ഐ എഫ് എ ഷീൽഡ് കിരീടം വീണ്ടും റിയൽ കാശ്മീരിന്!!

റിയൽ കാശ്മീർ തുടർച്ചയായ രണ്ടാം വർഷവും ഐ എഫ് എ ഷീൽഡ് കിരീടം ഉയർത്തി. ഇന്ന് കൊൽക്കത്തയിൽ നടന്ന ഫൈനലിൽ ശ്രീനിധി ഡെക്കാനെ പരാജയപ്പെടുത്തി ആണ് റിയൽ കാശ്മീർ കിരീടത്തിൽ മുത്തമിട്ടത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റിയൽ കാശ്മീരിന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ 29ആം മിനുട്ടിൽ ഡേവിഡ് മുനോസ് ശ്രീനിധിക്ക് ലീഡ് നൽകിയത്. 93ആം മിനുട്ടിൽ ആണ് റിയൽ കാശ്മീർ സമനില കണ്ടെത്തിയത്. എക്സ്ട്രാ ടൈമിൽ ഒരു സെൽഫ് ഗോളിൽ അവർ വിജയവും നേടി.

സെമി ഫൈനലിൽ ഗോകുലം കേരളയെ പരാജയപ്പെടുത്തി ആയിരുന്നു കാശ്മീർ ഫൈനലിലേക്ക് എത്തിയത്.

ഐ എഫ് എ ഷീൽഡ്; ഗോകുലം സെമി ഫൈനലിൽ വീണു

ഐ എഫ് എ ഷീൽഡിൽ ഗോകുലത്തിന് നിരാശ. കേരള ക്ലബ് സെമി ഫൈനലിൽ പരാജയപ്പെട്ടു. ഇന്ന് റിയൽ കാശ്മീരിനെ സെമിഫൈനലിൽ നേരിട്ട ഗോകുലം കേരള ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ 30 മിനുട്ടുകളിൽ തന്നെ റിയൽ കാശ്മീർ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 23ആം മിനുട്ടിൽ റൊബേർട്സണും 30ആം മിനുട്ടിൽ തോയ് സിങും ആണ് കാശ്മീരിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം റൊണാൾഡ് സിങ് ഒരു ഗോൾ ഗോകുലത്തിനായി മടക്കി എങ്കിലും അതിനപ്പുറം ഗോകുലത്തിന്റെ പോരാട്ടം ഉണ്ടായില്ല.

റിയൽ കാശ്മീർ ആണ് നിലവിലെ ഐ എഫ് എ ഷീൽഡ് ചാമ്പ്യന്മാർ. ഫൈനലിൽ അവർ ശ്രീനിധി ഡെക്കാനെ ആകും നേരിടുക. ഇന്ന് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 2-1 എന്ന സ്കോറിനെ റെയിൽവേയെ ആണ് ശ്രീനിധി പരാജയപ്പെടുത്തിയത്.

ഫൈനൽ തേടി ഗോകുലം ഇന്ന് റിയൽ കാശ്മീരിന് എതിരെ

കൊൽക്കത്ത, ഡിസംബർ 11 : ഗോകുലം കേരള എഫ് സി റിയൽ കാശ്മീരിനെ ഐ എഫ് എ ഷീൽഡ് സെമിഫൈനലിൽ നേരിടും. ഞായറാഴ്ച 1 30 നു കല്യാണി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് എസ് സിക്ക് എതിരെ 2 -0 പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഗോകുലത്തിന്റെ വിജയം. റിയൽ കാശ്മീർ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ 1 -0 തോല്പിച്ചാണ് സെമിഫൈനൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷത്തെ ഐ എഫ് എ ഷീൽഡ് ജേതാക്കളാണ് റിയൽ കാശ്മീർ.

“റിയൽ കാശ്മീർ വളരെ ശക്തമായ ടീമാണ്. പക്ഷെ നമ്മുടെ കളിക്കാർ എല്ലാവരും വളരെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്ഷം ഗോകുലത്തിനു ഗ്രൂപ്പ് സ്റ്റേജിൽ പുറത്തു പോകേണ്ടി വന്നു. എന്നാൽ ഈ പ്രാവശ്യം കപ്പ് നേടുക തന്നെയാണ് ലക്‌ഷ്യം,” ഗോകുലം കോച്ച് വിൻസെൻസോ അന്നീസ്‌ പറഞ്ഞു.

ഗോകുലം കേരള ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

ഐ എഫ് എ ഷീൽഡ് ക്വാർട്ടറിൽ യുണൈറ്റഡ് സ്പോർടിനെ മറികടന്ന് ഗോകുലം കേരള സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഗോകുലം യുണൈറ്റഡ് സ്പോർടിനെ മറികടന്നത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് വിജയിക്കാൻ ഗോകുലത്തിനായി.

