഹകരണ പ്രഖ്യാപനത്തിൽ പങ്കുചേർന്നു.
സംസ്ഥാനത്തെ എച്ച്.ഐ.വി./എയ്‌ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങളിൽ കെ.എസ്.എ.സി.എസ് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 95-95-95 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കേരളം പ്രവർത്തിക്കുന്ന ഈ സുപ്രധാന ഘട്ടത്തിൽ, കെ.എസ്.എ.സി.എസും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യും തമ്മിലുള്ള ഈ പങ്കാളിത്തം പൊതുജന അവബോധം വർദ്ധിപ്പിക്കാനും, സാമൂഹിക വിവേചനം കുറയ്ക്കാനും, സർക്കാരിൻ്റെ നിലവിലുള്ള പ്രതിരോധ, പരിചരണ, ചികിത്സാ ശ്രമങ്ങൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. ക്ലബ്ബിന്റെ ശക്തമായ ആരാധക ബന്ധവും ഡിജിറ്റൽ സ്വാധീനവും ഉപയോഗിച്ച്, എച്ച്.ഐ.വി./എയ്‌ഡ്‌സ് നിയന്ത്രിക്കുന്നതിനുള്ള കേരളത്തിൻ്റെ ദൗത്യത്തിന് ഈ സഹകരണം മുന്നേറ്റം നൽകും. സംസ്ഥാനത്തുടനീളമുള്ള പൊതുജനാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തം.
- ഐപിഎൽ മിനി-ലേലം: 1,355 താരങ്ങൾ രജിസ്റ്റർ ചെയ്തു
- ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: നമീബിയയെ 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം
- യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിച്ചിന് ഗുരുതര പരിക്ക്; 5 മാസം വരെ പുറത്തിരിക്കാൻ സാധ്യത
- ദക്ഷിണാഫ്രിക്കൻ ടി20ഐ പരമ്പരയിൽ ബുംറ തിരിച്ചെത്താൻ സാധ്യത
- 26 മില്യൺ പൗണ്ടിന് കോണർ ഗാലഹറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാം