Picsart 25 01 19 23 25 09 280

വനിതാ ലീഗ് ആദ്യ ജയം തേടി ഗോകുലം കേരള

കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിലെ ആദ്യ ജയം തേടി ഗോകുലം കേരളയുട ഇന്ന് കളത്തിലിറങ്ങുന്നു. കൊൽക്കത്തയിലെ ശ്രീഭൂമി എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ മൂന്നാം മത്സരം. ആദ്യ രണ്ട് മത്സരത്തിലും സമനില നേടിയ മലബാറിയൻസിന് ആദ്യ ജയമെന്ന മോഹത്തിലേക്കാണ് ബൂട്ട് കെട്ടുന്നത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഒഡിഷക്കെതിരേ 1-1നായിരുന്നു മത്സരം അവസാനിച്ചത്.

ബംഗളൂരുവിൽ കിക്സ്റ്റാർട്ട് എഫ്.സിക്കെതിരേ നടന്ന രണ്ടാം മത്സരത്തിലും 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. അതിനാൽ ഇന്ന് ജയിച്ചു കയറാൻ ഉറച്ചു തന്നെയാണ് ഗോകുലത്തിന്റെ പെൺ പുലികൾ എത്തുന്നത്. പ്രതിരോധത്തിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും മുന്നേറ്റത്തിലെ ഗോൾ ക്ഷാമമായിരുന്നു ജയം ഇല്ലാതിരിക്കാൻ കാരണം. ഇന്നത്തെ മത്സരത്തിൽ കൂടുതൽ ഗോൾ വരുന്നതിനുള്ള പരിശീലനവും പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം ഗ്രൗണ്ടിൽ കൃത്യമായി നടപ്പാക്കും പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. എതിരാളികൾ ദുർബലരാണെങ്കിലും പ്രതിരോധത്തിലൂന്നി ടീമിന്റെ സ്‌കോർ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എതിരാളിയെ ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് മത്സരത്തിൽ നിന്ന് രണ്ട് സമനില മാത്രമുള്ള ഗോകുലം കേരള പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. കളിച്ച രണ്ട് മത്സരത്തിലും തോറ്റ ശ്രീഭൂമി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇത്തവണ ആദ്യമായിട്ടാണ് ശ്രീഭൂമി ഇന്ത്യൻ വനിതാ ലീഗിൽ കളിക്കാനെത്തുന്നത്. മുന്നേറ്റനിരയിൽ ഉഗാൻ താരം ഫസീലയായിരുന്നു രണ്ടാം മത്സരത്തിൽ ഗോകുലത്തിന്റെ രക്ഷക്കെത്തിയത്. ഇന്നത്തെ മത്സരത്തിൽ ഗോകുലത്തിനായി താരം ഫോം നിലനിർത്തുമെന്നാണ് പ്രതീക്ഷ. ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന മത്സരം. എസ്.എസ്.ഇ. എൻ ആപിലൂടെ തൽസമയം വീക്ഷിക്കാം.

Exit mobile version