ഇനി സെമി ഫൈനലിൽ ഗോകുലം കേരള നിലവിലെ ചാമ്പ്യന്മാരായ റിയൽ കാശ്മീരിനെ നേരിടും. മറ്റൊരു സെമിയിൽ ശ്രീനിധി ഡെക്കാനും റെയിൽവേ എഫ് സിയുമാണ് നേർക്കുനേർ വരുന്നത്. ഡിസംബർ 12നാകും സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.

റെയിൽവേ എഫ് സി ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

റെയിൽവേ എഫ് സി ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ ക്ലബായ ആര്യനെ ആണ് റെയിൽവേ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റെയിൽവേസിന്റെ വിജയം. റെയിൽവേക്ക് ആയി തന്മോയ് ദാസ് ഇരട്ട ഗോളുകൾ നേടി വിജയ ശില്പി ആയി. 40ആം മിനുട്ടിലും 50ആം മിനുട്ടിലും ആയിരുന്നു തന്മോയ് ദാസിന്റെ ഗോളുകൾ. റെയിൽവേക്ക് മൊനൊതൊഷ് മജി 11ആം മിനുട്ടിൽ ലീഡ് നൽകിയിരുന്നു.

ഇനി സെമി ഫൈനലിൽ ഐ ലീഗ് ക്ലബായ ശ്രീനിധി ആയിരിക്കും റെയിൽവേ എഫ് സിയുടെ എതിരാളികൾ.

മൊഹമ്മദൻസ് വീണു, റിയൽ കാശ്മീർ ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

ഐ ലീഗ് ക്ലബായ റിയൽ കാശ്മീർ ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിനെ ആണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാശ്മീരിന്റെ വിജയം. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ലാൽഹവങ്കിമ ആണ് കാശ്മീരിന്റെ വിജയ ഗോൾ നേടിയത്. നിലവിലെ ഐ എഫ് എ ഷീൽഡ് ചാമ്പ്യന്മാരാണ് റിയൽ കാശ്മീർ. ഗോകുലവും യുണൈറ്റഡ് സ്പോർട്സും തമ്മിലുള്ള ക്വാർട്ടറിലെ വിജയികളെ ആകും കാശ്മീർ സെമിയിൽ നേരിടുക.

ശ്രീനിധി ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ ക്ലബായ ജോർജ്ജ് ടെലിഗ്രാഫിനെ ആണ് ശ്രീനിധി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ശ്രീനിധിയുടെ വിജയം. 70ആം മിനുട്ടിൽ ലാൽറൊമാവിയ ആണ് ശ്രീനിധിയുടെ വിജയ ഗോൾ നേടിയത്.

ഗോകുലം കേരള ഐ എഫ് എ ഷീൽഡ് ക്വാർട്ടറിൽ

ഐ എഫ് എ ഷീൽഡ് പ്രീക്വാർട്ടറിൽ പീർലസിനെ മറികടന്ന് ഗോകുലം കേരള ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ റഹീം ഒസുമാനുവിന്റെ ഇരട്ട ഗോളിന്റെ വലത്തിൽ ഗോകുലം കേരള എഫ്‌സി 2-1ന് ആണ് പീർലെസ് എസ്‌സിയെ കീഴ്പ്പെടുത്തിയത്. ഡിസംബർ 9ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജികെഎഫ്‌സി യുണൈറ്റഡ് എസ്‌സിയെ നേരിടും.

15-ാം മിനിറ്റിൽ അമിത് ടുഡുവിലൂടെ മലബാറിയബ്സിനെ ഞെട്ടിച്ചു പിയർലെസിന് ലീഡ് എടുത്തിരുന്നു. ആദ്യ പകുതിയിലെ ഗോൾ തിരിച്ചടിക്കാനുഅ ഗോകുലം ശ്രമങ്ങളെ ചെറുക്കാൻ കൊൽക്കത്ത ക്ലബ്ബിന് കഴിഞ്ഞു. രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ റഹീം ഒസുമാനുവാണ് ഗോകുലത്തിനായി സമനില ഗോൾ നേടിയത്.

ഇരുടീമുകളും വിജയ ഗോൾ നിശ്ചിത സമയത്ത് കണ്ടെത്തിയില്ല. തുടർന്ന് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് കടന്നു. എക്‌സ്‌ട്രാ ടൈമിന്റെ പത്താം മിനിറ്റിനുള്ളിൽ ജിതിനെ ബോക്‌സിനുള്ളിൽ പെർലെസ് ഡിഫൻഡർ ഫൗൾ ചെയ്തതിന് റഫറി പെനാൾട്ടി വിധിച്ചു. കിക്കെടുത്ത റഹീം പിഴവുകളൊന്നും വരുത്താതെ ഗോകുലം ക്വാർട്ടറിലെത്തുമെന്ന് ഉറപ്പിച്ചു.

ഐ എഫ് എ ഷീൽഡ്, ഗോകുലത്തിന് സമനില

ഐ എഫ് എ ഷീൽഡിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. ഇന്ന് ബി എസ് എസ് സ്പോർടിംഗിനെ നേരിട്ട ഗോകുലം 1-1 എന്ന സമനില ആണ് വഴങ്ങിയത്. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ ഗോകുലത്തിന്റെ ഒരു അബദ്ധം മുതലാക്കിയാണ് ബി എസ് എസ് ഗോൾ നേടിയത്. ഈ ഗോളിന് ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ മറുപടി നൽകാൻ ഗോകുലത്തിനായി. റഹീം ആണ് ഗോകുലത്തിന്റെ സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോകുലം വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കിദ്ദെർപൂരിന് എതിരെ വൻ വിജയം നേടിയിരുന്നു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കിദ്ദെർപൊറും സ്പോർടിംഗും ഏറ്റുമുട്ടും. ആ ഫലം അനുസരിച്ചാകും ഗോകുലം നോക്കൗട്ട് റൗണ്ടിൽ എത്തുമോ എന്ന് തീരുമാനമാവുക.

ഐ എഫ് എ ഷീൽഡ്; റിയൽ കാശ്മീരിന് തോൽവി

ഐ എഫ് എ ഷീൽഡിലെ നിലവിലെ ചാമ്പ്യന്മാരായ റിയൽ കാശ്മീരിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ കൽകറ്റ കസ്റ്റംസ് ആണ് റിയൽ കാശ്മീരിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് കസ്റ്റംസ് വിജയിച്ചത്. റബി ഹൻസഡ ആണ് കസ്റ്റംസിനായി വിജയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ റിയൽ കാശ്മീർ ഇന്ത്യൻ ആരോസിനെ തോൽപ്പിച്ചിരുന്നു. ഇനി ഡിസംബർ 1ന് ഇന്ത്യൻ ആരോസ് കസ്റ്റംസിനെ നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള ബി എസ് എസ് സ്പോർടിംഗിനെ നേരിടും.

ഐ എഫ് എ ഷീൽഡ്, ഹൈദരബാദിന് പരാജയത്തോടെ തുടക്കം

ഹൈദരബാദിന്റെ റിസേർവ്സ് ടീമിന് ഐ എഫ് എ ഷീൽഡിൽ പരാജയം. ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ആര്യൻ ക്ലബ്ബിനോട് 0-1 എന്ന തോൽവിയോടെ ആണ് ഹൈദരാബാദ് എഫ്‌സി ബി അവരുടെ ഗ്രൂപ്പ് ഘട്ട കാമ്പെയ്‌ൻ ആരംഭിച്ചത്. ഡിപ് സാഹയുടെ ഏക ഗോൾ ആര്യൻ ക്ലബ്ബിന് മൂന്ന് പോയിന്റു നൽകി. ഇനി നവംബർ 30ന് നൈഹാട്ടി സ്റ്റേഡിയത്തിൽ പിയർലെസ് എസ്‌സിയെ ഹൈദരാബാദ് നേരിടും. മലയാളി പരിശീലകൻ ഷമീൽ ആണ് ഹൈദരബാദ് റിസേർവ്സിന്റെ പരിശീലകൻ

സെവനപ്പുമായി ഗോകുലം കേരള ഐ എഫ് എ ഷീൽഡ് ആരംഭിച്ചു

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലത്തിന് ഐ എഫ് എ ഷീൽഡിൽ മികച്ച തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കിദ്ദെർപൂരിനെ നേരിട്ട ഗോകുലം എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലം ലീഡ് എടുത്തത്. ആദ്യ പകുതി 1-0ന് തന്നെ അവസാനിച്ചു. രണ്ടാം പകുതിയിൽ പക്ഷെ ഗോകുലം കൂടുതൽ അറ്റാക്ക് ചെയ്ത് കൊൽക്കത്തൻ ക്ലബിന്റെ വല നിറച്ചു.

റഹീം ഒസുമാനുവും റൊണാൾഡ് സിങും രണ്ടാം പകുതിയിൽ ഇരട്ട ഗോളുകളുമായി തിളങ്ങി. അഭിജിത്ത്, ബരെറ്റോ എന്നിവരും ഗോകുലത്തിനായി ഗോൾ നേടി. നവംബർ 29ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോകുലം ബി എസ് എസ് സ്പോർട്സിനെ നേരിടും.

Exit mobile version